തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ റിപ്പോര്‍ട്ടിലെ മൊഴികള്‍ അടങ്ങിയ അനുബന്ധം എവിടെയെന്നതില്‍ ആശയക്കുഴപ്പം തുടരുന്നു. സര്‍ക്കാരിന് അനുബന്ധ രേഖകളും മറ്റുള്ളവയും നല്‍കിയില്ലെന്ന് മുന്‍ മന്ത്രി എകെ ബാലന്‍ പ്രതികരിച്ചിരുന്നു. റിപ്പോര്‍ട്ട് പൂര്‍ണമായി വായിച്ചിട്ടില്ലെന്നു വ്യക്തമാക്കിയ നിലവിലെ മന്ത്രി സജി ചെറിയാനും ഇതേക്കുറിച്ചു വ്യക്തമാക്കുന്നില്ല.

2019 ഡിസംബര്‍ 31ന് യഥാര്‍ഥ റിപ്പോര്‍ട്ടും 2 പകര്‍പ്പുകളും ഹേമ കമ്മിറ്റി സര്‍ക്കാരിനു കൈമാറിയിരുന്നു. മുഖ്യമന്ത്രിക്കും അന്നത്തെ സാംസ്‌കാരിക മന്ത്രി എകെ ബാലനാണ് ഇവ നല്‍കിയത്. തന്റെ ഓഫിസില്‍ റിപ്പോര്‍ട്ടിന്റെ മറ്റു പകര്‍പ്പുകള്‍ ഇല്ലെന്നും 2020 ഫെബ്രുവരി 19ന് സാംസ്‌കാരിക വകുപ്പ് സെക്രട്ടറിക്ക് എഴുതിയ കത്തില്‍ ജസ്റ്റീസ് ഹേമ പറയുന്നുണ്ട്. കമ്മിറ്റിയുടെ കൈവശമുള്ള രേഖകളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ഫെബ്രുവരിയില്‍ സാംസ്‌കാരിക വകുപ്പ് സെക്രട്ടറി കമ്മിറ്റി അധ്യക്ഷയ്ക്കു നല്‍കിയ കത്തിനുള്ള മറുപടിയാണിത്. ഇതോടെയാണ് അനുബന്ധ രേഖകളില്‍ ആശയക്കുഴപ്പം ഉണ്ടാകുന്നത്.

റിപ്പോര്‍ട്ടിലെ ചില പ്രധാന നിരീക്ഷണങ്ങളും ശുപാര്‍ശകളും ഇപ്പോഴും പുറത്തുവിട്ടിട്ടില്ല. തൊഴിലിടങ്ങളിലെ ലൈംഗിക പീഡനങ്ങളില്‍ സുപ്രീം കോടതിയുടെ നിര്‍ദേശവും കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവും പാലിച്ച് കര്‍ശന നടപടിയെടുക്കണമെന്നു കമ്മിറ്റി നിര്‍ദേശിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലൂടെയും മറ്റും നടന്മാരുടെ ഫാന്‍ ക്ലബ്ബുകള്‍ നടിമാരെ മോശമായി ചിത്രീകരിക്കുന്നതിനെതിരെ ഐപിസി 354 അനുസരിച്ച് കേസെടുക്കണമെന്നും ശുപാര്‍ശയുണ്ട്. എന്നാല്‍ ഇതൊന്നും സര്‍ക്കാര്‍ അറിഞ്ഞ മട്ടു കാണിക്കുന്നില്ല. കമ്മിറ്റിയുടെ നിരീക്ഷണങ്ങള്‍ അടങ്ങുന്ന ഏതാനും പേജ് ഒഴിവാക്കിയാണ് വിവരാവകാശ അപേക്ഷകര്‍ക്കു നല്‍കിയതെന്നും സൂചനയുണ്ട്.

എഴുപതിലേറെ ഡിജിറ്റല്‍ രേഖകളടക്കമുള്ള അനുബന്ധം പുറത്തുവിട്ടിരുന്നില്ല. ഇതു സൂക്ഷിച്ചിരുന്നത് സെക്രട്ടേറിയറ്റിലെ ആഭ്യന്തര രഹസ്യ വിഭാഗത്തിന്റെ ലോക്കറിലാണെന്നു സൂചനയുണ്ട്. ഒരു പകര്‍പ്പ് നിയമവകുപ്പിലേക്കു പരിശോധനയ്ക്കും വിശകലനത്തിനുമായി കൈമാറിയിരുന്നു. മറ്റൊന്നു സംസ്ഥാന പൊലീസ് മേധാവിക്കും നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതില്‍ എന്തെല്ലാമുണ്ടെന്നതില്‍ ആര്‍ക്കും ഒരു വ്യക്തതയുമില്ല. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അനുബന്ധ രേഖകളില്‍ വ്യക്തത വരുത്തിയില്ലെന്നതാണ് വസ്തുത.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന കാര്യങ്ങളൊക്കെ പലപ്പോഴായി നമ്മളൊക്കെ പറഞ്ഞു കേട്ടതും ചര്‍ച്ച ചെയ്യപ്പെടുന്നതുമായ വിഷയങ്ങളാണെന്ന് നടന്‍ ഹരീഷ് പേരടി പ്രതികരിച്ചിരുന്നു. സിനിമ മേഖലയിലെ സ്ത്രീകള്‍ ഉന്നയിച്ചിരുന്ന വിഷയങ്ങള്‍ക്കൊക്കെ ഒരു ആധികാരികത വന്നിരിക്കുന്നു എന്നതാണ് റിപ്പോര്‍ട്ടിന്റെ പ്രസക്തിയെന്നും ഇനി സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്കാണ് ഞങ്ങള്‍ കാത്തിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ടിന്‍മേല്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കും എന്നതാണ് പൊതുജനങ്ങള്‍ക്ക് അറിയേണ്ടത്. മാറ്റിവയ്ക്കപ്പെട്ട പേജുകളില്‍ ഇരകളുടെ സ്വകാര്യതയെ മാനിക്കപ്പെടുന്നതും ബഹുമാനിക്കപ്പെടുന്നതും എന്താണെന്ന് നമുക്ക് മനസിലാക്കാന്‍ പറ്റും. പക്ഷേ, ഈ പേജുകളില്‍ കുറേ വേട്ടക്കാരുണ്ട്. ആ വേട്ടക്കാര്‍ക്കെതിരെ സര്‍ക്കാര്‍ എന്ത് നടപടിയാണ് എടുക്കാന്‍ പോകുന്നതെന്ന് നമുക്ക് അറിഞ്ഞേ പറ്റൂ. എത്ര വലിയ പ്രമുഖരായാലും വേട്ടക്കാര്‍ക്കെതിരെ നടപടി എടുത്തേ പറ്റൂ. കുറ്റവാളിയായി കഴിഞ്ഞാല്‍ അവരാരും പ്രമുഖരൊന്നുമല്ല. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് എന്റെ നിലപാട്.

ഞാന്‍ അമ്മ താര സംഘടനയില്‍ നിന്ന് രാജിവച്ച ആളാണ്. ഇത്തരം വിഷയവുമായി ബന്ധപ്പെട്ട് തുടര്‍ച്ചയുടെ ഫലമായാണ് രാജി. ഒരു സംഘടന എന്ന നിലയില്‍ ഇത്തരം പ്രശ്‌നങ്ങളെ മനസിലാക്കാന്‍ ശ്രമിക്കണം. അല്ലാതെ പഠിക്കട്ടെ, പറയട്ടേ എന്നല്ല പറയേണ്ടത്.ഹേമ കമ്മിറ്റി പോലുള്ള റിപ്പോര്‍ട്ട് പുറത്തുവന്നിട്ട് അവര്‍ എന്താണ് പഠിക്കുന്നതെന്ന് എനിക്ക് മനസിലാവുന്നില്ല. അതൊക്കെ പക്കാ അശ്ലീലത്തരങ്ങളാണ്. അത്തരം വര്‍ത്തമാനങ്ങളെങ്കിലും മാദ്ധ്യമത്തോടും പൊതു സമൂഹത്തോടും പറയാതിരിക്കുക. മറിച്ച് ഇത്തരം വിഷയങ്ങളെ നേരിടുക. അഡ്രസ് ചെയ്യുക. അതാണ് നട്ടെല്ലുണ്ടെങ്കില്‍ താരസംഘടന ചെയ്യേണ്ടത്. ഇക്കാര്യങ്ങള്‍ പരിശോധിച്ച് താരസംഘടനകള്‍ നടപടിയെടുക്കണം'- ഹരീഷ് പേരടി പറഞ്ഞു.