തിരുവനന്തപുരം: മലയാള സിനിമാ മേഖലയെ ഉലച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പ്രമുഖരുടെ പേരുവിവരങ്ങള്‍ പുറത്തുവിടാത്തതിനെക്കുറിച്ചാണ് ചര്‍ച്ചകള്‍ സജീവമാകുന്നത്.സ്ത്രീ ഏഴുത്തുകാര്‍ ഉള്‍പ്പടെ ഇവരുടെ പേരുകള്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രംഗത്തുവന്നു.ഇവര്‍ക്കെതിരെ കേസടുക്കണം എന്ന് ആവശ്യപ്പെടുമ്പോള്‍ അനുബന്ധരേഖകള്‍ ഇല്ലെന്നാണ് മുന്‍മന്ത്രിയും മന്ത്രിയും നല്‍കുന്ന വിശദീകരണം.എന്നാല്‍ രേഖകള്‍ നല്‍കിയിരുന്നുവെന്നാണ് കമ്മീഷന്‍ പറയുന്നത്.

സിനിമാ മേഖലയിലെ ദുരനുഭവങ്ങളുടെ തെളിവായി വാട്‌സാപ് ചാറ്റുകള്‍, ഓഡിയോ ക്ലിപ്പുകള്‍ എന്നിവയാണ് കമ്മിറ്റിക്ക് കൈമാറിയിരുന്നത്.റിപ്പോര്‍ട്ടില്‍ ചേര്‍ത്തിരിക്കുന്ന മൊഴികള്‍ക്ക് കരുത്തു പകരുന്ന തെളിവുകളാണ് ഡിജിറ്റല്‍ രേഖകയായി പെന്‍ഡ്രൈവില്‍ സര്‍ക്കാരിന് കൈമാറിയത്. ഇതിനൊപ്പം മൊഴികളും വീഡിയോയില്‍ പകര്‍ത്തിയിരുന്നു. മൊഴികളുടെ പകര്‍പ്പും സര്‍ക്കാരിന് കൈമാറിയിരുന്നു.

നിലവില്‍ ഇത് രഹസ്യരേഖയായി സെക്രട്ടേറിയേറ്റിലെ ആഭ്യന്തര രഹസ്യ വിഭാഗത്തിന്റെ പക്കലാണുള്ളത്.മുദ്രവെച്ച് നല്‍കിയ രേഖകള്‍ കോടതി അനുമതി ഇല്ലാതെ പരസ്യപ്പെടുത്താനോ അന്വേഷണ സംഘത്തിന് കൈമാറാനോ സാധിക്കില്ല. പെന്‍ഡ്രൈവിലും സി.ഡികളിലുമാക്കി നല്‍കിയിരിക്കുന്ന രേഖകള്‍ സിനിമാ മേഖലയിലെ പല വന്‍മുഖംമൂടികളും അഴിഞ്ഞുവീഴാന്‍ ഇടയാക്കുന്നതാണെന്നാണ് വിവരം.

2019 ഡിസംബര്‍ 31-നാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയത്. റിപ്പോര്‍ട്ടിന്റെ യഥാര്‍ഥ കോപ്പിക്കൊപ്പം രണ്ട് പകര്‍പ്പുകളും കൈമാറിയിരുന്നു.റിപ്പോര്‍ട്ടിനൊപ്പം വിവിധ രേഖകളും സാംസ്‌കാരിക മന്ത്രിക്ക് കൈമാറിയിരുന്നതാണ്. എന്നാല്‍, റിപ്പോര്‍ട്ടിന് അനുബന്ധമായി രേഖകളില്ലെന്നാണ് ഇപ്പോള്‍ സാംസ്‌കാരിക മന്ത്രിയും മുന്‍മന്ത്രിയും വാദിക്കുന്നത്.രേഖകകള്‍ കൈമാറിയിരുന്നതായി ജസ്റ്റിസ് ഹേമ സര്‍ക്കാരിനെ കത്തിലൂടെ അറിയിച്ചിരുന്നു.

തന്റെ ഓഫിസില്‍ റിപ്പോര്‍ട്ടിന്റെ മറ്റ് കോപ്പികളില്ലെന്നും കത്തില്‍ വ്യക്തമാക്കി.ഈ കത്തിലാണ്, വ്യക്തിപരമായ പരാമര്‍ശങ്ങളുള്ളതിനാല്‍ റിപ്പോര്‍ട്ട് കോടതി വിധികളുടെ അടിസ്ഥാനത്തിലല്ലാതെ പുറത്തുവിടരുതെന്ന് ജസ്റ്റിസ് ഹേമാ നിര്‍ദേശിച്ചത്. ഇക്കാര്യം കത്തിലൂടെ സാംസ്‌കാരിക മന്ത്രിയെയും അറിയിച്ചിരുന്നു.റിപ്പോര്‍ട്ട് പുറത്തുവിടാതിരിക്കാന്‍ ശ്രമിച്ചതിന് പുറമെ സത്യവിരുദ്ധമായ വാദങ്ങളും സര്‍ക്കാരിനെ സംശയനിഴലിലാക്കുകയാണ്.

ജസ്റ്റിസ് ഹേമ നിര്‍ദ്ദേശിച്ചതുപോലെ വ്യക്തിപരമായ പരാമര്‍ശങ്ങളും സ്വകാര്യതയെ ബാധിക്കുന്നതുമായ പേജുകള്‍ ഒഴിവാക്കിയാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് അവസാനം പുറത്തുവിട്ടത്. 296 പേജുകളുണ്ടായിരുന്ന റിപ്പോര്‍ട്ടില്‍നിന്ന് വ്യക്തിപരമായ ആരോപണങ്ങള്‍ ഒഴിവാക്കാനായി 61 പേജുകളും ഒട്ടേറെ ഖണ്ഡികകളും ഒഴിവാക്കിയാണ് പുറത്തുവിട്ടത്. റിപ്പോര്‍ട്ട് സാംസ്‌കാരിക വകുപ്പ് പരിശോധിച്ചിരുന്നു. ഗുരുതരമായ വെളിപ്പെടുത്തലുകളും മൊഴികളും പുറത്തുപോകാതിരിക്കാന്‍ കര്‍ശന നിര്‍ദ്ദേശമാണ് വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരുന്നത്. റിപ്പോര്‍ട്ടിനൊപ്പമുള്ള ഹേമ കമ്മിറ്റിയുടെ ചില നിര്‍ദ്ദേശങ്ങളും ഒഴിവാക്കിയവയില്‍ ഉള്‍പ്പെടും.