തിരുവനന്തപുരം: കർണാടകത്തിലെ പോലെ കേരളത്തിലും ക്യാമ്പസുകളിൽ ഹിജാബിനെ ചൊല്ലി തർക്കം. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഏഴു മെഡിക്കൽ വിദ്യാർത്ഥിനികൾ ഹിജാബിന് പകരം തലയും കൈകളുംം മറയ്ക്കുന്ന വസ്ത്രം ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രിൻസിപ്പലിന് കത്തെഴുതിയിരിക്കുകയാണ്.

മുസ്ലിം വനിതകൾക്ക് ഏല്ലാ സാഹചര്യങ്ങളിലും ഹിജാബ് നിർബന്ധമാണ്. അതേസമയം, ഓപ്പറേഷൻ മുറിയിൽ ഹിജാബ് ധരിക്കാനും പാടില്ല. ഒരേസമയം, ഹിജാബ് മാനദണ്ഡങ്ങളും, ശസ്ത്രക്രിയാ ജോലിയും പാലിച്ചുകൊണ്ടുപോകാനുള്ള നിർദ്ദേശങ്ങളാണ് വിദ്യാർത്ഥിനികൾ കത്തിൽ മുന്നോട്ടുവയ്ക്കുന്നത്.

മറ്റുരാജ്യങ്ങളിൽ ആരോഗ്യപ്രവർത്തകൾക്കിടയിൽ, നിലവിലുള്ള ബദൽ മാർഗ്ഗങ്ങൾ അന്വേഷിച്ചപ്പോൾ, അതിന് സഹായിക്കും വിധം ശസ്ത്രക്രിയാ വസ്ത്രങ്ങൾ നിർമ്മിക്കുന്ന കമ്പനികളുണ്ട്. നീണ്ട കയ്യുള്ള സ്‌ക്രബ് ജാക്കറ്റുകളും, സർജിക്കൽ ഹുഡുകളും തിരഞ്ഞെടുക്കാം. ഇതുഒരേസമയം, ഹിജാബിന്റെയും, ഓപ്പറേഷൻ മുറിയിലെ വസ്ത്രത്തിന്റെയും ധർമം നിർവഹിക്കും, വിദ്യാർത്ഥിനികളുടെ കത്തിൽ പറയുന്നു. എത്രയും വേഗം സർജറി മുറികളിൽ അവ ധരിക്കാൻ അനുവദിക്കണമെന്നാണ് കത്തിലെ ആവശ്യം.

വിദ്യാർത്ഥികളുടെ ആവശ്യം ചർച്ച ചെയ്ത് തീരുമാനമെടുക്കാൻ സമിതിയെ നിയോഗിച്ചതായി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ലിനറ്റ് ജെ. മോറിസ് പ്രതികരിച്ചു. ജൂൺ 26നാണ് വിവിധ ബാച്ചുകളിലെ വിദ്യാർത്ഥികളുടെ ഒപ്പുകളടങ്ങിയ കത്ത് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് ലഭിച്ചത്. മൂന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിയടക്കമുള്ളവരാണ് കത്ത് നൽകിയത്.

ഫുൾ സ്ലീവ് വസ്ത്രം ധരിക്കുമ്പോൾ ഓപ്പറേഷൻ തിയേറ്ററിൽ ചെയ്യേണ്ടുന്ന കാര്യങ്ങളിൽ ബുദ്ധിമുട്ടുണ്ടാകും. കൈകൾ ഇടക്കിടെ കഴുകേണ്ടതുണ്ട്. രോഗികളെ ശുശ്രൂഷിക്കുമ്പോൾ കൈകൾ വൃത്തിയാക്കി വയ്ക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം അണുബാധയടക്കമുള്ള പ്രശ്നങ്ങളുണ്ടാകാനിടയുണ്ട്. ഇത്തരം കാര്യങ്ങൾ ഉള്ളതുകൊണ്ട് കൈകൾ മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രം ധരിക്കുന്നത് ബുദ്ധിമുട്ടാകുമെന്ന് വിദ്യാർത്ഥികളോട് വിശദീകരിച്ചിട്ടുണ്ടെന്നും ഡോ. ലിനറ്റ് ജെ.മോറിസ് പറഞ്ഞു.

ഓപ്പറേഷൻ തിയേറ്ററിനുള്ളിൽ ചെയ്യേണ്ടുന്ന കാര്യങ്ങളിൽ കൃത്യമായ മാനദണ്ഡങ്ങളുണ്ട്. കൈമുട്ട് മുതൽ താഴേക്ക് ഇടക്കിടെ കൈ കഴുകേണ്ട സാഹചര്യം ഓപ്പറേഷൻ റൂമുകളിൽ സാധാരണമാണ്. ഇക്കാര്യം വിദ്യാർത്ഥികളോട് പറഞ്ഞിട്ടുണ്ട്. അത് അവർക്ക് മനസിലായിട്ടുമുണ്ട്. അന്താരാഷ്ട്ര നിലവാരത്തിലുള്ള മാനദണ്ഡങ്ങളാണ് തങ്ങളും പിന്തുടരുന്നത്. രോഗിയുടെ സുരക്ഷയാണ് പരമപ്രധാനം. തനിക്ക് മാത്രമായി ഇക്കാര്യത്തിൽ തീരുമാനം എടുക്കാൻ ആവില്ലെന്നും സമിതി ചേർന്ന് 10 ദിവസത്തിനകം തീരുമാനമെടുക്കുമെന്നും ഡോ. ലിനറ്റ് ജെ.മോറിസ് പറഞ്ഞു.