പത്തനംതിട്ട: മൊബൈൽ ഫോണിന്റെ ശല്യമില്ലാതെ ഒരു ദിവസം കഴിയാൻ ഉള്ള ഏക ഇടമായിരുന്നു ഗവി. മലയോരത്തിന്റെ മനോഹാരിതയും കോടമഞ്ഞ് കവചവും തീർക്കുന്ന ഗവി. നോട്ട് റീച്ചബിൾ ആയിരുന്ന ഗവി ഇതാ റീച്ചബിൾ ആകുന്നു. ഇവിടെ ബിഎസ്എൻഎൽ മൊബൈലിന് റേഞ്ച് വരുന്നു. ഒപ്പം 3 ജി ഇന്റർനെറ്റും. ആറു മാസത്തിനകം 4 ജി ഇന്റർനെറ്റും ലഭ്യമാകും. മുൻകൈ എടുത്തതാകട്ടെ ആന്റോ ആന്റണി എംപിയും.

ഗവി നിവാസികളുടെ ചിരകാല സ്വപ്നമായ മൊബൈൽ കവറേജും ഇന്റർനെറ്റും യാഥാർത്ഥ്യമാകുന്നതായി എംപി അറിയിച്ചു. മൊബൈൽ ടവറിന്റെ ഫൗണ്ടേഷൻ നിർമ്മാണം പൂർത്തീകരിച്ചു. ടവർ നിർമ്മാണത്തിനുള്ള മെറ്റീരിയലുകൾ ഗവിയിൽ എത്തിച്ചിട്ടുണ്ട്. തിങ്കൾ മുതൽ ടവറിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും. ഗവിയിൽ മൊബൈൽ കവറേജ് ലഭ്യമാക്കുന്നതിന് വേണ്ടി ടെലിഫോൺ അഡൈ്വസറി കമ്മിറ്റിയിൽ നിരവധി തവണ ആവശ്യം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് മൊബൈൽ കവറേജും ഇന്റർനെറ്റും ലഭ്യമാക്കാൻ സാധിച്ചതെന്ന് എംപി പറഞ്ഞു.

സാധാരണക്കാരായ ആളുകൾ മാത്രം താമസിക്കുന്ന ഗവിയിൽ 150 ഓളം കുടുംബങ്ങളാണ് ഇവിടെ അധിവസിക്കുന്നത്. രണ്ട് കെ.എസ്.ആർ.ടി.സി സർവീസ് ഒഴിച്ചാൽ ദൈനംദിന ആവശ്യങ്ങൾക്ക് പുറത്തു കടക്കുക എന്നത് വളരെ പ്രയാസകരമാണ്. ഇത്തരം ജീവിത രീതിയോട് ഇണങ്ങി ജീവിച്ച് ശീലിച്ച ഒരു കൂട്ടം ശ്രീലങ്കൻ വംശജരും ആദിവാസി ഗോത്രവിഭാഗത്തിലുള്ളവരും അടങ്ങുന്ന ചെറിയ ജനക്കൂട്ടത്തിന്റെ ചിരകാല സ്വപ്നമായിരുന്നു മൊബൈൽ കവറേജ്.

കോവിഡ് മഹാമാരി നാടിനെ നാലു ചുവരുകൾക്കുള്ളിൽ ഇരുത്തിയപ്പോഴും വിദ്യാഭ്യാസ സംവിധാനങ്ങൾ മുഴുവൻ ഓൺലൈൻ ആയി മാറിയപ്പോഴും ഗവിയിലെ കുഞ്ഞുങ്ങൾക്ക് അപ്രായോഗികമായിരുന്നു അത്. കുട്ടികൾ മൊബൈൽ കവറേജ് തേടി ഉൾവനത്തിലെ മലമുകളിലേക്ക് കയറി പോയി. ആ സമയത്ത് വന്യമൃഗങ്ങളുടെ ആക്രമണത്തിൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
വളരെ പരിമിതമായ സൗകര്യങ്ങളാണ് ഗവി ്രൈടബൽ സ്‌കൂളിൽ ഉള്ളത്.

പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനായി ഈ സ്‌കൂളിൽ കമ്പ്യൂട്ടറുകളും പ്രിന്ററും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിനും ഫർണിച്ചറുകൾ വാങ്ങുന്നതിനും പണം അനുവദിച്ചതായി എംപി പറഞ്ഞു. വേണ്ട വിധത്തിലുള്ള ടെലി കമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ ഇല്ലാത്തതുകൊണ്ട് തന്നെ കെഎസ്ഇബിയിലും, കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷനിലും ശബരിമല തീർത്ഥാടന സമയത്തുകൊച്ചുപമ്പയിൽ ഡ്യൂട്ടി ചെയ്യുന്ന ഉദ്യോഗസ്ഥരും മറ്റുള്ളവരും വളരെ പ്രയാസം അനുഭവിച്ചിരുന്നു.

ഗവിയിലെ ചെറിയ ജനസമൂഹത്തിലെ കുഞ്ഞുങ്ങൾക്ക് ആധുനിക ലോകത്തേക്കുള്ള ആദ്യപടിവാതിൽ എന്നവണ്ണം ഇന്റർനെറ്റിന്റെയും ടെലി കമ്മ്യൂണിക്കേഷന്റെയും നൂതന സാധ്യതകൾ തുറന്നു കൊടുത്തുകൊണ്ട് ബിഎസ്എൻഎൽ 2ജി, 3ജി സർവീസുകൾ ഇപ്പോൾ ആരംഭിക്കും. ആറുമാസത്തിനുള്ളിൽ 4ജി സർവീസിലേക്ക് മാറുമെന്നും ഏതാണ്ട് അഞ്ച് കിലോമീറ്റർ ചുറ്റളവിനുള്ളിൽ പൊന്നമ്പലമേട് ഉൾപ്പെടെ മൊബൈൽ കവറേജും ഇന്റർനെറ്റും ലഭ്യമാകുന്ന വിധത്തിലാണ് ടവർ നിർമ്മിക്കുന്നതെന്നും എംപി പറഞ്ഞു.