തിരുവനന്തപുരം : ഐ വി സെറ്റ് ,ഇഞ്ചക്ഷൻ സിറിഞ്ച് , ബ്ലഡ് സാമ്പിൾ ബോട്ടിൽ എന്നിവ ഒന്നിൽ കൂടുതൽ രോഗികൾക്ക് ഉപയോഗിക്കുന്നു എന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി യുവ ഡോക്ടർ. നെയ്യാറ്റിൻകര കുന്നത്തുകാലിൽ പ്രവർത്തിച്ചുവന്നിരുന്ന സ്‌നേഹശ്രീ എന്ന ഹോസ്പിറ്റലിനെതിരെയാണ് അവിടെ ജോലി ചെയ്തിരുന്ന ഹരീഷ് എന്ന യുവ ഡോക്ടർ ഗുരുതരമായ ആരോപണങ്ങൾ നടത്തിയത്. ട്രിപ്പിന് ഉപയോഗിക്കുന്ന ഐവി സെറ്റ് ഇഞ്ചക്ഷൻ സിറിഞ്ചുകൾ ബ്ലഡ് സാമ്പിൾ എടുക്കുന്ന ബോട്ടിലുകൾ എന്നിവ ഒന്നിൽ കൂടുതൽ രോഗികൾക്കായി ഉപയോഗിക്കുന്നു എന്ന വെളിപ്പെടുത്തലാണ് ഡോക്ടർ നടത്തിയത്.

സാമ്പത്തിക ലാഭത്തിനായി മാനേജ്‌മെന്റ് ഡ്യൂട്ടി നേഴ്‌സുമാരെ കൊണ്ട് നിർബന്ധിച്ച് ഈ ക്രൂര പ്രവർത്തി ചെയ്യിക്കുന്നതാണെന്നാണ് പറയുന്നത്. ഇത് തെളിയിക്കുന്നതിനുള്ള ഫോൺ സംഭാഷണങ്ങൾ തന്റെ കൈവശമുണ്ടെന്നും ഡോക്ടർ പറയുന്നു. രണ്ടുദിവസം മുമ്പ് ഒരു രോഗിക്ക് ഉപയോഗിച്ച ഐവി സെറ്റ് മറ്റൊരു രോഗിക്ക് ഉപയോഗിക്കുന്നത് കണ്ടതിനെ തുടർന്ന് നഴ്‌സിനെ ശകാരിക്കുകയും തുടർന്ന് മാനേജ്‌മെന്റുമായി വാക്ക് തർക്കം ആവുകയും ചെയ്തിരുന്നു. രണ്ടുദിവസത്തിനുശേഷം അനുനയത്തിനായി മാനേജ്‌മെന്റ് ഡോക്ടറുമായി സംസാരിച്ചിരുന്നെങ്കിലും വഴങ്ങാത്തതിനെ തുടർന്ന് പിരിഞ്ഞു പോകാൻ ആവശ്യപ്പെടുകയായിരുന്നു വിവരങ്ങൾ ഡോക്ടർ പരിസരവാസികളെ അറിയിച്ചു.

ആളുകൾ തടിച്ചു കൂടുകയും സംഭവങ്ങൾ മനസ്സിലാക്കി ബഹളം ഉണ്ടാകുകയും ചെയ്തു. പഞ്ചായത്തിൽ നിന്നും ആരോഗ്യവകുപ്പിൽ നിന്നും അധികൃതർ എത്തി അന്വേഷണം നടത്തിയപ്പോൾ ലൈസൻസ് ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് പഞ്ചായത്ത് അധികൃതർ ഹോസ്പിറ്റൽ പൂട്ടി സീൽ ചെയ്യുകയായിരുന്നു. ഡോക്ടറുടെ ആരോപണത്തിനുള്ള അന്വേഷണം ആരോഗ്യവകുപ്പ് നടത്തുമെന്ന് ജനങ്ങളോട് പറഞ്ഞു. സംഭവ സ്ഥലത്ത് പൊലീസും എത്തിയിരുന്നു.

ആരോപണങ്ങൾ നടത്തിയ ഡോക്ടർക്ക് ഇപ്പോൾ മാനേജ്‌മെന്റിന്റെ സഹായികളായ രാഷ്ട്രീയക്കാരിൽ നിന്നും ഭീഷണി ഫോൺ കോളുകളാണ് ലഭിക്കുന്നത്. ശമ്പളം നൽകില്ലെന്ന് ഭീഷണിയെ തുടർന്നാണ് ഈ നീച പ്രവർത്തി ചെയ്യേണ്ടി വന്നതെന്ന് നഴ്‌സുമാരും സമ്മതിക്കുന്നു. വളരെ ലാഘവത്തോടെ ചെയ്യുന്ന ഈ വലിയ തെറ്റ് മൂലം എച്ച്‌ഐവി വൈറൽ ഹെപ്പറ്റൈറ്റിസ് തുടങ്ങി മാരക രോഗങ്ങൾ പകരുന്നതിന് കാരണമായേക്കാം. ഇവയുടെ ലക്ഷണങ്ങൾ പെട്ടെന്ന് തന്നെ കാണിക്കണമെന്നില്ല. ഒരു വലിയ തെറ്റ് ചൂണ്ടിക്കാണിച്ചതിന്റെ പേരിൽ ഉണ്ടാകുന്ന ഏത് പ്രത്യാഘാതവും നേരിടാൻ തയ്യാറാണെന്നാണ് ഡോക്ടർ പറയുന്നത്.

പെട്ടെന്ന് ഒരു വൈദ്യസഹായത്തിന് ഓടിപ്പോകുമായിരുന്ന സ്ഥലമായിരുന്നു ഈ സ്‌നേഹശ്രീ ഹോസ്പിറ്റൽ കുട്ടികളെയും കൊണ്ട് പലതവണ പോയിട്ടുണ്ടെന്നും വളരെ ഭീതിയിലാണെന്നും നാട്ടുകാർ പറയുന്നു. മനുഷ്യന്റെ ജീവന് പുല്ലുവില മാത്രം നൽകുന്ന ഇത്തരം കച്ചവട കേന്ദ്രങ്ങൾ അടച്ചു പൂട്ടേണ്ടത് തന്നെയാണ്. ഇവർക്ക് മറ്റ് രണ്ട് ആശുപത്രികൾ കൂടിയുണ്ട്. ആരോഗ്യവകുപ്പ് ശക്തമായ അന്വേഷണം നടത്തി ഇവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.