ബെംഗളൂരു: സ്വാതന്ത്ര്യ സമര സേനാനി വി ഡി സവർക്കറെ കുറിച്ചുള്ള എട്ടാം ക്ലാസ് കന്നഡ (രണ്ടാം ഭാഷ) പാഠപുസ്തകത്തിലെ ഒരു ഖണ്ഡിക സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. രോഹിത് ചക്രതീർത്ഥയുടെ സമിതിയാണ് ഈ പുസ്തക പാഠം പരിഷ്‌കരിച്ചത്. സവർക്കറെ മഹത്വവൽക്കരിക്കുന്നതിന്റെ പേരിൽ പ്രസ്തുത ഖണ്ഡിക ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്. കർണാടക ടെക്സ്റ്റ് ബുക്ക് സൊസൈറ്റിക്ക് (കെടിബിഎസ്) ഇതുമായി ബന്ധപ്പെട്ട് മൂന്നോളം പരാതികൾ ലഭിച്ചതായി റിപ്പോർട്ട്.

രചയിതാവ് കെ.ടി.ഗാട്ടിയുടെ 'രക്തഗ്രൂപ്പ്' എന്ന പാഠഭാഗത്തിന് പകരം 'കളവന്നു ഗേദവരു' എന്ന പാഠഭാഗമാണ് ചക്രതീർത്ഥ കമ്മിറ്റി നൽകിയത്. ഈ പാഠം അടിസ്ഥാനപരമായി ഒരു യാത്രാവിവരണമാണ്. സവർക്കറെ തടവിലാക്കിയ ആൻഡമാൻ സെല്ലുലാർ ജയിലിൽ തന്റെ സന്ദർശനവേളയിലെ അനുഭവങ്ങളെയാണ് എഴുത്തുകാരൻ വിവരിക്കുന്നത്.

ജയിലിൽ കിടന്നിട്ടും സവർക്കർ ബുൾബുൾ പക്ഷികളുടെ സഹായത്തോടെ ജയിലിൽ നിന്ന് പറന്ന് തന്റെ മാതൃരാജ്യം സന്ദർശിക്കാറുണ്ടായിരുന്നുവെന്ന് എഴുത്തുകാരൻ കാവ്യാത്മകമായി പറയുന്നു. സവർക്കറെ പാർപ്പിച്ച ജയിൽ മുറിയിൽ ഒരു താക്കോൽ ദ്വാരം പോലുമില്ലായിരുന്നു. പക്ഷേ, എവിടെ നിന്നോ ബുൾബുൾ പക്ഷികൾ മുറി സന്ദർശിക്കാറുണ്ടായിരുന്നു. സവർക്കർ എല്ലാ ദിവസവും മാതൃഭൂമി സന്ദർശിക്കാൻ ചിറകിൽ ഇരുന്നു പുറത്തേക്ക് പറന്നു എന്നും ഖണ്ഡികയിൽ വിവരിക്കുന്നു.

പ്രശസ്ത കന്നട നോവലിസ്റ്റ് ആയ കെ ടി ഗട്ടിയുടെ അതിപ്രശസ്തമായ ബ്ലഡ് ബാങ്ക് എന്ന വിദ്യാർത്ഥികൾ വലിയ രീതിയിൽ സ്വാധീനം ചെലുത്തിയിരുന്നു. ഇംഗ്ലീഷിലും കന്നഡയിലുമായി നൂറോളം പുസ്തകങ്ങൾ ഇദ്ദേഹം രചിച്ചിരുന്നു. ഇതിന് പകരമാണ് സവർക്കരുടെ ആരാധകർ പോലും തിരസ്‌കരിക്കുന്ന ഇത്തരത്തിലുള്ള കെട്ടുകഥയുമായി പാഠപുസ്തകം ഇറങ്ങിയിരിക്കുന്നത്.

വിവാദത്തിൽ സ്‌കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് മന്ത്രി നാഗേഷിന്റെ പ്രതികരണം ഇങ്ങനെയാണ്: ''സവർക്കർ മികച്ച സ്വാതന്ത്ര്യ സമര സേനാനിയാണ്. എത്ര മഹത്വപ്പെടുത്തിയാലും അത് അദ്ദേഹത്തിന്റെ ത്യാഗത്തിന് പര്യാപ്തമല്ല. ആ പാഠത്തിൽ എഴുത്തുകാരൻ വിവരിച്ച കാര്യങ്ങൾ കൃത്യമാണ് അതുകൊണ്ട് തന്നെ വിവാദങ്ങളും കാര്യമാക്കുന്നില്ല'.