തിരുവനന്തപുരം: ധനമന്ത്രിയോട് ഗവർണ്ണർക്ക് പ്രീതി തിരിച്ചെത്തിയോ? വിദേശ മദ്യത്തിന് 4% വിൽപന നികുതി വർധിപ്പിക്കാനുള്ള പൊതു വിൽപനനികുതി നിയമ ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിക്കുന്നതിനു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുമതി നൽകി. ധനമന്ത്രിയോട് പ്രീതിയില്ലെന്ന് മുഖ്യമന്ത്രിയെ ഗവർണ്ണർ നേരത്തെ അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ ധനമന്ത്രിയുമായി ബന്ധപ്പെട്ട ഒന്നും ഗവർണ്ണർ ഒപ്പിടില്ലെന്ന് പൊതു വിലയിരുത്തലെത്തി. എ്ന്നാൽ ബില്ലിന് അനുമതി നൽകിയതോടെ പ്രതീതി വിവാദവും തീരുകയാണ്.

ശനിയാഴ്ച രാജ്ഭവനിലേക്ക് അയച്ച ബില്ലിന് ഇന്നലെ വൈകുന്നേരമാണ് ഗവർണർ അവതരണാനുമതി നൽകിയത്. ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കേണ്ട ബിൽ ആണിത്. ബാലഗോപാലിനോടുള്ള പ്രീതി പിൻവലിച്ച സാഹചര്യത്തിൽ ബില്ലിനു ഗവർണർ അനുമതി നിഷേധിക്കുമോ എന്ന് ആശങ്ക ഉണ്ടായിരുന്നു. നികുതി സംബന്ധിച്ച ബിൽ ആയതിനാൽ അവതരിപ്പിക്കുന്നതിനു മുൻപ് ഗവർണറുടെ അനുമതി വേണം. നേരത്തെ ഹൈക്കോടതിയുമായി ബന്ധപ്പെട്ട പെൻഷൻ ബില്ലിന് ഗവർണ്ണർ അനുമതി കൊടുത്തിരുന്നില്ല.

സർവ്വകലാശാല വിസിമാരെ മാറ്റാനുള്ള നടപടികൾ ഗവർണ്ണർ തുടങ്ങി കഴിഞ്ഞു. അതേസമയം, തങ്ങൾക്ക് അനുവദിച്ച ഹിയറിങ് തീയതിയിൽ മാറ്റം വരുത്തണമെന്ന് എംജി, സംസ്‌കൃത സർവകലാശാലാ വിസിമാർ ഗവർണറോട് അഭ്യർത്ഥിച്ചെങ്കിലും അദ്ദേഹം തീരുമാനം എടുത്തിട്ടില്ല. എല്ലാ വിസിമാരോടും 12ന് രാജ്ഭവനിൽ ഹിയറിങ്ങിന് എത്താനാണ് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്. അസൗകര്യം മൂലം തന്റെ ഹിയറിങ് ജനുവരിയിലേക്ക് മാറ്റണമെന്ന് എംജി വിസി ആവശ്യപ്പെട്ടിരുന്നു. സംസ്‌കൃത സർവകലാശാലാ വിസിക്കും അന്ന് അസൗകര്യമുണ്ട്. എന്നാൽ ഇക്കാര്യത്തിൽ നിയമോപദേശം തേടിയ ശേഷമേ ഗവർണർ തീരുമാനമെടുക്കൂ.

നേരിട്ട് എത്താൻ സാധിക്കാത്തവർക്ക് വിഡിയോ കോൺഫറൻസിലൂടെ പങ്കെടുക്കാം എന്ന നിലപാട് അദ്ദേഹം സ്വീകരിക്കാനും സാധ്യതയുണ്ട്. ഇന്നലെ രാത്രി ഏഴരയോടെ ഗവർണർ തിരുവനന്തപുരത്ത് മടങ്ങിയെത്തി. ഇനി ഫയലുകളെല്ലാം പരിശോധിച്ച് തീരുമാനമെടുക്കും. അതിവഗ തീരുമാനം അട്ടിമറിക്കാനാണ് വിസിമാർ ഹിയറിങ് മാറ്റാൻ ശ്രമിക്കുന്നത്. ഇത് ഗവർണ്ണർ അംഗീകരിക്കുമോ എ്ന്നതാണ് ഉയരുന്ന ചോദ്യം. സർക്കാറുമായുള്ളത് വ്യക്തിപരമായ തർക്കമല്ലെന്നും സർവകലാശാലകളിൽ മാനദണ്ഡങ്ങൾക്ക് അനുസൃതമായി കാര്യങ്ങൾ നടക്കണമെന്നും സ്വജനപക്ഷപാതമല്ല വേണ്ടതെന്നും ഗവർണർ പ്രതികരിച്ചിരുന്നു.

ചാൻസലറെ മാറ്റാനുള്ള ബിൽ കൊണ്ടു വന്നാലും ഗവർണ്ണർ ഒപ്പിടില്ല. യൂണിവേഴ്സിറ്റിയുടെ തലവൻ സർക്കാരല്ലെന്നും ചാൻസിലറാണെന്നും ബില്ല് കൊണ്ടുവന്നാൽ എന്താണ് സംഭവിക്കുകയെന്നും ചോദിച്ചിരുന്നു. വിഷയത്തിൽ യുജിസി മാനദണ്ഡങ്ങൾക്ക് അനുസരിച്ചേ കാര്യങ്ങൾ ചെയ്യാനാകൂവെന്നും വിദ്യാർത്ഥികളുടെ കാര്യത്തിൽ സർക്കാരിന് ആശങ്കയില്ലെന്നും പറഞ്ഞു. യുജിസി മാനദണ്ഡത്തിന് വിരുദ്ധമാണ് ബില്ലെങ്കിൽ അത് നിയമമാകില്ലെന്നും അധികാരമാണ് സർക്കാറിന്റെ ലക്ഷ്യമെന്നും പറഞ്ഞു.ബില്ലുകൾ കൊണ്ടുവരുന്നത് പാർട്ടി കേഡറുകളെ തൃപ്തിപ്പെടുത്താനാണെന്നും തങ്ങൾ പോരാടുന്നു എന്ന തോന്നൽ വരുത്താനാണ് ശ്രമമെന്നും പരിഹസിച്ചു. കണ്ണൂർ വിസി സ്ഥിരം കുറ്റവാളിയാണെന്നും മൂന്ന് പ്രാവിശ്യം വിസിക്കെതിരെ കോടതിയിൽ നിന്ന് വിധിയുണ്ടായെന്നും ഗവർണർ ആരോപിച്ചു.

വിഴിഞ്ഞം വിഷയം ശ്രദ്ധിക്കാൻ സർക്കാരിന് സമയമില്ലെന്നും അവർക്ക് സർവകലാശാലകളിൽ സ്വജന പക്ഷപാതമാണ് വേണ്ടതെന്നും ഗവർണർ വിമർശിച്ചിരുന്നു. സംസ്ഥാനത്ത് ക്രമസമാധാനപാലനം ഉറപ്പാക്കുന്നതിൽ സർക്കാർ പരാജയമാണെന്നും കുറ്റപ്പെടുത്തി. കെ. സുരേന്ദ്രനടക്കമുള്ളവരുടെ കേസിൽ ഇടപെട്ട് മുഖ്യമന്ത്രിക്ക് നൽകിയ കത്തിനെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. തനിക്ക് അത്തരം പല പരാതികളും കിട്ടാറുണ്ടെന്നും അത് മുഖ്യമന്ത്രിക്ക് കൈമാറിയതിൽ എന്താണ് തെറ്റെന്നും ആരിഫ് ഖാൻ ചോദിച്ചു.