ന്യൂഡൽഹി: ജോഷിമഠ് നഗരത്തെ കുറിച്ചുള്ള ആശങ്ക വർധിക്കുന്നു. ഭൂമി ഇടിഞ്ഞു താഴ്ന്നതിനു ശേഷമുള്ള ഉത്തരാഖണ്ഡിലെ ജോഷിമഠ് നഗരത്തിന്റെ ഉപഗ്രഹ ചിത്രം പുറത്തുവിട്ട് ഐ.എസ്.ആർ.ഒ. 12 ദിവസത്തിനിടെ 5.4 സെന്റീമീറ്റർ താഴ്ചയാണ് പ്രദേശത്ത് രേഖപ്പെടുത്തിയത്. ഐ.എസ്.ആർ.ഒ.യുടെ നാഷണൽ റിമോട്ട് സെൻസിങ് സെന്ററാണ് ഉപഗ്രഹ ചിത്രം പുറത്തുവിട്ടത്. ഇത് ജനങ്ങളുടെ ആശങ്ക വർധിപ്പിക്കുന്നതാണ്.

2022 ഡിസംബർ 27 മുതൽ ജനുവരി എട്ടുവരെയുള്ള ദിവസങ്ങളിലാണ് ജോഷിമഠിലെ ഭൂമി ഇത്രയധികം താഴ്ന്നത്. കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ നവംബർ വരെയായി ഒൻപത് സെന്റീമീറ്റർ ഭൂമി താഴ്ന്നിരുന്നു. ഇപ്പോൾ 12 ദിവസത്തിനിടെ മാത്രം 5.4 സെന്റീമീറ്റർ താഴ്ന്നത് വലിയ ആശങ്കയ്ക്കിടയാക്കുന്നുണ്ട്. ഇതുപ്രകാരം കണക്കാക്കിയാൽ കഴിഞ്ഞ ഒൻപത് മാസത്തിനിടെ ജോഷിമഠ് 15 സെന്റീമീറ്ററോളം താഴേക്കുപോയി. ആർമി ഹെലിപ്പാടും നർസിങ് മന്ദിരവും ഉൾപ്പെടുന്ന സെൻട്രൽ ജോഷിമഠിൽ മാത്രമാണ് ഈ താഴ്ചയുള്ളതെന്ന്‌ഐ.എസ്.ആർ.ഒ. ഉപഗ്രഹ ചിത്രം വ്യക്തമാക്കുന്നു.

ജോഷിമഠിനെ ഭൂമി ഇടിഞ്ഞുതാഴുന്ന മേഖലയായി കഴിഞ്ഞ ദിവസം ചാമോലി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചിരുന്നു. വിള്ളലുണ്ടായതിനെത്തുടർന്ന് നിരവധി കെട്ടിടങ്ങളാണ് തകർന്നത്. ഇതേത്തുടർന്ന് പ്രദേശത്തുനിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. ഇടക്കാല ആശ്വാസ പാക്കേജായി 1.5 ലക്ഷം രൂപയും ഉത്തരാഖണ്ഡ് സർക്കാർ വകയിരുത്തി. പ്രദേശത്തെ കൂടുതലായി തകർന്ന കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്ന നടപടിയിലേക്ക് കടന്നു.

ജോഷിമഠ് നഗരത്തെ ശക്തിപ്പെടുത്തുന്ന വിധത്തിൽ പദ്ധതികൾ രൂപവത്കരിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ട് ഹൈക്കോടതി രംഗത്തെത്തി. ഇതിനായി ഒരു സ്വതന്ത്ര കമ്മിറ്റിയെ ചുമതലപ്പെടുത്താനും കോടതി നിർദേശിച്ചു. മഴമുന്നറിയിപ്പിന്റെ ഭീതിയിൽ കൂടിയാണ് ഇന്ന് ജോഷിമഠ്. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ കെട്ടിടങ്ങളുടെ വിള്ളൽ വലുതായത് ജനങ്ങളുടെ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. ഏറ്റവും അപകട ഭീഷണി ഉയർത്തുന്ന മലാരി ഇൻ ഹോട്ടൽ അടക്കം പൊളിച്ചു മാറ്റുന്നത് ഇന്ന് പുനരാരംഭിക്കും. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഇടക്കാല ദുരിതാശ്വാസ വിതരണവും ഇന്ന് നടക്കും.

നൂറുകണക്കിന് വീടുകൾക്ക് വിള്ളലുകൾ ഉണ്ടാകുകയും വാസസ്ഥലങ്ങൾ അപകടകരമാണെന്ന് കണ്ടെത്തിയതിനാൽ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തതിന് പിന്നാലെ ജോഷിമഠിനെ ചമോലി ജില്ലാ ഭരണകൂടം ഭൂമി തകർച്ച മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ 1.5 ലക്ഷം രൂപയുടെ ഇടക്കാല ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കുകയും പുനരധിവാസ പാക്കേജിനായി പ്രവർത്തിക്കുകയും ചെയ്യുന്നു. അപകടത്തിൽപ്പെട്ട രണ്ട് ഹോട്ടലുകളുടെ പൊളിക്കൽ വ്യാഴാഴ്ച ആരംഭിച്ചെങ്കിലും മോശം കാലാവസ്ഥ കാരണം പ്രവർത്തി നിർത്തിവെച്ചു.

ഹോട്ടൽ മലരി ഇൻ, മൗണ്ട് വ്യൂ ഹോട്ടലുകൾ എന്നിവയാണ് പൊളിക്കുന്നത്. ഇവയുടെ നിലനിൽപ്പ് ചുറ്റുമുള്ള കെട്ടിടങ്ങൾക്ക് അപകടകരമാണ്, മറ്റ് വീടുകളൊന്നും ഇപ്പോൾ പൊളിക്കില്ലെന്നും ഭരണകൂടം ഉറപ്പുനൽകി. ജോഷിമഠം ഇടഞ്ഞ് താഴുന്നത് വിശകലനം ചെയ്യാൻ നിരവധി വിദഗ്ധ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്, അതേസമയം എൻടിപിസി ഹൈഡൽ പ്രോജക്റ്റിനായുള്ള ടണലിങ് ജോലികളെ ചിലർ വിമർശിക്കുന്നുണ്ടെങ്കിലും. തങ്ങളുടെ തുരങ്കം ജോഷിമഠിന് താഴെയൂടെയല്ല കടന്നുപോകുന്നതെന്നാണ് എൻ ടി പി സി അവകാശപ്പെടുന്നത്.

ജോഷിമഠത്തിലെ മണ്ണിടിച്ചിൽ വിലയിരുത്താൻ നിയോഗിച്ച വിദഗ്ധ സമിതിയാണ് തകർന്ന വീടുകൾ എത്രയും പെട്ടെന്ന് പൊളിക്കാൻ ശുപാർശ ചെയ്തിരുന്നു. സെൻട്രൽ ബിൽഡിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (സിബിആർഐ) സംഘത്തിന്റെ മേൽനോട്ടത്തിലാണ് പൊളിക്കൽ നടക്കുക. ഇവരെ സഹായിക്കാൻ ദേശീയ ദുരന്ത നിവാരണ സേനയേയും (എൻ ഡി ആർ എഫ്) വിളിച്ചിട്ടുണ്ട്. എന്നാൽ വീടുകൾ നിലവിൽ പൊളിക്കേണ്ടതില്ലെന്നാണ് നിലവിലെ തീരുമാനം.