ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ സ്വകാര്യ റോക്കറ്റായ വിക്രം എസ് വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് റോക്കറ്റ് വിക്ഷേപിച്ചത്. ഹൈദരാബാദ് ആസ്ഥാനമായുള്ള സ്‌കൈറൂട്ട് എയ്റോസ്പേസ് എന്ന സ്റ്റാർട്ടപ്പാണ് റോക്കറ്റ് വികസിപ്പിച്ചത്. ' മിഷൻ പ്രാരംഭ്' എന്ന് പേര് നൽകിയിരുന്ന ദൗത്യമാണ് പൂർത്തീകരിച്ചത്.ആറ് മീറ്റർ ഉയരവും 545 കിലോ ഭാരവുമുള്ള കുഞ്ഞൻ റോക്കറ്റാണ് വിക്രം എസ്.

ഭൗമോപരിതലത്തിൽ നിന്ന് 81.5 കിലോ മീറ്റർ ഉയരത്തിലെത്തിയ ശേഷം റോക്കറ്റ് കടലിൽ പതിക്കും. സ്മോൾ ലോഞ്ച് വെഹിക്കിളാണ് വിക്രം. ഇതിന് മൂന്ന് പേലോഡുകൾ വഹിക്കാനാകും. സ്പേസ് കിഡ്സ് ഇന്ത്യയുടെ നേതൃത്വത്തിൽ ഇന്ത്യ, യുഎസ്, സിംഗപ്പൂർ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ വികസിപ്പിച്ച 2.5 കിലോ ഗ്രാം ഭാരം വരുന്ന ഫൺ-സാറ്റ് ഉൾപ്പെടെ മൂന്ന് ഉപഗ്രഹങ്ങളാണ് വിക്രം എസ് വഴി വിക്ഷേപിച്ചത്. റോക്കറ്റ് വികസനവും രൂപകൽപനയും ദൗത്യങ്ങളുമെല്ലാം ഏകോപിപ്പിച്ചിരിക്കുന്നത് ഐഎസ്ആർഒയാണ്.

ഹൈദരാബാദ് ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് കമ്പനിയും അതിന്റെ പ്രവർത്തനങ്ങളും സ്വകാര്യ ബഹിരാകാശ മേഖലയിലെ പുതിയ യുഗത്തെയാണ് സൂചിപ്പിക്കുന്നത്. അതിനാലാണ് ആരംഭം എന്നർത്ഥം വരുന്ന ' പ്രാരംഭ്' എന്ന് പേര് ദൗത്യത്തിന് നൽകിയിരിക്കുന്നത്. വിക്ഷേപണം വിജയിച്ചതോടെ ബഹിരാകാശത്തേക്ക് റോക്കറ്റ് വിക്ഷേപിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ബഹിരാകാശ കമ്പനിയായി സ്‌കൈറൂട്ട് എയ്‌റോസ്‌പേസ് മാറി.

സ്വകാര്യ റോക്കറ്റിന്റെ വിക്ഷേപണം രാജ്യത്തെ യുവാക്കൾക്കു വലിയ സ്വപ്നങ്ങൾ കാണാനും സാക്ഷാത്കരിക്കാനുമുള്ള പ്രേരണയാകുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് പറഞ്ഞു. പിഎസ്എൽവി, ജിഎസ്എൽവി തുടങ്ങിയവ വിക്ഷേപിക്കുന്ന ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയ്ക്കു പകരമായി പ്രൊപ്പൽഷൻ സെന്ററിൽ നിന്നാണു വിക്രം എസ് വിക്ഷേപിച്ചത്.

ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ്, ഇൻസ്‌പേസ് ചെയർമാൻ പവൻ ഗോയങ്ക, ബഹിരാകാശ വകുപ്പിന്റെ ചുമതലയുള്ള കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ് എന്നിവർ വിക്ഷേപണം കാണാൻ ശ്രീഹരിക്കോട്ടയിൽ എത്തിയിരുന്നു.