തിരുവനന്തപുരം: ഡോക്ടർമാരിൽ അടികിട്ടേണ്ടവരുണ്ടെന്ന കെ ബി ഗേണഷ് കുമാർ എംഎൽഎയുടെ പ്രസ്താവനയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ.എംഎൽഎക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഐ എം എ സംസ്ഥാനെ സെക്രട്ടറി ജോസഫ് ബെനവൻ പറഞ്ഞു.കഴിഞ്ഞദിവസം നിയമസഭയിലായിരുന്നു എംഎൽഎയുടെ പ്രസ്താവന.

ആരോഗ്യ വകുപ്പിലെ ചില ഡോക്ടർമാർ തല്ല് ചോദിച്ചു വാങ്ങുകയാണെന്നായിരുന്നു കെബി ഗണേശ് കുമാർ എംഎൽഎ പറഞ്ഞത്. ധനാഭ്യർത്ഥന ചർച്ചയ്ക്കിടെയായിരുന്നു സർക്കാർ ഡോക്ടർമാർക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. ആരോഗ്യ മന്ത്രിയുടെ ശ്രദ്ധയിൽ ഇക്കാര്യങ്ങൾ അടിയന്തരമായി എത്തേണ്ടതുണ്ടെന്ന് വ്യക്തമാക്കിയായിരുന്നു അദ്ദേഹത്തിന്റെ പരാമർശങ്ങൾ.തന്റെ മണ്ഡലത്തിലെ ഒരു വിധവയായ സ്ത്രീ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രി കാര്യങ്ങൾ വിശദീകരിച്ചത്.

ചില ഡോക്ടർമാർ തല്ല് കൊള്ളേണ്ടവരാണ്. തല്ല് അവർ ചോദിച്ചു വാങ്ങുകയാണ്. 70 ശതമാനം ഡോക്ടർമാരും നല്ല രീതിയിൽ പ്രവർത്തിക്കുന്നവരാണ്. ബാക്കിയുള്ള 30 ശതമാനമാണ് ആരോഗ്യ വകുപ്പിന്റെ പേര് മോശമാക്കുന്നത്. ചിലർക്ക് കിട്ടേണ്ടത് തന്നെ ആണ് അതിനൊരു കുഴപ്പവുമില്ല. ആരോഗ്യ വകുപ്പിലെ ഇത്തരം കുഴപ്പക്കാരെ നിയന്ത്രിക്കുക തന്നെ വേണമെന്നും അദ്ദേഹം വ്യക്തമാക്കി.ഇതിനെതിരെയാണ് ഇപ്പോൾ അസോസിയേഷൻ രംഗത്ത് വന്നിരിക്കുന്നത്

അതേസമയം കോഴിക്കോട് ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നിലപാടിൽ പ്രതിഷേധിച്ച് വെള്ളിയാഴ്‌ച്ച സംസ്ഥാനത്ത് മെഡിക്കൽ സമരം നടത്തുമെന്നും ഐ.എം.എ അറിയിച്ചു.രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ജോലിയിൽനിന്ന് വിട്ടുനിൽക്കുക. ഈ സമയത്ത് ഒ.പി വിഭാഗം പ്രവർത്തിക്കില്ല. അടിയന്തര ശസ്ത്രക്രിയകൾ, അത്യാഹിത വിഭാഗം, ഐ.സി.യു എന്നിവയുടെ പ്രവർത്തനം തടസ്സപ്പെടില്ലെന്നും ഭാരവാഹികൾ അറിയിച്ചു.

ഫാത്തിമ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുന്ദമംഗലം പുതിയക്കൽ ഹാജിറ നജയുടെ കുഞ്ഞ് ശസ്ത്രക്രിയക്കിടെ മരിച്ചിരുന്നു. തുടർന്ന് ഇവരുടെ ബന്ധുക്കൾ ഡോക്ടറെ ആക്രമിച്ചെന്നാണ് പരാതി. ഹോസ്പിറ്റലിലെ മുതിർന്ന കാർഡിയോളജിസ്റ്റ് ഡോ. പി.കെ. അശോകനാണ് (59) മർദനമേറ്റത്. ഡോക്ടറുടെ മുൻനിരയിലെ പല്ലുകൾ ഇളകിയതായും മൂക്കിന്റെ എല്ല് പൊട്ടിയതായും വായിൽനിന്നും മൂക്കിൽ നിന്നും രക്തസ്രാവമുണ്ടായി ബോധം പോയതായും അധികൃതർ അറിയിച്ചിരുന്നു.

സംഭവത്തിൽ നടക്കാവ് പൊലീസ് ആറുപേർക്കെതിരെ കേസെടുത്തിരുന്നു. കണ്ടാലറിയാവുന്ന ആറ് പേർക്കെതിരെ നരഹത്യശ്രമം, ഭീഷണിപ്പെടുത്തൽ തുടങ്ങി വിവിധ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ രണ്ടുപേർ പിന്നീട് പൊലീസിൽ കീഴടങ്ങിയിരുന്നു.

അതേസമയം, ആശുപത്രിയിലെ അനിഷ്ട സംഭവങ്ങളിൽ ഡോക്ടർമാക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് പി.ടി.എ. റഹീം എംഎ‍ൽഎ ആരോഗ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. കുന്നമംഗലം സ്വദേശിയായ യുവതിയുടെ കുട്ടി മരിച്ച സംഭവത്തിൽ ആക്ഷൻ കമ്മിറ്റി തിങ്കളാഴ്ച ആശുപത്രിക്ക് മുന്നിൽ സമരം നടത്തിയിരുന്നു. കുട്ടിയുടെ മരണത്തിന് ഉത്തരവാദിയായ ഡോക്ടർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. ഇക്കാര്യത്തിൽ മന്ത്രി ഇടപെടണമെന്നും കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് എംഎ‍ൽഎ മന്ത്രിക്ക് കത്ത് നൽകിയത്.