പട്ടിക്കാട്: സമസ്ത അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറാൻ തയാർ ജിഫ്രി മുത്തുക്കോയ തങ്ങൾ. ജാമിഅ നൂരിയ്യ വാർഷിക സമ്മേളന സമാപന വേദിയിൽ ആയിരുന്നു പ്രതികരണം. അധ്യക്ഷ സ്ഥാനത്ത് താൻ പോരെങ്കിൽ തന്നെ മാറ്റണമെന്നും ഭിന്നിപ്പുണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് മാറി നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.

മഹാന്മാർ കാണിച്ച മാർഗത്തോട് പിൻപറ്റുകയാണ് വേണ്ടതെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. വിദ്വേഷവും പരസ്പരവുമുള്ള പോരും അവസാനിപ്പിക്കണം. തർക്കം തുടങ്ങിയാൽ അടിച്ചമർത്താൻ പ്രയാസമുണ്ടാകും എന്നും അദ്ദേഹം പറഞ്ഞു. സാദിഖലി തങ്ങളെ വേദിയിലിരുത്തിയായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രതികരണം.

കുഴപ്പങ്ങളുടെ കാലമാണ്. കടലിൽനിന്നും ആകാശത്തുനിന്ന് കുഴപ്പങ്ങളുണ്ടാകുന്ന കാലം വരുമെന്ന് പ്രവാചകൻ പറഞ്ഞിട്ടുണ്ട്. നമ്മൾ അതിലേക്കൊന്നും ശ്രദ്ധിക്കരുത്. പ്രവാചകൻ ഒരിക്കൽ ലൈലത്തുൽ ഖദ്റിനെക്കുറിച്ച് പറയാൻ അനുയായികളുടെ അടുത്തേക്ക് ചെന്നു. അപ്പോൾ അനുചരന്മാർക്കിടയിൽ ചില തർക്കങ്ങളുണ്ടായി. ഇത് മൂലം ലൈലതുൽ ഖദ്ർ സംബന്ധിച്ച അറിവ് ഉയർത്തപ്പെട്ടുപോയി എന്നാണ് പ്രവാചകൻ പറഞ്ഞത്. ഭിന്നത എത്ര വലിയ അപകടമാണെന്ന സൂചനയാണ് ഈ സംഭവത്തിലൂടെ പ്രവാചകൻ പഠിപ്പിച്ചതെന്നും മുത്തുക്കോയ തങ്ങള് പറഞ്ഞു.

മുൻഗാമികൾ ചെയ്ത നന്മകൾ കാത്തുസൂക്ഷിക്കണം. പരസ്പരം കലഹമുണ്ടാക്കാതെ ഒരുമിച്ച് നിൽക്കണം. സമസ്ത രൂപീകരിച്ച കാലം മുതൽ സ്വീകരിച്ചുപോരുന്ന സമീപനത്തിന് ആരുടെ ഭാഗത്തുനിന്നും തടസ്സമുണ്ടാകരുത്. കുഴപ്പങ്ങൾ പൊട്ടിപ്പുറപ്പെട്ടാൽ പിന്നെ അത് ഉണ്ടായാൽ നിയന്ത്രിക്കാനാവില്ല. വാട്സ്ആപ്പ് പോലുള്ള സമൂഹമാധ്യമങ്ങളിൽ പലതും എഴുതിവിടുന്നവർ ഭിന്നതക്ക് ശ്രമിക്കരുത്. സമസ്തക്ക് പല സംഘടനകളുമായും പ്രത്യേക സ്നേഹവും അടുപ്പവുമുണ്ടാവും. അത് തകർക്കാൻ ആരും ശ്രമിക്കരുതെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.

സമുദായത്തിൽ ഭിന്നിപ്പുണ്ടാക്കാൻ പണ്ഡിതന്മാർ ശ്രമിക്കരുത്. ദീനിന്റെ നിലനിൽപ്പിന് ആവശ്യമായ നന്മകൾ ചെയ്യാനാണ് ശ്രമിക്കേണ്ടത്. ഒരുമിച്ച് മുന്നോട്ട് പോകാൻ ശ്രമിക്കണം. മുൻഗാമികളുടെ മാതൃക പിൻപറ്റണം. സമസ്തക്ക് മുൻകാലത്ത് പ്രത്യേക ബന്ധമുള്ള പല സംഘടനകളുമുണ്ട്. അവരുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കണം. അത്തരം ബന്ധങ്ങൾക്ക് കോട്ടമുണ്ടാക്കാൻ ഇവിടെയുള്ള ഉലമാക്കളും ഉമറാക്കളും ഒന്നിച്ചിരിക്കുന്ന കാലത്തോളം സാധ്യമല്ല. ഏതെങ്കിലും സ്ഥാനങ്ങൾ ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിലല്ല പണ്ഡിതന്മാരുടെ മഹത്വം അളക്കേണ്ടത്. വിവിധ വിഷയങ്ങൾ മതപരമായി എന്ത് നിലപാട് സ്വീകരിക്കുന്നു എന്നതാണ് പണ്ഡിതന്മാരുടെ മഹത്വത്തിന്റെ അടിസ്ഥാനമെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.

മറ്റുള്ളവർ ഇടുന്ന ചൂണ്ടയിൽ മുസ്ലിംങ്ങൾ കൊത്തരുനെന്ന് സാദിഖലി തങ്ങൾ

അതേസമയം മറ്റുള്ളവർ ഇടുന്ന ചൂണ്ടയിൽ കൊത്തുന്നവരായി കേരളത്തിലെ മുസ്ലിംകൾ മാറരുതെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും പ്രതികരിച്ചു. അജണ്ടകൾ സ്വന്തമായി തീരുമാനിക്കാനുള്ള ശേഷി സമുദായത്തിനുണ്ടാവണം. ആരെ സ്വീകരിക്കണം, ആരെ തള്ളണമെന്ന് നമ്മൾ തന്നെ തീരുമാനിക്കണം. സോഷ്യൽ മീഡിയയിൽനിന്ന് ആശയം ഉൾക്കൊള്ളേണ്ടതില്ല. സ്വീകരിക്കേണ്ടവരെ തള്ളാനും തള്ളേണ്ടവരെ സ്വീകരിക്കാനുമാണ് സോഷ്യൽ മീഡിയ പറയുന്നത്. അത് നമ്മളെ കെണിയിൽ വീഴ്‌ത്താനുള്ള വഴിയാണെന്നും തങ്ങൾ പറഞ്ഞു.

കേരളത്തിലെ മതസ്ഥാപനങ്ങളുടെ മാതൃസ്ഥാനമാണ് ജാമിഅക്കുള്ളത്. സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെ കോഴിക്കോട്ടെ പാണ്ടികശാലയുടെ മുകളിൽനിന്നാണ് ജാമിഅ സ്ഥാപിക്കുന്നത് സംബന്ധിച്ച ചർച്ചകൾക്ക് തുടക്കം കുറിച്ചത്. സാദാത്തുക്കളും പണ്ഡിതന്മാരും ദീനിനെ സ്നേഹിക്കുന്ന സമ്പന്നന്മാരും ഒരുമിച്ച് നിന്നാണ് ജാമിഅയെ ഉന്നതിയിലേക്ക് നയിച്ചത്. ഈ ഐക്യമാണ് സമുദായത്തിന്റെ വളർച്ചയുടെ അടിസ്ഥാനമെന്നും സാദിഖലി തങ്ങൾ പറഞ്ഞു.

ജിഫ്രി തങ്ങളുടെ വാക്കുകൾക്ക് അടിവരയിടുന്നുവെന്ന് പറഞ്ഞാണ് സാദിഖലി തങ്ങൾ തന്റെ പ്രസംഗം ആരംഭിച്ചത്. പണ്ഡിതന്മാരും സാദാത്തുക്കളും ഒരുമിച്ച പ്രവർത്തിച്ചാണ് പട്ടിക്കാട് ജാമിഅ നൂരിയ പടുത്തുയർത്തിയത്. സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ, പി.എം.എസ്.എ പൂക്കോയ തങ്ങൾ, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ തുടങ്ങിയ സാദാത്തുക്കൾ. സമസ്തയുടെ നേതാക്കളായിരുന്ന ഖുതുബി മുഹമ്മദ് മുസ്ലിയാർ, കെ.കെ അബൂബക്കർ ഹസ്റത്ത്, ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്ലിയാർ തുടങ്ങിയർ എല്ലാവരും ഒരുമിച്ച് പ്രവർത്തിച്ചാണ് ജാമിഅ പടുത്തുയർത്തി.