കാസറകോട് /കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നടന്ന യൂത്ത് ലീഗ് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ അഞ്ചുപേർ അറസ്റ്റിൽ. വർഗീയ ചുവയുള്ള മെസ്സേജുകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുക്കും. അനാവശ്യമായി കറങ്ങി നടക്കുന്നവരെ മുൻകരുതലായി അറസ്റ്റ് ചെയ്യും. ജില്ലാ പൊലീസ് മേധാവി ഡോക്ടർ വൈഭവ് സക്സേന ഐ.പി.എസിന്റെ നേതൃത്വത്തിൽ കർശന നടപടികൾ സ്വീകരിച്ചു വരികയാണ്.

ഈ സംഭവത്തിൽ ഉൾപ്പെട്ട പ്രതികൾക്കെതിരെ ഉടൻ തന്നെ ജാമ്യം ഇല്ലാ വകുപ്പുകൾ പ്രകാരം കേസ് എടുത്തു. മുദ്രാവാക്യം വിളിച്ചു നൽകിയ യൂത്ത് ലീഗ് പ്രവർത്തകൻ അബ്ദുൽ സലാം അടക്കം അഞ്ചുപേരെയാണ് ഹോസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തത്. കല്ലുരാവി ചിറമ്മൽ ഹൗസിലെ ഹസ്സൈനാർ മകൻ അബ്ദുൽ സലാം (18), കല്ലുരാവി, കല്ലുരാവി ഹൗസ് ഷാഫി മകൻ ഷെരിഫ് (38), നിലേശ്വരം കാലിച്ചാനടുക്കം അൻവർ മൻസിലിൽ ഹമീദിന്റെ മകൻ ആഷീർ (25), ഇക്‌ബാൽ റോഡിലെ എ. പി. മൊയ്ദു മകൻ അയൂബ് പി.എച്ച് (45), പടന്നക്കാട് കാരക്കുണ്ടിലെ ഷംല മൻസിലെ അബുബക്കർ മകൻ പി.മുഹമ്മദ് കുഞ്ഞി (55) എന്നിവരാണ് അറസ്റ്റിൽ ആയത്

ഇന്നലെ നടത്തിയ മണിപ്പൂർ ഐക്യദാർഢ്യ റാലിയിലായിരുന്നു വിദ്വേഷ മുദ്രാവാക്യം വിളിച്ചത്.കണ്ടാൽ അറിയുന്ന മൂന്നൂറ് പ്രവർത്തകർക്കെതിരെയാണ്് പൊലീസ് കേസ് എടുത്തത്. മതവികാരം വ്രണപ്പെടുത്തൽ ഉൾപ്പടെയുള്ള വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ്. ബിജെപി മണ്ഡലം പ്രസിഡന്റിന്റെ പരാതിയിലാണ് നടപടി.

സംഭവത്തിന് പിന്നാലെ അബ്ദുൽ സലാമിനെ സംഘടനയിൽ നിന്നു പുറത്താക്കിയതായി സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ് അറിയിച്ചു. മുസ്ലിം ലീഗിന്റെ ആശയങ്ങൾക്കു വിരുദ്ധമായ രീതിയിലും അച്ചടിച്ചു നൽകിയ മുദ്രാവാക്യം മാറ്റിവിളിച്ചതിനുമാണ് ഇയാൾക്കെതിരെ നടപടിയെന്നു ഫിറോസ് വ്യക്തമാക്കി. അബ്ദുൽ സലാം ചെയ്തതു മാപ്പർഹിക്കാത്ത തെറ്റാണെന്നും ഫിറോസ് പ്രസ്താവനയിൽ അറിയിച്ചു.

സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൻ തോതിൽ പ്രചരിച്ചിരുന്നു. ബിജെപി വക്താവ് അമിത് മാളവ്യ അടക്കമുള്ളവർ വീഡിയോ ട്വിറ്ററിൽ പങ്കുവച്ചു. കേരളത്തിൽ ഹിന്ദുക്കളും ക്രിസ്ത്യാനികളും സുരക്ഷിതരാണോ?. പിണറായി വിജയന്റെ പിന്തുണയാണ് ഇവർക്ക് ഇതിന് ധൈര്യം നൽകുന്നതെന്നും അമിത് മാളവ്യ വീഡിയോ പങ്കുവച്ച് ട്വിറ്ററിൽ കുറിച്ചു. കേരളം പൂർണമായും മതമൗലികവാദത്തിന്റെ കേന്ദ്രമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ജില്ലയിൽ ഉടനീളം പൊലീസ് കർശനമായ സുരക്ഷ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയ വഴി വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന ആളുകളെ കണ്ടെത്താൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തി. വർഗീയചുവ ഉള്ള മെസ്സേജുകൾ പ്രചരിപ്പിക്കുന്ന ആളുകൾ ക്കെതിരെ ജാമ്യം ഇല്ലാ വകുപ്പുകൾ പ്രകാരം കേസ് എടുക്കും. ഗ്രൂപ്പുകളിൽ ഇത്തരം മെസ്സേജുകൾ പ്രചരിക്കുന്നത് കണ്ടാൽ ഗ്രൂപ്പ് അഡ്‌മിൻ മാരെ പ്രതി ചേർക്കും.

ഇന്ന് മുതൽ രാത്രി കാലങ്ങളിൽ കർശന വാഹന പരിശോധന ഉണ്ടാവും. അനാവശ്യമായി കറങ്ങി നടക്കുന്നവരെ മുൻകരുതൽ ആയി അറസ്റ്റ് ചെയ്യും. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശ പ്രകരം ഡി വൈ എസ് പി പി. ബാലകൃഷ്ണൻ നായർ. ഇൻസ്പെക്ടർ കെ പി ഷൈൻ. എസ ഐ രാജീവൻ എന്നിവരുടെ നേതൃത്വത്തിൽ ഉള്ള പൊലീസ് സംഘം ആണ് പ്രതികളെ അറസ്റ്റ് ചെയ്തത് .

അതേസമയം സാമൂഹ്യ മാധ്യമങ്ങൾ വഴി വർഗീയ വിദ്വേഷം ഉളവാക്കുന്ന സന്ദേശം പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് കാസർകോഡ് സൈബർ പൊലീസ് സ്റ്റേഷനിൽ ഇന്ന് ഒരു കേസ് രജിസ്റ്റർ ചെയ്തു. പ്രതികളെ അന്വേഷിച്ചു വരികയാണ്. ഇതുമായി ബന്ധപ്പെട്ടുള്ള സോഷ്യൽ മീഡിയ പ്രൊഫൈലുകൾ നിരീക്ഷണം നടത്തി അടുത്ത ദിവസം പ്രതികളെ അറസ്റ്റ് ചെയ്യും. ബേക്കൽ ഡി വൈ എസ് പിമാരായ പി. ബാലകൃഷ്ണൻ നായർ, സുനിൽകുമാർ, പി സുധാകരൻ എന്നിവർ ശക്തമായ നിരീക്ഷണമാണ് ജില്ലയിൽ ഉടനീളം ഏർപെടുത്തിയിരിക്കുന്നത് .