കൊല്ലം: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കേരളത്തിൽ മികച്ച പ്രതികരണം ഉണ്ടാക്കായാണ് മുന്നോട്ടു പോകുന്നത്. ദേശീയതലത്തിൽ കോൺഗ്രസിന് ഉണർവ്വുണ്ടാക്കാൻ ഈ യാത്രകൊണ്ട് സാധിക്കുമെന്നാണ് വിലയിരുത്തൽ. എന്നാൽ, യാത്രയിൽ ഉണ്ടാകുന്ന ഓരോ ചെറിയ പിഴവ് പോലും മുതലെടുക്കാൻ കാത്തിരിക്കയാണ് ദേശീയ മാധ്യമങ്ങളും. ഇവർക്ക് കിട്ടിയ അവസരമായി കഴിഞ്ഞ ദിവസം കൊല്ലത്ത് ജോഡോ യാത്രാപിരിവുമായി ബന്ധപ്പെട്ടുണ്ടായ അക്രമം. രണ്ടായിരം രൂപ പിരിവു ചോദിച്ചിട്ട് 500 രൂപ നൽകാമെന്ന് പറഞ്ഞ പച്ചക്കറി കടക്കാരനെ കോൺഗ്രസ് നേതാക്കൾ ആക്രമിച്ച സംഭവാണ് വിവാദമാകുന്നത്.

ഈ സംഭവം ദേശീയ തലത്തിൽ വാർത്തയാകുകയും ചെയ്തു. 'ഭാരത് ജോഡോ യാത്ര'യ്ക്ക് പിരിവ് നൽകാത്തതിന് കൊല്ലം കുന്നിക്കോടായിരുന്നു പച്ചക്കറിക്കട അടിച്ചുതകർത്തത്. ഈ വാർത്ത വിവാദമായ പശ്ചാത്തലത്തിൽ മൂന്ന് കോൺഗ്രസ് പ്രവർത്തകർക്ക് സസ്‌പെൻഷൻ. വിളക്കുടി വെസ്റ്റ് മണ്ഡലം പ്രസിഡന്റ് സലീം സൈനുദ്ദീൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എച്ച്.അനീഷ് ഖാൻ, ഡിസിസി അംഗം കുന്നിക്കോട് ഷാജഹാൻ എന്നിവരെയാണ് അന്വേഷണ വിധേയമായി പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്.

കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റേതാണ് നടപടി. പ്രവർത്തകരെ സസ്‌പെൻഡ് ചെയ്തതായി സമൂഹമാധ്യമത്തിലൂടെ അദ്ദേഹം അറിയിച്ചു. വ്യാഴാഴ്ച വൈകിട്ടാണ് പിരിവു ചോദിച്ചെത്തിയ ഈ മൂന്നു നേതാക്കളുടെ നേതൃത്വത്തിലുള്ള സംഘം കുന്നിക്കോട് സ്വദേശി അനസിന്റെ പച്ചക്കറിക്കട അടിച്ചുതകർത്തത്. പിരിവായി 500 രൂപ നൽകാമെന്ന് കടയുടമ പറഞ്ഞപ്പോൾ, 2000 രൂപ വേണമെന്ന് നിർബന്ധമായി പറയുകയും അതിന്റെ പേരിൽ സാധനങ്ങൾ വലിച്ചെറിയുകയുമായിരുന്നു. കട ആക്രമിക്കുന്നതിന്റെയും കടയുടമയെ അസഭ്യം പറയുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതേത്തുടർന്നാണ് നടപടി.

കെ.സുധാകരന്റെ ഫേസ്‌ബുക് കുറിപ്പിന്റെ പൂർണരൂപം:

ഭാരത് ജോഡോ യാത്ര രാജ്യത്തെ ഒരുമിപ്പിക്കാൻ വേണ്ടിയാണ്. ചേർത്തു പിടിക്കലിന്റെ രാഷ്ട്രീയമാണ് കോൺഗ്രസിന്റേത്. ഈ നാട്ടിലെ തികച്ചും സാധാരണക്കാർ അവരാൽ കഴിയുന്നതുപോലുള്ള പണം നൽകിയാണ് കോൺഗ്രസ് പാർട്ടിയെ സഹായിക്കുന്നത്. വൻകിട കോർപറേറ്റ് കമ്പനികളുടെ പണക്കൊഴുപ്പിലല്ല കോൺഗ്രസ് പ്രവർത്തിക്കുന്നത്.

ആളുകളെ ഭീഷണിപ്പെടുത്തി പണം പിരിക്കുന്നത് കോൺഗ്രസിന്റെ സംസ്‌കാരമല്ല. ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് കൊല്ലത്ത് ചില പ്രവർത്തകർ വ്യാപാരികളോട് ബഹുമാനമില്ലാതെ സംസാരിക്കുന്നത് ശ്രദ്ധയിൽപെട്ടു. പിന്നീട് വ്യാപാരി സ്വയം പച്ചക്കറികൾ നശിപ്പിച്ചത് വ്യക്തമാണെങ്കിലും ഇത്തരമൊരു മോശം സാഹചര്യം ഒഴിവാക്കാനുള്ള പക്വത കോൺഗ്രസ് പ്രവർത്തകർ കാണിക്കേണ്ടിയിരുന്നു. ജനങ്ങളോട് മാന്യമല്ലാത്ത ഭാഷയിൽ സംസാരിച്ച് പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയ മുഴുവൻ പ്രവർത്തകരെയും പുറത്താക്കിയിരിക്കുന്നു.