കാസർകോട്: സംസ്ഥാനത്തെ ലക്ഷക്കണക്കിന് സാധാരണക്കാരുടെ ആരോഗ്യത്തെ ബാധിക്കുന്ന രീതിയിലേക്ക് താളം തെറ്റിയിരിക്കുകയാണ് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി. സംസ്ഥാനത്തെ ദരിദ്രരും ദുർബലരുമായ കുടുംബങ്ങളിലെ ഏകദേശം 64 ലക്ഷത്തോളം ഗുണഭോക്താക്കൾക്ക് ആശുപത്രി ചികിത്സക്കായി കേന്ദ്ര- സംസ്ഥാന ആരോഗ്യ സുരക്ഷാ പദ്ധതികൾ സംയോജിപ്പിച്ച് നടപ്പിലാക്കിയ കാസ്പ് പദ്ധതിയിൽ പ്രതിവർഷം അഞ്ച് ലക്ഷം രൂപയാണ് നൽകുന്നത്.

ഈ പദ്ധതിയുടെ പ്രധാനപ്പെട്ട സേവന വിഭാഗമാണ് സ്വകാര്യ ആശുപത്രികളെങ്കിലും കാസർകോട്, കണ്ണൂർ, മലപ്പുറം, കോഴിക്കോട് തുടങ്ങിയ ജില്ലകളിലെ പ്രധാനപ്പെട്ട ആശുപത്രികളിൽ പലതും ഡോക്ടർ ഇല്ല തുടങ്ങി നിരവധി കാരണങ്ങൾ ചൂണ്ടികാട്ടി രോഗികളെ മടക്കി അയക്കുകയാണ്. എന്നാൽ ചില ആശുപത്രികൾ പദ്ധതിയിൽ ചികിത്സിക്കാൻ തയ്യാറാകുമെങ്കിലും ഇൻഷുറൻസ് കാർഡിനോടൊപ്പം കൂടുതൽ പണവും ഈടാക്കുന്നതായും പറയപ്പെടുന്നു.

ആരോഗ്യകാർഡിൽ 35,000 രൂപ നൽകേണ്ട ഓപ്പറേഷന് പതിനയ്യായിരം രൂപ മുതൽ 20,000 രൂപ അധികമായി ആശുപത്രിയിൽ നൽകുകയാണെങ്കിൽ ഇൻഷുറൻസ് കാർഡിനൊപ്പം ചികിത്സിക്കാമെന്ന് ആശുപത്രിയിൽ അധികൃതർ അറിയിക്കുകയാണ്. എന്നാൽ അധികമീടാക്കുന്ന തുകയ്ക്ക് യാതൊരുവിധ രേഖകളും ഇവർ നൽകുന്നില്ലെന്ന് മാത്രമല്ല ചികിത്സയുമായി ബന്ധപ്പെട്ട പല രേഖകളും ആശുപത്രി അധികൃതർ രോഗിയിൽ നിന്നും മറച്ചുവെക്കുകയും ചെയ്യും. മറ്റ് വഴികളില്ലാത്തതുകൊണ്ട്, ഇത്തരം ചൂഷണങ്ങൾക്ക് രോഗികൾ അറിഞ്ഞുകൊണ്ട് തന്നെ ഇരയായി മാറുകയാണ്. എന്നാൽ ആശുപത്രി അധികൃതർ പറയുന്നത് കാസ്പ് പദ്ധതി പ്രകാരം കുടിശിക വർധിച്ചതിനാൽ മറ്റു വഴികൾ ഇല്ല എന്നാണ് .

360 കോടിയോളം രൂപ കുടിശ്ശിക ആയതോടുകൂടി പല സ്വകാര്യ ആശുപത്രികളും കാരുണ്യ സേവനത്തിൽ നിന്നും പിന്മാറുകയാണ്. കാസ്പ് പദ്ധതി പ്രകാരം അഞ്ച് ലക്ഷം രൂപ വരെ ചികിത്സക്കായി വിനിയോഗിക്കാം. ഒരു കുടുംബത്തിലെ മുഴുവൻ വ്യക്തികൾക്കോ അല്ലെങ്കിൽ ഒരു വ്യക്തിക്കു മാത്രമായോ ഈ പദ്ധതിയിലൂടെ സഹായം ലഭിക്കും. കുടുംബാംഗങ്ങളുടെ പ്രായ പരിധിയോ കുടുംബാംഗങ്ങളുടെ എണ്ണമോ ഒന്നും ഈ പദ്ധതിയുടെ മാനദണ്ഡമല്ല. പദ്ധതിയിൽ അംഗമാകുന്ന ഏതൊരു വ്യക്തിക്കും മുൻഗണന മാനദണ്ഡങ്ങളില്ലാതെ ചികിത്സ സഹായം ലഭിക്കുമെന്നതാണ് കാസ്പിനെ മറ്റ് ആരോഗ്യ സുരക്ഷാ പദ്ധതിയിൽ നിന്ന് വേറിട്ട് നിർത്തിയിരുന്നത്. എന്നാൽ കുടിശ്ശിക വർദ്ധിച്ചതോടുകൂടി കാരുണ്യ പദ്ധതിയുടെ ഭാഗമായി ചികിത്സ ഉണ്ടാകില്ല എന്ന് മിക്ക സ്വകാര്യ ആശുപത്രികളും പറയാത്ത പറയുന്നത് .

പദ്ധതിയിൽ നിന്ന് ആശുപത്രികൾ പിന്മാറുമെന്ന് 2023 ഒക്ടോബർ മാസം സർക്കാരിനെ അറിയിച്ചതോടെ 104 കോടി ആശ്വാസമെന്ന നിലയിൽ സർക്കാർ നൽകിയിരുന്നു. തുടർന്ന് മാസങ്ങൾ പിന്നിട്ടെങ്കിലും മറ്റ് നടപടികൾ ഉണ്ടായില്ല എന്നാണ് സ്വകാര്യ ആശുപത്രി അധികൃതരിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. മിക്ക ആശുപത്രികൾക്കും ഒരു വർഷം മുതൽ ആറ് മാസം വരെയുള്ള പണം കിട്ടാനുണ്ട്.

കേന്ദ്രവിഹിതം കൃത്യമായി കിട്ടാത്തത് മുതൽ, സഹായം കിട്ടുന്നവരുടെ എണ്ണം വർധിച്ചത് വരെയുള്ള കാരണങ്ങളാണ് ആരോഗ്യവകുപ്പ് വിശദീകരിക്കുന്നത്. എന്നാൽ കേന്ദ്രസർക്കാർ വിഹിതം വാങ്ങിച്ചെടുക്കേണ്ട ജോലി സ്വകാര്യ ആശുപത്രികൾക്ക് അല്ലെന്നും കേന്ദ്ര പദ്ധതിയായ ആയുഷ്മാൻ ഭാരത് പ്രധാന്മന്ത്രി ജൻ ആരോഗ്യ യോജന പദ്ധതിയുമായി നേരിട്ട് അല്ല ഞങ്ങൾ കരാർ വെച്ചിരിക്കുന്നതൊന്നും ആർ.എസ്.ബി.വൈ, സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി, കേരള സർക്കാർ പദ്ധതിയായ ചിസ്, ആർ.എസ്.ബി.വൈ / ചിസ് കുടുംബങ്ങളിലെ 60 വയസിനും അതിനു മുകളിലും പ്രായമുള്ളവർക്കായുള്ള സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ എസ്.ചിസ്, ലോട്ടറി വകുപ്പ് വഴി നടപ്പിലാക്കിയ ട്രസ്റ്റ് മോഡൽ പദ്ധതിയായ കരുണ്യ ബെനവലന്റ്ഫണ്ട് അഥവാ കെ.ബി.എഫ്, ആയുഷ്മാൻ ഭാരത് പ്രധാന്മന്ത്രി ജൻ ആരോഗ്യ യോജന (പി.എം.ജെ.വൈ) എന്നിവയെ കുഴച്ചു സാമ്പാർ രൂപത്തിലാക്കിയ കേരളത്തിന്റെ കാസ്പ് പദ്ധതി വഴിയാണെന്നും ആശുപത്രി അധികൃതർ പറയുന്നു.

പലതവണ കുടിശ്ശികയുമായി ബന്ധപ്പെട്ട വിവരങ്ങൾ സർക്കാരിനെ അറിയിച്ചിട്ടും നടപടിയുണ്ടാകാതെ വന്നതോടെയാണ് പദ്ധതിയിൽ നിന്ന് സ്വകാര്യ ആശുപത്രികൾ പിന്മാറേണ്ടി വരുന്നതെന്ന് ആശുപത്രി അധികൃതർ പറയുന്നു. പദ്ധതിയിൽ സ്വകാര്യ ആശുപത്രികളെ എംപാനൽ ചെയ്യുമ്പോൾ അവരുമായി ഏർപ്പെട്ട ധാരണ പ്രകാരം പണം കൈമാറേണ്ട സമയം പരമാവധി 15 ദിവസമാണ്. അതായത് കാസ്പ് പ്രകാരം ചികിത്സാ ആനുകൂല്യം നേടുന്നവർ ആശുപത്രിയിൽ നിന്ന് ചികിത്സ കഴിഞ്ഞ് ഡിസ്ചാർജ് ചെയ്യപ്പെട്ട് അടുത്ത 15 ദിവസത്തിനുള്ളിൽ അയാളുമായി ബന്ധപ്പെട്ട ചികിത്സാ ചെലവ് ആശുപത്രിക്ക് കൈമാറണമെന്നാണ് വ്യവസ്ഥ. പക്ഷെ മാസങ്ങളായി ഇത്തരത്തിൽ പദ്ധതിയുടെ ഭാഗമായതിന്റെ പേരിൽ സ്വകാര്യ ആശുപത്രികൾക്ക് കോടികളാണ് സർക്കാർ നൽകാനുള്ളത്.

സ്വകാര്യ ആശുപത്രികൾ കാരുണ്യ പദ്ധതിയിൽ നിന്നും പിന്മാറുമ്പോൾ സാധാരണക്കാർക്ക് സർക്കാർ ആശുപത്രികൾ ആശ്രയമാകും എന്ന് കരുതിയെങ്കിലും അവിടെയും കണക്കുകൾ തെറ്റുകയാണ്. സർക്കാർ മെഡിക്കൽ കോളേജുകൾക്കും പദ്ധതി പ്രകാരം നൽകാനുള്ളത് സ്വകാര്യ ആശുപത്രിക്ക് നൽകാനുള്ളതിനേക്കാൾ ഇരട്ടിയാണ്. അപകടത്തിൽ പരിക്കേൽക്കുന്നവർക്കുള്ള ഇംപ്ലാന്റുകളും ഹൃദ്രോഗ ചികിത്സക്കുള്ള ആൻജിയോപ്ലാസ്റ്റിക്ക് വേണ്ട സ്റ്റെന്റുകളും സർക്കാർ മെഡിക്കൽ കോളേജുകൾക്ക് നൽകുന്നത് സ്വകാര്യ ഏജൻസികളാണ്. വൻതുകയാണ് ഇത്തരം ഏജൻസികൾക്ക് മെഡിക്കൽ കോളേജുകൾ നൽകാനുള്ളത്. അതിനാൽ മുൻകൂർ പണം നൽകാതെ ഉപകരണങ്ങളും മരുന്നുകളും മറ്റും നൽകാൻ ഏജൻസികൾ തയ്യാറാകുന്നുമില്ല. അതുകൊണ്ട് തന്നെ കാരുണ്യ പദ്ധതി നേരിടുന്ന പ്രതിസന്ധി കൂടുതൽ ഗുരുതരമാകാനാണ് സാധ്യത.