തിരുവനന്തപുരം: പുറത്താക്കപ്പെടേണ്ടവരുടെ പട്ടികയിലാണ് എംജി സർവ്വകലാശാല വൈസ് ചാൻസലർ സാബു തോമസും. സാബു തോമസിനും രാജിവയ്ക്കണമെന്ന ഉപദേശം സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ഗവർണ്ണർ നൽകിയിരുന്നു. എന്നാൽ മലയാള സർവകലാശാല വൈസ് ചാൻസലറുടെ ചുമതല എംജി സർവകലാശാല വൈസ് ചാൻസലർ സാബു തോമസിനു നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉത്തരവിറക്കുമ്പോൾ അത് പുതിയ ചർച്ചയാകുകയാണ്.

വിസി സ്ഥാനത്തേക്കു സർക്കാർ നൽകിയ മൂന്നു പേരുകൾ തള്ളിയാണു ഗവർണറുടെ നടപടി. മലയാള സർവകലാശാല നിയമത്തിന്റെ 29ാം വകുപ്പിലെ ഒൻപതാം ഉപവകുപ്പ് പ്രകാരമാണ് നടപടിയെന്നു ഗവർണറുടെ ഉത്തരവിൽ വ്യക്തമാക്കി. സർക്കാരുമായി ഒത്തുതീർപ്പിനില്ലെന്ന സന്ദേശമാണ് ഗവർണ്ണർ നൽകുന്നത്. അതുകൊണ്ടാണ് സ്വന്തം ഇഷ്ടപ്രകാരമുള്ള നിയമനം. സാബു തോമസും പുറത്താക്കേണ്ട വിസിമാരുടെ പട്ടികയിലുണ്ടെങ്കിലും ഗവർണ്ണറുടെ പുകഴ്‌ത്തലിന് വിധേയനായ വിസിയാണ്. രാജ്ഭവനുമായി നല്ല ബന്ധം എംജി വിസിക്കുണ്ട്.

മലയാള സർവ്വകലാശാലയിലേക്ക് യുവജന കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോമിന്റെ 'വാഴക്കുല' പ്രബന്ധ വിവാദത്തിൽപെട്ട ഇംഗ്ലിഷ് പ്രഫസർ ഉൾപ്പെടെ മൂന്നു പേരെയാണു സർക്കാർ ശുപാർശ ചെയ്തത്. ചിന്തയുടെ ഗൈഡ് ആയിരുന്ന കേരള സർവകലാശാലാ മുൻ പ്രോ വൈസ് ചാൻസലറും ഇംഗ്ലിഷ് പ്രഫസറുമായ ഡോ.പി.പി.അജയകുമാർ, സംസ്‌കൃത സർവകലാശാലയിലെ മലയാളം പ്രഫസർ ഡോ.വത്സലൻ വാതുശേരി, കേരള സർവകലാശാലയിലെ സംസ്‌കൃതം പ്രഫസർ ഡോ.ഷൈല എന്നിവരാണു പട്ടികയിലുണ്ടായിരുന്നത്. ഈ പട്ടികയാണു തള്ളിയത്.

നേരത്തേ കാലിക്കറ്റ് വിസിക്കു മലയാള സർവകലാശാലയുടെ ചുമതല നൽകണമെന്നു സർക്കാർ ശുപാർശ ചെയ്തിരുന്നെങ്കിലും അദ്ദേഹത്തിനു ഗവർണർ കാരണം കാണിക്കൽ നോട്ടിസ് നൽകിയതിനാൽ പിൻവലിക്കുകയായിരുന്നു. സാബു തോമസിനും ഇതേ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. നടപടികളും പുരോഗമിക്കുന്നു. എന്നിട്ടും സാബുവിന് അധിക ചുമതല കൈമാറിയത് ഏവരേയും അമ്പരപ്പിച്ചിട്ടുണ്ട്. രാജിവെക്കണമെന്ന ഗവർണറുടെ അന്ത്യശാസനത്തോട് പ്രതികരിക്കാനില്ലെന്ന് പറഞ്ഞ വിസിയാണ് ഡോ. സാബു തോമസ്.

മലയാള സർവ്വകലാശാല വിസിയായിരുന്ന ഡോ. അനിൽ വള്ളത്തോൾ കാലാവധി പൂർത്തിയാക്കിയ ഒഴിവിലാണ് സാബു തോമസിന് ചുമതല നൽകിയത്. മലയാളം സർവകലാശാലയിലേക്ക് അഞ്ചംഗ സെർച്ച് കമ്മിറ്റി സർക്കാർ ശുപാർശ ചെയ്തത് ഗവർണറുമായുള്ള ഏറ്റുമുട്ടലിന് വഴിവെച്ചിരുന്നു. ഗവർണർ ഇതുവരെ ഒപ്പിടാത്ത് സർവകലാശാല ഭേദഗതി ബില്ലിലെ വ്യവസ്ഥയാണ് അഞ്ചംഗ സെർച്ച് കമ്മിറ്റി. ഏത് നിയമമനുസരിച്ച് ആണ് സെർച്ച് കമ്മിറ്റി രൂപീകരിച്ചതെന്ന ഗവർണറുടെ ചോദ്യത്തിന് സർക്കാർ മറുപടി നൽകിയിട്ടില്ല.

പുതിയ വിസി നിയമനത്തിനായി സർക്കാർ പ്രതിനിധിയെ ആവശ്യപ്പെട്ട് രാജ്ഭവൻ ഒക്ടോബറിൽ കത്ത് നൽകിയിരുന്നു. എന്നാൽ മറുപടി നൽകാതെ സർക്കാർ ഗവർണ്ണറെ മറികടക്കാനാണ് ശ്രമിച്ചത്. സർച്ച് കമ്മിറ്റി അംഗങ്ങളുടെ എണ്ണം അഞ്ചാക്കി ഗവർണ്ണറുടെ അധികാരം കുറക്കുന്ന ബിൽ പാസ്സാക്കിയ സർക്കാർ അതനുസരിച്ച് നിയമനത്തിന് നീക്കം തുടങ്ങി. ജനുവരി 18ന് ചാൻസ്‌ളറുടെ നോമിനിയെ നൽകാനാവശ്യപ്പെട്ട് സർക്കാർ കത്ത് നൽകി. പുതിയ ബില്ലിനും ഗവർണ്ണർ അംഗീകാരം നൽകാത്ത കാര്യം ചൂണ്ടിക്കാട്ടിയ ഉദ്യോഗസ്ഥരെ മറികടന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി തന്നെ മുൻകയ്യെടുത്താണ് നിയമനത്തിന് ശ്രമം തുടങ്ങിയതെന്ന ഫയലുകൾ പുറത്തുവന്നിരുന്നു.

സർക്കാർ കത്തിനോട് രാജ്ഭവൻ പ്രതികരിച്ചിരുന്നില്ല. വീണ്ടും കഴിഞ്ഞ ദിവസം നോമിനിയെ ആവശ്യപ്പെട്ടതിലാണ് ഗവർണ്ണർ രോഷാകുലനായത്. ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടിയെന്ന് ചോദിച്ചാണ് ഉന്നതവിദ്യാഭ്യാസമന്ത്രിക്ക് മറുപടി നൽകിയത്. നിലവിലെ നിയമം അനുസരിച്ച് യൂജിസി പ്രതിനിധിയുള്ള മൂന്ന് അംഗ കമ്മിറ്റിയിലേക്ക് സർക്കാർ പ്രതിനിധിയെ ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്നും കത്തിൽ ഗവർണ്ണർ ഉന്നയിച്ചിരുന്നു. അഞ്ചംഗ സെർച്ച് കമിറ്റിക്ക് നിയമപ്രാബല്യമില്ലെന്നും ഗവർണ്ണർ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് ഗവർണറുടെ പുതിയ നീക്കം.