കൊച്ചി: മദ്യ സൽക്കാരത്തിൽ ബാലികയെക്കൊണ്ട് ബീഫും അച്ചാറും വിളമ്പിച്ചതായ പരാതിയിൽ കുറ്റാരോപിതരുടെ ഹർജി ഹൈക്കോടതി തള്ളി. ആറാഴ്ചക്കുള്ളിൽ പരാതിയിൽ ഉത്തരവിടാൻ ബാലാവകാശക്കമ്മീഷന് ഹൈക്കോടതിയുടെ അനുമതി. വ്യത്യസ്ത ഏജൻസികളുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ബാലാവകാശക്കമ്മീഷൻ ഉത്തരവ് ഇടുന്നതിന് മുൻപ് തന്നെ കേസ് അവസാനിപ്പിക്കണമെന്ന പ്രതികളായ വർഗ്ഗീസ് മേനാച്ചേരി, ഇ. എഫ്. ജോസഫ് എന്ന സന്തോഷ് , കൃഷ്ണകുമാർ, ജയകൃഷ്ണൻ, എബി ജോസ്, സുരേഷ് കുമാർ എന്നിവർ നൽകിയ ഹർജിയാണ് ജസ്റ്റിസ് ഷാജി പി ചാലി യുടെ ബെഞ്ച് തള്ളിയത്.

വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് കോടതിയുടെ മുമ്പാകെ ഈ ഹർജി നിലനിർത്തുന്നതിൽ അർത്ഥമില്ലെന്നും ആറാഴ്ചക്കുള്ളിൽ ബാലാവകാശക്കമ്മീഷനോട് ഉത്തരവ് പുറപ്പെടുവിക്കാനും കോടതി നിർദ്ദേശിച്ചു. ബാലാവകാശക്കമ്മീഷന്റെയും സംസ്ഥാന സർക്കാരിന്റെയും വാദം അംഗീകരിച്ച് കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.

2020 ഡിസംബർ 14 ആം തിയതി ആലുവ മണപ്പുറം ആൽത്തറ - ജി. സി. ഡി. എ റോഡിൽ സ്ഥിതി ചെയ്യുന്ന സമ്മർ നെസ്റ്റ് അപ്പാർട്‌മെന്റിൽ പെന്റ് ഹൗസിൽ താമസക്കാരനായ വേഴപ്പിള്ളി ജലീലിന്റെ മകൻ ആദിലിന്റെ വിവാഹ സൽക്കാരത്തോടനുബന്ധിച്ചാണ് ഫ്‌ളാറ്റിലെ റിക്രിയേഷൻ ഹാളിന് മുകളിലുള്ള ടെറസിൽ എല്ലാ കോവിഡ് മാനദണ്ഡങ്ങളും കാറ്റിൽ പറത്തി നിയമ വിരുദ്ധമായി മദ്യ സൽക്കാരം നടത്തിയത്. വിവാഹ സൽക്കാരത്തിന് പരാതിക്കാരന്റെ കുടുംബം ഉൾപ്പടെ എല്ലാ താമസക്കാരേയും ക്ഷണിച്ചിരുന്നു. അതിൽ പരാതിക്കാരന്റെ മകൾ മാതാവിനോടൊപ്പം പങ്കെടുത്തു.

ഫ്‌ളാറ്റുടമകളായ വർഗ്ഗീസ് മേനാച്ചേരി, ഇ. എഫ്. ജോസഫ് എന്ന സന്തോഷ്, ജയകൃഷ്ണൻ, കൃഷ്ണ കുമാർ വാടകക്ക് താമസിക്കുന്ന എബി വർഗ്ഗീസ്, സുരേഷ് കുമാർ എന്നിവർ നിയമ വിരുദ്ധമായി സംഘം ചേർന്ന് ചടങ്ങിൽ മദ്യപിക്കുകയും അതിൽ ഇ എഫ് ജോസഫ് എന്ന സന്തോഷ് ടെറസിൽ കളിച്ച് കൊണ്ടിരിക്കുകയായിരുന്ന മകളെ കൊണ്ട് ആദ്യം ബീഫ് ഫ്രൈയും പിന്നീട് അച്ചാറും വിളമ്പിച്ചതായുമാണ് കുട്ടിയുടെ പിതാവിന്റെ പരാതി. ഇത് സാക്ഷിമൊഴികളുടെയും പരിശോധനയുടെയും അടിസ്ഥാനത്തിൽ ബോധ്യപ്പെട്ടതായി ബാല സംരക്ഷണ വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു.

പരാതിക്കാരനും അസ്സോസിയേഷനും തമ്മിൽ ചില തർക്കങ്ങൾ ഉണ്ടെന്ന കുറ്റാരോപിതരുടെ വാദം തള്ളിയാണ് ബാലസംരക്ഷണ വകുപ്പിന്റെ റിപ്പോർട്ട്. അസ്സോസിയേഷനുമായുള്ള തർക്കവും ഈ പരാതിയും തമ്മിൽ ഒരു ബന്ധവുമില്ലായെന്നും ബാലസംരക്ഷണ വകുപ്പ് വിലയിരുത്തി. അസ്സോസിയേഷനുമായി ബന്ധപ്പെട്ട തർക്കം ഫ്‌ളാറ്റിലെ റിക്രിയേഷൻ ഹാളിൽ മദ്യം വിളമ്പാനുള്ള അസ്സോസിയേഷന്റെ വാർഷിക പൊതുയോഗ തീരുമാനത്തിനെതിരെയുള്ളതാണെന്നും ആ തീരുമാനം പരാതിക്കാരന്റെ നിയമ നടപടിമൂലം അസ്സോസിയേഷന് പിൻവലിക്കേണ്ടി വന്നതുമായ രേഖകൾ ബന്ധപ്പെട്ട ഏജൻസികൾക്ക് നൽകുകയും അത് ബാലസംരക്ഷണ വകുപ്പ് ഗൗരവമായി പരിഗണിക്കുകയും ചെയ്തതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട്.

മാത്രവുമല്ല, സ്വന്തം മകൾക്കുണ്ടായ ദാരുണമായ സംഭവത്തിന് നിയമനടപടി സ്വീകരിച്ചതിന്റെ പേരിൽ വാട്‌സ്ആപ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കിയ രേഖകളും അന്വേഷണ ഏജൻസികൾക്ക് കൈമാറിയിരുന്നു. കുറ്റാരോപിതരിൽ ഒരാൾ കേരള പൊലീസിന്റെ ഓപ്പറേഷൻ കുബേരയിലെ പ്രതിയും, പണം പലിശയ്ക്ക് കൊടുത്ത് ഒരു കുടുംബം ആത്മഹത്യ ചെയ്ത സംഭവത്തിലെ കുറ്റാരോപിതനായതിന്റെ രേഖകളും ബാലസംരക്ഷണ വകുപ്പ് ഗൗരവമായി പരിഗണിച്ചിട്ടുണ്ട്.

ബാലാവകാശക്കമ്മീഷന് വേണ്ടി സ്റ്റാന്റിങ് കൗൺസിൽ അഡ്വ. തൗഫീഖും സംസ്ഥാന സർക്കാരിന് വേണ്ടി ഗവ. പ്ലിഡർ അഡ്വ. വിദ്യ കുര്യാക്കോസും ഹാജരായി. കുറ്റാരോപിതനായ സന്തോഷ് ഇപ്പോൾ ഫ്‌ളാറ്റിന്റെ അസോസിയേഷൻ സെക്രട്ടറിയാണ്. കുറ്റാരോപിതരും അവരുടെ ഭാര്യമാരുമാണ് അസ്സോസിയേഷൻ ഭാരവാഹികളിൽ ഭൂരിഭാഗം അംഗങ്ങളും. അതിനാൽ പരാതിക്കാരന്റെ കുടുംബത്തിന് നേരെ അസ്സോസിയേഷൻ നിരന്തരം ജനറേറ്റർ കണക്ഷൻ കട്ട് ചെയ്യുന്നതുൾപ്പെടെയുള്ള പ്രതികാര നടപടികൾ സ്വീകരിക്കുകയാണെന്ന് പരാതിക്കാരൻ പറഞ്ഞു.