തിരുവനന്തപുരം: സിപിഎമ്മിന് തുടർഭരണം കിട്ടാതിരിക്കാൻ പ്രാർത്ഥിക്കണമെന്ന പ്രസ്താവന വിവാദമായതോടെ പറഞ്ഞത് തിരുത്തി കവി സച്ചിദാനന്ദൻ. മാധ്യമങ്ങളെ വിമർശിച്ചു കൊണ്ടാണ് സച്ചിദാനന്ദൻ മലക്കം മറിഞ്ഞത്. ഇടതുപക്ഷത്തെ കൂടുതൽ വിശാലമായി, ഗാന്ധിയെയും അംബേദ്കറെയും ഉൾക്കൊള്ളാവുന്ന വിധത്തിൽ നിർവ്വചിക്കാനാണ് താൻ ശ്രമിച്ചത്. എന്നാൽ, അത് തെറ്റായി പ്രചരിപ്പിക്കുകയായിരുന്നു എന്ന് അദ്ദേഹം വിമർശിച്ചു.

താൻ പറഞ്ഞ കാര്യങ്ങളുടെ എഡിറ്റ് ചെയ്ത വേർഷനുകൾ ആണ് പത്രത്തിലും യു ട്യൂ ബിൽ വന്നത്. അതിൽ നിന്ന് തന്നെ തങ്ങൾക്ക് വേണ്ട ചില വരികൾ എടുത്ത് പ്രചരിപ്പിക്കാൻ ആണ് മറ്റു മാധ്യമങ്ങൾ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ കൂടുതൽ സ്വാതന്ത്ര്യം തേടിയാണ് വന്നത്. എന്നാൽ ദേശീയമായ കാഴ്ചപ്പാടിൽ കാര്യങ്ങളെ കാണുവാൻ ഇവിടത്തെ കറുപ്പും വെളുപ്പും രാഷ്ട്രീയം തടസ്സമാണെന്ന് ബോദ്ധ്യമാകുന്നുവെന്നും സച്ചിദാനന്ദൻ ഫേസ്‌ബുക്കിൽ കുറിച്ചു. രാഷ്ട്രീയം ആയ അഭിമുഖങ്ങൾ ഇനി ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കെ സച്ചിദാനന്ദന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

നമ്മുടെ മാധ്യമധാർമ്മികത വിചിത്രമാണ്. വലതു പക്ഷത്തിന്റെ വളർച്ചയുടെ വിപത്തുകൾ കൃത്യമായി ചൂണ്ടിക്കാട്ടി, ഇടതുപക്ഷത്തെ കൂടുതൽ വിശാലമായി, ഗാന്ധിയെയും അംബേദ്കറെയും ഉൾക്കൊള്ളാവുന്ന വിധത്തിൽ, നിർവ്വചിക്കാൻ ശ്രമിക്കയാണ്, വളരെ കാലമായി ചെയ്യും പോലെ, ഞാൻ രണ്ടു മണിക്കൂർ നീണ്ട ഇന്ത്യൻ എക്സ്‌പ്രസ്സ് അഭിമുഖത്തിൽ ചെയ്തത്, ഇന്നത്തെ ഇടതുപക്ഷത്തിന്റെ ചില പരാധീനതകൾ ചൂണ്ടിക്കാട്ടുകയും. അതിന്റെ പ്രത്യേകരീതിയിൽ എഡിറ്റ് ചെയ്ത വേർഷനുകൾ ആണ് പത്രത്തിലും യു ട്യൂ ബിലും വന്നത്. അതിൽ നിന്ന് തന്നെ തങ്ങൾക്ക് വേണ്ട ചില വരികൾ എടുത്ത് പ്രചരിപ്പിക്കാൻ ആണ് മറ്റു മാധ്യമങ്ങൾ ശ്രമിച്ചത്. ചില ഫലിതങ്ങൾ പോലും പ്രസ്താവനകൾ എന്നപോലെ പ്രചരിപ്പിക്കപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ് ഇന്നത്തെ കേരളത്തിന്റെ അവസ്ഥയെക്കുറിച്ച് ഞാൻ താഴെയുള്ള പോസ്റ്റ് ഇട്ടത്. കേരളത്തിൽ കൂടുതൽ സ്വാതന്ത്ര്യം തേടിയാണ് വന്നത്. എന്നാൽ ദേശീയമായ കാഴ്ചപ്പാടിൽ കാര്യങ്ങളെ കാണുവാൻ ഇവിടത്തെ കറുപ്പും വെളുപ്പും രാഷ്ട്രീയം തടസ്സമാണെന്ന് ബോദ്ധ്യമാകുന്നു. രാഷ്ട്രീയം ആയ അഭിമുഖങ്ങൾ ഇനി ഇല്ല. എനിക്ക് വേണ്ടത് എനിക്ക് നിയന്ത്രണമുള്ള പ്രസംഗങ്ങളിലും ലേഖനങ്ങളിലും പറഞ്ഞു കൊള്ളാം.

നേരത്തെ സിപിഎം വീണ്ടും അധികാരത്തിലെത്താതിരിക്കാൻ സഖാക്കൾ പ്രാർത്ഥിക്കണമെന്നും മൂന്നാംവട്ടവും അധികാരത്തിലെത്തിയാൽ ബംഗാളിലെ പോലെ പാർട്ടി നശിക്കുമെന്നുമാണ് സച്ചിദാനന്ദൻ പറഞ്ഞത്. 'പശ്ചിമ ബംഗാളിൽ നമ്മൾ കണ്ടതുപോലെ രണ്ട് ടേം ഒരു പാർട്ടിയെ അഹങ്കാരികളാക്കുകയും മുന്നാമത്തെ ടേം നശിപ്പിക്കുകയും ചെയ്യും. ഞാൻ എന്റെ സഖാക്കളോട് പറഞ്ഞുകൊണ്ടേയിരിക്കുന്നു - അടുത്ത തവണ നിങ്ങൾ അധികാരത്തിൽ വരാതിരിക്കാൻ പ്രാർത്ഥിക്കുക. കാരണം അത് പാർട്ടിയുടെ അവസാനമായിരിക്കും' . സച്ചിദാനന്ദൻ പറഞ്ഞു.

പിണറായിയെ പേരെടുത്ത് പറയുന്നില്ലെങ്കിലും വ്യക്തിത്വ ആരാധനയെന്ന ചർച്ചയിലേക്ക് കാര്യങ്ങളെത്തിക്കുന്നതിന് പിന്നിൽ വലിയ അജണ്ടയുണ്ടെന്ന് സിപിഎം വിലയിരുത്തിയിരുന്നു. കേന്ദ്രത്തിലും സംസ്ഥാനത്തും നേതാക്കളെ വ്യക്തിത്വ ആരാധന നടത്തുന്നതിൽ കുറ്റപ്പെടുത്താനാവില്ല. വിഗ്രഹാരാധനയുടെ പിന്നിലെ മനഃശാസ്ത്രം മനസ്സിലാക്കേണ്ടതുണ്ട്. ഇത്തരമൊരു സാഹചര്യം മുമ്പ് കേരളത്തിൽ ഉണ്ടായിട്ടില്ല എന്നത് സത്യമാണ്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ഇത്തരം പ്രവണതകൾ ദോഷകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗ്രോ വാസു വിഷയം ആളിക്കത്തിക്കാനും സച്ചിദാനന്ദൻ മുന്നോട്ട് വന്നിരുന്നു.

ഇത്തരമൊരു ഇടപെടൽ സച്ചിദാനന്ദനെ പോലൊരു ഇടതു സാസ്‌കാരിക നായകനിൽ നിന്നും സിപിഎം പ്രതീക്ഷിച്ചതല്ല. എന്നാൽ ശക്തമായ വിമർശനങ്ങൾ ഉയർത്തുമ്പോൾ സച്ചിദാനന്ദന്റെ വാക്കുകൾ കൂടുതൽ പേരിലേക്ക് എത്തുമെന്നാണ് സിപിഎം വിലയിരുത്തൽ. പ്രസ്താവന വിവാദമായതോടെ സിപിഎം വിഷയത്തിൽ അനുനയ ലൈനാണ് സ്വീകരിച്ചത്. പ്രതികരിക്കാതിരിക്കുക എന്ന ശൈലിയിലേക്ക് സിപിഎം മാറിയിരുന്നു. ഇതിനിടെയാണ് സച്ചിദാനന്ദൻ പറഞ്ഞത് തിരുത്തി രംഗത്തുവന്നത്.

കേരളത്തിലെ പൊലീസ് സംവിധാനത്തോട് വിയോജിപ്പുണ്ടെന്നം അദ്ദേഹം വിമർശിച്ചിരുന്നു. പൊലീസിനകത്തുള്ള ആർഎസ്എസ് പക്ഷമാണ് ഇത്തരം കാര്യങ്ങൾക്ക് പിന്നിലെന്നാണ് ഇടതുപക്ഷത്തിന്റെ വാദം. അതൊരു ന്യായീകരണമോ കാരണമോ ആകാം. യുഎപിഎയും സമാനമായ നിയമങ്ങളോടും തനിക്ക് എതിർപ്പാണ്. ഗ്രോ വാസുവിനോടുള്ള പൊലീസ് സമീപനം ഒരിക്കലും ഇടതുപക്ഷ സർക്കാർ സ്വീകരിക്കാൻ പാടില്ലാത്തതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു സച്ചിദാനന്ദന്റെ പ്രതികരണം.

അതേസമയം കെ സച്ചിദാനന്ദന്റെ പ്രസ്താവന ഏറ്റെടുത്ത് പ്രതിപക്ഷവും രംഗത്തുവന്നിരുന്നു.'കേരളത്തിലെ ജനങ്ങളുടെ മനസിലുള്ളതാണ് സച്ചിദാനന്ദൻ പറഞ്ഞത്. കേരളത്തിലെ ഭരണം നോക്കിക്കാണുന്ന ആരും പറയുന്ന അഭിപ്രായമാണിത്. കവിയും എഴുത്തുകാരനുമൊക്കെയായതുകൊണ്ട് അദ്ദേഹം ഹൃദയത്തിൽ തട്ടി പറഞ്ഞതാണ്. ഈ സർക്കാർ തുടരുന്നെങ്കിൽ എന്തായിരിക്കും കേരളത്തിന്റെ സ്ഥിതിയെന്ന് ഭയന്നിരിക്കുകയാണ്. കേരളം തകർന്ന് തരിപ്പണമായിരിക്കുകയാണ്. അഴിമതിയുടെ ചെളിക്കുണ്ടിൽ വീണുകിടക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെയും അദ്ദേഹത്തിന്റെ സഹപ്രവർത്തകരേയും ജനങ്ങളുടെ മുന്നിൽ തുറന്നുകാണിക്കുന്നതിനുള്ള അവസരമാണ് പുതുപ്പള്ളി തിരഞ്ഞെടുപ്പ്.' -പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.

'ഇത്രയേറെ മാധ്യമങ്ങളെയും ജനങ്ങളെയും പ്രതിപക്ഷത്തെയും ഭയന്നിട്ടുള്ള മുഖ്യമന്ത്രി വേറെയില്ല. ഇതാണോ നിങ്ങളുടെ ഇരട്ടച്ചങ്കൻ? ഇത് ഓട്ടച്ചങ്കനാണ്. അദ്ദേഹം ആകാശവാണിയാണ്. ആകാശവാണി വിജയൻ. ചോദിക്കാൻ അവസരം കൊടുക്കില്ല, ചോദ്യങ്ങൾക്ക് ഉത്തരമില്ല. ഇപ്പോൾ പൊതുമരാമത്ത് മന്ത്രിയാണ് ഇറങ്ങിയിരിക്കുന്നത്. ആരോപണം ഉന്നയിക്കുന്നവർക്ക് മരുന്ന് കൊടുക്കണമെന്നാണ് മരുമോൻ പറയുന്നത്. അധികാരത്തിന്റെ അഹങ്കാരം തലയ്ക്ക് പിടിച്ചതിനാലാണ് ഒരു മന്ത്രിക്ക് ഇങ്ങനെ പറയാൻ ധൈര്യം കിട്ടിയത്.'- പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.