കോന്നി: കോന്നി താലൂക്ക് ഓഫീലെ കൂട്ട അവധി എംഎൽഎക്കെതിരെ വിമർശനവുമായി ഡെപ്യൂട്ടി തഹസിൽദാർ എം സി രാജേഷ്. താലൂക്ക് ഓഫീസിൽ നടന്നത് മുൻകൂട്ടി പ്ലാൻ ചെയ്ത നാടകം എന്നാണ് രാജേഷ് വിമർശിച്ചത്. താലൂക്ക് ഓഫീസ് ജീവനക്കാരുടെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പിലാണ് ഡെപ്യൂട്ടി തഹസിൽദാരുടെ വിമർശനം. എംഎൽഎക്ക് രജിസ്റ്റർ പരിശോധിക്കാനും കസേരയിൽ ഇരിക്കാനും അധികാരം ഉണ്ടോ എന്നും ചോദ്യവും ഡെപ്യൂട്ടി തഹസിൽദാർ ഉയർത്തി. ഇതോടെ വിഷയത്തിൽ എംഎൽഎയും വിവാദത്തിലായി. ചെറിയ വിഷയം അനാവശ്യമായി ജനീഷ് കുമാർ ഇടപെട്ടു വഷളാക്കി എന്ന വികാരമാണ് പൊതുവിലുള്ളത്.

ജീവനക്കാർ അവധി എടുത്ത ദിവസം ഓഫീസിൽ പൊതുജനങ്ങൾക്ക് സേവനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടായിട്ടില്ലന്ന് ചൂണ്ടിക്കാട്ടിയാണ് ഡെപ്യൂട്ടി തഹസിൽദാർ കൂട്ടിച്ചേർക്കുന്നു. വളരെ നല്ല രീതിയിൽ പ്രവർത്തിച്ചിരുന്ന ഓഫീസിനെ താറടിച്ച് കാണിക്കാനുള്ള നാടകമായിരുന്നു നടന്നതെന്നും ഡെപ്യൂട്ടി തഹസിൽദാർ ആരോപിക്കുന്നു. വിവാദമായ സംഭവം നടക്കുമ്പോൾ പത്ത് പേർ പോലും ഓഫീസിൽ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാരുടെ കൂട്ട അവധിക്ക് പിന്നാലെ എംഎൽഎക്ക് എതിരായ തഹസിൽദാരുടെ ആരോപണത്തിന് മറുപടിയുമായി ജനീഷ് കുമാർ. ഡെപ്യൂട്ടി തഹസിൽദാർ ചെയ്തത് പെരുമാറ്റച്ചട്ട ലംഘനമാണ്. സർക്കാർ നയത്തിനെതിരെ പ്രവർത്തിക്കാൻ അനുവദിക്കില്ല. ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി ഉണ്ടാവുമെന്നും ജനീഷ് കുമാർ പറഞ്ഞു.

വിനോദയാത്രാ സംഘം തിരികെ എത്തിയ ശേഷമുള്ളതാണ് വാട്ട്‌സ് ആപ്പ് ഗ്രൂപ്പിലെ ചർച്ചയെന്നതും ശ്രദ്ധേയമാണ്. കോന്നി താലൂക്ക് ഓഫീസ് ജീവനക്കാർ കൂട്ട അവധിയെടുത്ത് ഉല്ലാസ യാത്ര പോയ സംഭവം സ്‌പോൺസർ ടൂർ ആണെന്ന ആരോപണം ട്രാവൽസ് മാനേജർ തള്ളി. യാത്രയുടെ പണം വാങ്ങിയാണ് ബസ് പോയതെന്ന് മാനേജർ ശ്യാം പറഞ്ഞു. ട്രാവൽസിലെ ഡ്രൈവർ മുഖേനയാണ് ജീവനക്കാർ ബസ് ബുക്ക് ചെയ്തതെന്നും മാനേജർ വ്യക്തമാക്കി. പ്രവർത്തി ദിവസം ജീവനക്കാർ കൂട്ടത്തോടെ അവധിയെടുത്ത് യാത്ര പോയതിൽ ജില്ലാ കളക്ടർ അന്വേഷണം തുടങ്ങിയിട്ടുണ്ട്. എഡിഎം ഹാജർ ബുക്ക് അടക്കം പരിശോധിച്ചു.

ഉല്ലാസ യാത്ര സംസ്ഥാനത്തെമ്പാടും ചർച്ചയായപ്പോഴും വിനോദയാത്ര പോയ സംഘം ഇന്ന് പുലർച്ചെയോടെ തിരികെയെത്തി. മാധ്യമങ്ങളുടെ കണ്ണിൽപ്പെടാതെ ജീവനക്കാർ അവരവരുടെ വീടുകളിലേക്കാണ് മടങ്ങിയത്. മാധ്യമ സാന്നിധ്യം താലൂക്ക് ഓഫീസ് പരിസരത്ത് ഉണ്ടാകുമെന്ന് മനസിലാക്കിയ ജീവനക്കാർ ഓഫിസ് അങ്കണത്തിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ വാഹനങ്ങൾ എടുക്കാതെ വിനോദയാത്ര പോയ ബസിൽ തന്നെയാണ് വീടുകളിലെത്തിയത്.

സംഭവത്തിൽ ജില്ലാ കലക്ടർ ബുധനാഴ്ചക്കകം റിപ്പോർട്ട് സമർപ്പിച്ചേക്കും. തഹസിൽദാരോട് ജില്ലാ കലക്ടർ വിശദീകരണം തേടിയിട്ടുണ്ട്. രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും ആയതിനാൽ മൂന്ന് ദിവസത്തെ വിനോദയാത്രയ്ക്ക് പോവുകയായിരുന്നുവെന്നാണ് ഓഫീസിലുള്ള ഉദ്യോഗസ്ഥർ നൽകുന്ന വിവരം. ഉദ്യോഗസ്ഥരുടെ കൂട്ടഅവധിയെപ്പറ്റി അറിയാതെ നിരവധി സാധാരണ ജനങ്ങൾക്കാണ് ഓഫീസിലെത്തി കാഴ്ചക്കാരായി നോക്കി നിൽക്കേണ്ടി വന്നത്. തഹസിൽദാർ കളക്ടർക്ക് വിഷയത്തിൽ വിശദീകരണം നൽകിയിരുന്നു. ജീവനക്കാരുടെ കൂട്ട അവധിയിൽ കളക്ടർ ചെവ്വാഴ്ച റിപ്പോർട്ട് നൽകും. തഹസിൽദാരുടെ വിശദീകരണത്തിന്റെയും എഡിഎമ്മിന്റെ അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലാകും അന്തിമ റിപ്പോർട്ട്.