കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നടി രഞ്ജിനിക്കു പിന്നാലെ, മൊഴി നല്‍കിയ കൂടുതല്‍പ്പേര്‍ പകര്‍പ്പിനായി കോടതിയെയോ സര്‍ക്കാരിനെയോ സമീപിച്ചേക്കും. നാല് വര്‍ഷം മുമ്പ് വൈകാരികമായ അന്തരീക്ഷത്തില്‍ മൊഴി നല്‍കിയവരാണ് കൂടുതല്‍ പേരും. ഇവരില്‍ പലരും അന്ന് സംഘടനാ ബലത്തിലാണ് മൊഴി നല്‍കിയതെങ്കില്‍ ഇന്ന് കാര്യങ്ങള്‍ മാറിയിട്ടുണ്ട്. ഇതോടെ തങ്ങളുടെ മൊഴി പൊതുസമൂഹത്തില്‍ വരുന്നതിനെ ഭയക്കുകയാണ് മൊഴി കൊടുത്തവര്‍.

മൊഴി കൊടുത്ത ഓരോരുത്തരും ഇക്കാര്യത്തില്‍ കോടതിയെ സമീപിച്ചാല്‍ റിപ്പോര്‍ട്ട് പുറത്തുവരുന്നത് അനന്തമായി നീളാന്‍ ഇടയാക്കും. റിപ്പോര്‍ട്ട് കോടതിയിലെത്തിയാല്‍ മൊഴികളുടെ അടിസ്ഥാനത്തില്‍ കേസെടുക്കാനുള്ള നിര്‍ദേശമുണ്ടാകുമെന്ന നിഗമനമാണ് മറ്റൊന്ന്. 51 പേരാണ് ഹേമ കമ്മിറ്റിക്ക് മുന്‍പാകെ മൊഴി നല്‍കിയത്. സിനിമാസെറ്റുകളിലെ പലവിധ പീഡനപരാതികളാണ് ഇതിലധികവും. സര്‍ക്കാര്‍ പുറത്തുവിടാന്‍ തീരുമാനിച്ച ഭാഗങ്ങളില്‍ ഈ മൊഴികള്‍ ഉള്‍പ്പെടുന്നില്ല. പക്ഷേ, പരാതിക്കാര്‍ക്ക് മൊഴിപ്പകര്‍പ്പ് കിട്ടിയാല്‍ അതുപയോഗിച്ച് ഭീഷണിപ്പെടുത്തിയേക്കുമെന്നാണ് ആശങ്ക.

സര്‍ക്കാര്‍ ഈ മൊഴികള്‍ ഉപയോഗപ്പെടുത്തിയേക്കാം എന്നും അവര്‍ ഭയക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പുവരെ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സാധ്യതയില്ലെന്നും ആ സമയത്ത് രണ്ടോ മൂന്നോ ആളുകളുടെപേരില്‍ കേസ് വന്നേക്കാമെന്നും സിനിമാപ്രവര്‍ത്തകര്‍ക്കിടയില്‍ സംസാരമുണ്ട്. ദിലീപിനെ അറസ്റ്റ് ചെയ്തതിലൂടെയുണ്ടായതുപോലുള്ള പ്രതിച്ഛായയാണ് ലക്ഷ്യമെന്നും പറയപ്പെടുന്നു.

അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടുന്നത് തടയണം എന്നാവശ്യപ്പെട്ട് നടി രഞ്ജിനി നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, എസ് മനു എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. റിപ്പോര്‍ട്ട് പുറത്ത് വിടാന്‍ അനുമതി നല്‍കിയ സിംഗിള്‍ ബെഞ്ച് വിധി റദ്ദാക്കണം എന്നും രഞ്ജിനി ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. ഹേമ കമ്മിറ്റിക്ക് മുന്നില്‍ താനും മൊഴി നല്‍കിയിട്ടുണ്ട്. മൊഴി പുറത്ത് വിടരുതെന്ന് ഹേമ കമ്മിറ്റിക്ക് മുന്നില്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പാലിക്കണം എന്നാണ് രഞ്ജിനിയുടെ ആവശ്യം.

രഞ്ജിനിയുടെ അപ്പീല്‍ നിലനില്‍ക്കുന്നത് ആണോ എന്ന കാര്യത്തില്‍ ഡിവിഷന്‍ ബെഞ്ച് ഇന്ന് വാദം കേള്‍ക്കും. രഞ്ജിനിയുടെ ഹര്‍ജി നിലനില്‍ക്കുന്നതല്ല എന്നാണ് സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷക ഹൈക്കോടതിയെ അറിയിച്ചത്. അപ്പീലില്‍ സംസ്ഥാന വിവരാവകാശ കമ്മീഷനും ഡിവിഷന്‍ ബെഞ്ചില്‍ നിലപാട് അറിയിക്കും. സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങള്‍ ഒഴിവാക്കി ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാം എന്നായിരുന്നു സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ഉത്തരവ്.

ഈ ഉത്തരവ് ചോദ്യം ചെയ്ത് നടനും നിര്‍മാതാവുമായ സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തെ തള്ളിയിരുന്നു. സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ഉത്തരവ് അനുസരിച്ച് റിപ്പോര്‍ട്ട് പുറത്തുവിടാം എന്നായിരുന്നു സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ്. ഇതിനെതിരെ നടി രഞ്ജിനി നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുന്നത്.

സിംഗിള്‍ ബെഞ്ച് നിലപാടിന് പിന്നാലെ ആഗസ്റ്റ് പതിനേഴിന് രാവിലെ 11ന് റിപ്പോര്‍ട്ട് പുറത്തുവിടും എന്നായിരുന്നു സംസ്‌കാരിക വകുപ്പ് ഔദ്യോഗികമായി അറിയിച്ചിരുന്നത്. വ്യക്തിഗത വിവരങ്ങള്‍ ഒഴിവാക്കി റിപ്പോര്‍ട്ടിലെ 233 പേജ് കൈമാറാനായിരുന്നു സാംസ്‌കാരിക വകുപ്പിന്റെ തീരുമാനം. എന്നാല്‍ വെള്ളിയാഴ്ച രാത്രിയോടെ നടി രഞ്ജിനി തടസവാദവുമായി സര്‍ക്കാറിനെ സമീപിച്ചതോടെയാണ് റിപ്പോര്‍ട്ട് പുറത്ത് വിടുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോയത്.

2019 ഡിസംബര്‍ 31നായിരുന്നു ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയത്. മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് നല്‍കിയ റിപ്പോര്‍ട്ടില്‍ 300 പേജുകളാണുള്ളത്. ഡബ്ല്യുസിസി ഉള്‍പ്പെടെ പലവട്ടം ആവശ്യപ്പെട്ടിട്ടും റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ഒടുവില്‍ വിവരാവകാശ കമ്മീഷന്റെ ഇടപെടലിന് പിന്നാലെയാണ് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 2017 ജൂലൈയിലാണ് ഹേമ കമ്മിറ്റിയെ നിയമിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ജസ്റ്റിസ് കെ ഹേമ (റിട്ടയേര്‍ഡ്) അധ്യക്ഷയായി മുന്‍ ബ്യൂറോക്രാറ്റ് കെ ബി വത്സലകുമാരിയും മുതിര്‍ന്ന നടി ശാരദയും അംഗങ്ങളായ മൂന്നംഗ കമ്മിറ്റിയാണ് സര്‍ക്കാര്‍ രൂപീകരിച്ചത്.