കണ്ണൂർ: വീടിന്റെ ചോർച്ച മാറ്റുന്നതിന് 20,000 രൂപയുടെ അറ്റകുറ്റപ്പണി നടത്തിയയാൾക്ക് 41,000 രൂപയുടെ സെസ് നോട്ടീസ് ലഭിച്ച വിവരം പുറത്തുപറഞ്ഞതിനു പിന്നാലെ കർഷകന്റെ വീടിനുനേരെ ആക്രമണം. കേളകം പഞ്ചായത്ത് ഒമ്പതാം വാർഡിൽ താമസിക്കുന്ന പുതനപ്ര തോമസിന്റെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. വീടിന് മുൻവശത്തെ ലൈറ്റുകൾ നശിപ്പിച്ച ആക്രമികൾ ആറ് ബൾബുകൾ മോഷ്ടിക്കുകയും ചെയ്തു. സംഭവത്തിൽ കേളകം പൊലീസ് കേസെടുത്തു.

വെള്ളിയാഴ്ച രാത്രി 11ഓടെയാണ് ആക്രമണം ഉണ്ടായത്. സെസ് കൊള്ളയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത് സർക്കാറിന് ഏറെ തിരിച്ചടി ഉണ്ടാക്കിയിരുന്നു. വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത് എന്നതും ശ്രദ്ധേയമാണ്. 51 വർഷം പഴക്കമുള്ളതാണ് ഇദ്ദേഹത്തിന്റെ വീട്. മേൽക്കൂരയിൽ ചോർച്ച ഉണ്ടാകുകയും കുറച്ച് ഭാഗം ചിതൽ കയറുകയും ചെയ്തതോടെ 10 വർഷം മുമ്പ് കുറച്ച് ഭാഗത്ത് ഷീറ്റിട്ടിരുന്നു. ഇതിന് 2016ൽ റവന്യൂ വകുപ്പ് 6000 രൂപ ഈടാക്കി. ഷീറ്റ് മാറ്റിയിട്ടതിനും അറ്റകുറ്റപ്പണികൾക്കുമായി ആകെ 20,000 രൂപയാണ് ചെലവായത്.

എന്നാൽ, 41,26, 410 രൂപയുടെ ജോലികൾ നടത്തിയിട്ടുണ്ടെന്നും ഇതിന്റെ ഒരു ശതമാനമായ 41,264 രൂപ കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധിയായി അടക്കണമെന്നുമാണ് തൊഴിൽ വകുപ്പിന്റെ പുതിയ നോട്ടീസ്. 413 രൂപ സർവിസ് ചാർജ് പണമായി നേരിട്ട് അടക്കണമെന്നും ബാക്കി 40,851 രൂപ നോട്ടീസ് കൈപ്പറ്റി 20 ദിവസത്തിനകം ഓഫിസിൽ നൽകണമെന്നുമാണ് നിർദ്ദേശം.

അരനൂറ്റാണ്ട് പഴക്കമുള്ള വീട് അറ്റകുറ്റപ്പണി നടത്തിയതിന് ചെലവായതിന്റെ ഇരട്ടി തുക സർക്കാരിലേക്ക് സെസ് അടയ്ക്കുന്നത് എന്തിനാണെന്ന് ചോദ്യമുന്നയിച്ച് തോമസ് നിയമനടപടിക്കൊരുങ്ങുകയാണ്. എങ്ങനെ ഇത്ര തുക കണക്കാക്കി എന്നതിന് തൊഴിൽ വകുപ്പ് വിശദീകരണം കൂടി കേൾക്കാം.

കയ്യിൽ കിട്ടിയത് 2016ൽ കെട്ടിട നികുതി അടച്ച വിവരങ്ങളാണ്. അതനുസരിച്ച് സ്‌ക്വയർ മീറ്ററിന് 11000 രൂപ കണക്കാക്കി നിർമ്മാണച്ചെലവ് നിശ്ചയിച്ചു. പരാതിയുണ്ടെങ്കിൽ തോമസിന് അറിയിക്കാം. തെറ്റുണ്ടായെങ്കിൽ തിരുത്തുമെന്നും തൊഴിൽവകുപ്പ് പറയുന്നു. നോട്ടീസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് ലേബർ ഓഫിസർക്ക് കത്ത് നൽകി. മലയോരത്തെ നിരവധി വില്ലേജ് ഓഫിസുകളുടെ പരിധിയിലും സമാനമായ രീതിയിൽ കർഷകർക്ക് നോട്ടീസ് ലഭിച്ചിട്ടുണ്ട്.