തിരുവനന്തപുരം: ഒരു പറ്റം വനിതകൾ തുടങ്ങിവെച്ച പ്രക്ഷോഭമാണ് ഇറാനിലെ മതകാര്യ പൊലീസിനെ കെട്ടുകെട്ടിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചത്. സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള വനിതാ പോരാട്ടങ്ങളിലെ സുന്ദരമായ ഒരോടായി ഹിജാബ് വിരുദ്ധ സമരം മാറുകയും ചെയ്തു. ഇറാൻ ഭരണകൂടത്തിന്റെ കണ്ണിൽ കരടയി മാറിയ സിനിമാ രംഗത്തുള്ളവർ അടക്കം പലരും വിദേശത്ത് അഭയാർഥികളായി കഴിയുന്ന അവസ്ഥയുണ്ട്. അത്തരത്തിൽ വിദേശത്ത് കഴിയുന്ന ഒരു സംവിധായികയുടെ തലനാരിഴക്ക് പോലും ഒരുപാട് സന്ദേശങ്ങൾ പറയാൻ കാണും. അ്ത്തരമൊരു സംഭവത്തിനാണ് ഇന്നലെ രാജ്യാന്തര ചലച്ചിത്ര ഉദ്ഘാടന വേദി സാക്ഷ്യം വഹിച്ചത്.

സ്ത്രീത്വത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും എതിരായ വെല്ലുവിളികളെ ചെറുക്കാൻ ഒരു പിടി മുടിയാണ് ഇന്നലെ വേദിയിൽ എത്തിയത്. രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങിൽ ഏവരെയും അമ്പരപ്പിച്ചും മനുഷ്യന്റെ അന്തസ്സിന്റെ മഹിമ ഉയർത്തിയും ജൂറി അംഗം, ഗ്രീക്ക് സംവിധായിക അഥീന റേച്ചൽ സംഗാരി മുറിച്ചെടുത്ത ആ മുടിക്കെട്ട് ഉയർത്തിക്കാണിച്ചു. ഞെട്ടലിൽ നിന്നുണർന്നു സദസ്സ് ഒന്നാകെ എഴുന്നേറ്റ് ആദരം അർപ്പിച്ചു. ചലച്ചിത്രോത്സവത്തിൽ 'സ്പിരിറ്റ് ഓഫ് സിനിമ' പുരസ്‌കാരം ഏറ്റുവാങ്ങാൻ എത്താൻ കഴിയാതിരുന്ന ഇറാനിയൻ സംവിധായിക മഹ്നാസ് മുഹമ്മദിയുടെ മുടിയായിരുന്നു അത്.

ഇറാനിലെ ഭരണകൂടം വിലക്ക് ഏർപ്പെടുത്തിയ അവർ തന്റെ സ്ഥിതി കേരളത്തെ അറിയിക്കാൻ മുടി മുറിച്ച് സുഹൃത്ത് അഥീനയുടെ കയ്യിൽ കൊടുത്ത് അയയ്ക്കുകയായിരുന്നു. ഇറാനിലെ സ്വാതന്ത്ര്യവാദികളായ സ്ത്രീകൾ നേരിടുന്ന ദുരവസ്ഥയുടെ പ്രതീകമായി ആ മുടിയിഴകൾ. മഹ്നാസിനു വേണ്ടി അഥീന പുരസ്‌കാരം ഏറ്റുവാങ്ങി. ഇറാനിൽ നിന്നു രക്ഷപ്പെട്ട് ബ്രിട്ടനിൽ അഭയം തേടിയിരിക്കുകയാണ് ഇപ്പോൾ മഹ്നാസ്.

'ഈ മുടി എന്റെ സഹനമാണ്. അവസാനിക്കാത്ത അസ്വാതന്ത്ര്യത്തിന്റെ പ്രതീകം' മഹ്നാസിന്റെ വാക്കുകൾ അഥീന കേരളത്തോടായി പറഞ്ഞു. 'സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം' എന്ന മുദ്രാവാക്യം സദസ്സിനെക്കൊണ്ട് ഏറ്റുചൊല്ലിച്ചാണ് അഥീന വേദി വിട്ടിറങ്ങിയത്. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് ആ മുടിയിഴകൾ ഏറ്റുവാങ്ങി.

താനൊരു സ്ത്രീയും സിനിമ സംവിധായികയും ആയതു കൊണ്ടാണു മാതൃരാജ്യത്തു ക്രിമിനലായി കണക്കാക്കുന്നത് എന്നാണു മഹ്നാസ് നൽകിയ സന്ദേശമെന്നു മേള ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി. ബ്രിട്ടനിൽ നിന്നു മഹ്നാസിനെ മേളയിലെത്തിക്കാൻ അടുത്ത സുഹൃത്തായ ബ്രിട്ടിഷ് ഹൈക്കമ്മിഷണർ വഴി ശശി തരൂർ എംപി ഒരുപാടു ശ്രമിച്ചെന്നു രഞ്ജിത് പറഞ്ഞു. അതു നടന്നില്ല. ഇറാനെ പിണക്കാൻ ആരും തയാറല്ല. ഈ മുടിയിഴകൾ സൂക്ഷിക്കുമെന്നും അദ്ദേഹം അറിയിച്ചു.

നിശാഗന്ധി ഓഡിറ്റോറിയത്തിലെ കാണികൾക്കു നേരെ തിരിച്ചുവച്ച ആർക്ക് ലൈറ്റുകൾ പ്രകാശിപ്പിച്ചു കൊണ്ടാണു മുഖ്യമന്ത്രി 27ാമത് രാജ്യാന്തര ചലച്ചിത്രമേള ഉദ്ഘാടനം ചെയ്തത്. 13,000 പേർ പങ്കെടുക്കുന്ന മേള ഇതാദ്യമാണ്. കേരളത്തിന്റെ ചലച്ചിത്രമേളയുടെ ജനപങ്കാളിത്തവും സ്വീകാര്യതയുമാണ് ഇതു തെളിയിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉദ്ഘാടന ചടങ്ങിന് ശേഷം പുർബയൻ ചാറ്റർജിയുടെ സിതാർ കച്ചേരി അരങ്ങേറി. ടോറി ആൻഡ് ലോകിത ആണ് ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ചത്. ഇന്ത്യയിൽ ആദ്യമായാണ് ടോറി ആൻഡ് ലോകിത പ്രദർശിപ്പിക്കുന്നത്. ആഫ്രിക്കയിൽ ജനിച്ച് ബെൽജിയം തെരുവുകളിൽ വളരുന്ന അഭയാർഥികളാണ് ഒരു ആൺകുട്ടിയുടേയും പെൺകുട്ടിയുടേയും ആത്മബന്ധത്തിന്റെ കഥയാണ് ടോറി ആന്റി ലോകിത.

70 രാജ്യങ്ങളിൽ നിന്നായുള്ള 186 സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. ഡിസംബർ 9 മുതൽ 16 വരെയാണ് ചലച്ചിത്രമേള. ലോക സിനിമാ വിഭാഗത്തിൽ 78 സിനിമകളും രാജ്യാന്തര മത്സര വിഭാഗത്തിൽ 14 സിനിമകളും മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിൽ 12 സിനിമകളുമാണ് പ്രദർശിപ്പിക്കുന്നത്. 50 വർഷത്തിലെത്തി നിൽക്കുന്ന സ്വയംവരത്തിന്റെ പ്രത്യേക പ്രദർശനം ഉണ്ടാവും. 20 ലക്ഷം രൂപയാണ് സുവർ ചകോരത്തിന് അർഹമാവുന്ന സിനിമയ്ക്ക് ലഭിക്കുക. രജത ചകോരം ലഭിക്കുന്ന സംവിധായകന് നാല് ലക്ഷം രൂപയും.