അഹമ്മദാബാദ്: വെറും അമ്പത് മിനിറ്റ് സമയം. അതിനുള്ളിൽ എല്ലാം കഴിഞ്ഞു. ഇന്ത്യൻ വ്യോമ സേനയുടെ പ്രവർത്തനക്ഷമതയും, വേഗവും ഒരിക്കൽ കൂടി ബോധ്യപ്പെടുത്തിയ സംഭവം ആയിരുന്നു റഷ്യൻ ചാർട്ടേഡ് വിമാനത്തിന് ഉണ്ടായ ബോംബ് ഭീഷണിയോടുള്ള അടിയന്തര പ്രതികരണം. മോസ്്‌കോ-ഗോവ(ദാബോലിം) വിമാനം ബോംബ് ഭീഷണിയെ തുടർന്ന് ഗുജറാത്തിലെ ജാംനഗറിൽ തിങ്കളാഴ്ച രാത്രി അടിയന്തരമായി ഇറക്കേണ്ടി വന്നു. ഗോവ എയർ ട്രാഫിക് കൺട്രോളർക്ക് കിട്ടിയ ബോംബ് ഭീഷണി സന്ദേശത്തെ തുടർന്നായിരുന്നു അടിയന്തര ഇറക്കൽ. 244 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

ഇത്തരമൊരു സാഹചര്യത്തിൽ വ്യോമസേനയുടെ സഹകരണം സുപ്രധാനമാണ്. എൻഎസ്ജിയിലെ സ്‌ഫോടക വസ്തു വിദഗ്ദ്ധർ അടക്കം പ്രത്യേക സുരക്ഷാ സേനയുമായും, ഗ്രൗണ്ട് സ്റ്റാഫുമായും, ഏകോപനത്തോടെയാണ് വ്യോമ സേന പ്രവർത്തിച്ചത്. എൻഎസ്ജി അംഗങ്ങളെ വ്യോമസേനാ വിമാനത്തിലാണ് പരിശോധന നടത്താൻ എത്തിച്ചത്. റഷ്യൻ വിമാനം അടിയന്തര ലാൻഡിങ്ങിന് അനുമതി തേടിയ ഉടൻ തന്നെ അഹമ്മദാബാദിൽനിന്നും ഡൽഹിയിൽനിന്നും എൻഎസ്ജി ബോംബ് സ്‌ക്വാഡിനെ പ്രത്യേക വ്യോമസേന വിമാനത്തിൽ ജാംനഗറിലേക്കെത്തിച്ചു. ഇതെല്ലാം പൂർത്തിയാക്കാൻ 50 മിനിറ്റ് സമയം മാത്രമേ എടുത്തുള്ളു എന്നതാണ് സവിശേഷത. വ്യോമത്താവളത്തിൽ വിമാനത്തിന്റെ ലാൻഡിങ്ങിനും യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കാനുള്ള മുഴുവൻ നടപടികളും വ്യോമസേന പൂർത്തിയാക്കി.

മോസ്‌കോയിൽ നിന്ന് വിനോദ സഞ്ചാരികളുമായി ഗോവയിലേക്ക് പറന്ന അസുർ എയർ വിമാനത്തിൽ ബോംബുണ്ടെന്ന സന്ദേശം തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് കിട്ടിയത്. തുർക്ക്‌മെനിസ്ഥാന് മുകളിലായിരുന്നു അപ്പോൾ വിമാനം. ഉടൻ തന്നെ ഗുജറാത്തിലെ ജാംനഗർ വ്യോമസേനാ താവളത്തിൽ അടിയന്തരമായി ഇറങ്ങാൻ സന്ദേശം നൽകി.

രാത്രി 9.50 ന് നിലത്തിറങ്ങിയ വിമാനം ഐസൊലേഷൻ ബേയിൽ, എത്തിച്ച ശേഷം 236 യാത്രക്കാരെയും എട്ട് ജീവനക്കാരെയും ഗരുഡ് സ്പെഷ്യൽ ഫോഴ്സിന്റെയും വ്യോമത്താവള ജീവനക്കാരുടെയും സഹായത്തോടെ വ്യോമസേന സുരക്ഷിതമായി ഒഴിപ്പിച്ചു. യാത്രക്കാർക്ക് വേണ്ട സൗകര്യങ്ങൾ വിമാനത്താവള അധികൃതർ ഉടൻ സജ്ജമാക്കി.

അതിനിടെ, വിമാനത്തിൽ കർശനമായ പരിശോധന നടത്തി. കാബിൻ ബാഗേജ് അടക്കം വിമാനം മുഴുവൻ അരിച്ചുപെറുക്കി. ദേശീയ സുരക്ഷാ ഗാർഡുകളുടെ പരിശോധനയിൽ വ്യാജ ബോംബ് ഭീഷണിയാണെന്ന് വ്യക്തമായി. 12 മണിക്കൂറോളം നീണ്ട ബോംബ് സ്‌ക്വാഡിന്റെ പരിശോധനയ്ക്ക് ശേഷം ചൊവ്വാഴ്ച രാവിലെ 9.30-ഓടെ വിമാനം സുരക്ഷിതമാണെന്ന് ഉറപ്പിച്ചത്. സുരക്ഷാ ക്ലിയറൻസ് ലഭിച്ചശേഷം ചൊവ്വാഴ്ച ഉച്ചയോടെയാണ് വിമാനം ഗോവയിലേക്ക് യാത്ര പുറപ്പെട്ടത്.

ജംനഗർ വിമാനത്താവളത്തിലെ സംഭവവികാസങ്ങൾ, എയർകൊമോഡോർ ആനന്ദ് സോൻഡി അടക്കം മുതിർന്ന വ്യോമസേന ഉദ്യോഗസ്ഥരുടെ കർശന മേൽനോട്ടത്തിലായിരുന്നു. സാധാരണഗതിയിൽ ഇത്തരം അടിയന്തര സാഹചര്യങ്ങളിൽ വ്യോമയാന മന്ത്രാലയത്തിന്റെ കീഴിലുള്ള മുംബൈ, അഹമ്മദാബാദ് വിമാനത്താവളങ്ങളിലേക്കാണ് വിമാനം തിരിച്ചുവിടുക. എന്നാൽ, വളരെ കുറഞ്ഞ സമയം മാത്രം കിട്ടിയതുകൊണ്ടാണ് ജാംനഗറിൽ അടിയന്തരമായി വിമാനം ഇറക്കാൻ തീരുമാനിച്ചത്.

അസുർ എയർ ഫ്‌ളൈറ്റ് നമ്പർ 2401 ക്ലിയറൻസ് കിട്ടിയ ശേഷം ഗോവയിലേക്ക് തിരിക്കുന്നതിന്റെ വീഡീയോ 'ഓൾ ഈസ് വെൽ ദാറ്റ് എൻഡ്‌സ് വെൽ' എന്ന കുറിപ്പോടെ വ്യോമസേന ഷെയർ ചെയ്തിരുന്നു.