കോഴിക്കോട്: സംസ്ഥാനത്ത് മഴ കനത്തതോടെ പലയിടത്തും നാശനഷ്ടങ്ങൾ. നദികളിലും അണക്കെട്ടുകളിലും ജലനിരപ്പ് ഉയർന്നു. ഇടുക്കിയിലെ കല്ലാർകുട്ടി ഡാം തുറന്നിരിക്കയാണ്. കേരളത്തിൽ അടുത്ത രണ്ടുദിവസം വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായതോ അതിശക്തമായയോ ആയ മഴയ്ക്കും സാധ്യതയുണ്ട്. തുടർന്ന് മഴയുടെ തീവ്രത കുറയാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത മഴയിൽ കണ്ണൂർ സെൻട്രൽ ജയിലിന്റെ മതിൽ തകർന്നു.

ഒൻപതാം ബ്ലോക്കിന്റെ സമീപത്തെ മതിലാണ് 30 മീറ്റർ നീളത്തിൽ തകർന്നത്. മലപ്പുറം പെരിന്തൽമണ്ണ പട്ടാമ്പി റോഡിൽ നിർത്തിയിട്ട വാഹനങ്ങൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു. രണ്ട് ഇരുചക്രവാഹനങ്ങളുടെയും ഒരു പിക്കപ്പ് ലോറിയുടെയും മുകളിലേക്കാണ് മണ്ണ് വീണത്. ആളപായമില്ല. മലപ്പുറം അമരമ്പലം പുഴയിൽ മുത്തശ്ശിയെയും പേരക്കുട്ടിയെയും ഒഴുക്കിൽപ്പെട്ട് കാണാതായി. സുശീല, അനുശ്രീ എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്. ബുധനാഴ്ച പുലർച്ചെ 2.30-നാണ് സംഭവം. ഇവർക്കായി തിരച്ചിൽ തുടരുകയാണ്.

മലപ്പുറം ജില്ലയിൽ 13 വീടുകൾ ഭാഗികമായി തകർന്നു. പൊന്നാനിയിൽ 13 കുടുംബങ്ങളും ക്യാംപിലേക്കു മാറ്റി. പെരിന്തൽമണ്ണയിൽ നിർത്തിയിട്ട വാഹനങ്ങളിൽ മണ്ണിടിഞ്ഞു വീണു. തിരുവനന്തപുരം പൊന്മുടിയിൽ വിനോദസഞ്ചാരികൾക്കി വിലക്കേർപ്പെടുത്തി. തിരുവല്ല നിരണം വടക്കും സെന്റ് പോൾസ് സിഎസ്‌ഐ പള്ളി മഴയിൽ തകർന്നു.

അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ 12 ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലത്തും തിരുവനന്തപുരത്തും യെലോ അലർട്ടാണ്. മഴ കനത്ത് ജലനിരപ്പ് ഉയർന്നതോടെ കേരളത്തിൽ വിവിധ ഡാമുകൾ തുറന്നു. പത്തനംതിട്ടയിൽ മണിയാർ ഡാം തുറന്ന സാഹചര്യത്തിൽ പമ്പ, കക്കാട്ടാർ തീരങ്ങളിൽ വസിക്കുന്നവർക്കായി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.

കല്ലാർകുട്ടി അണക്കെട്ടിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി. ഒരു ഷട്ടർ 60 സെന്റിമീറ്ററിനും മറ്റൊന്ന് 30 സെന്റിമീറ്ററും ഉയർത്തി. സെക്കൻഡിൽ 90 ഘനമീറ്റർ വെള്ളം ഒഴുക്കുന്നു. പാംബ്ല അണക്കെട്ടും തുറന്നു. പെരിയാർ, മുതിരപ്പുഴ തീരവാസികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി. കേരളത്തിൽ മഴ ശക്തമായ സാഹചര്യത്തിൽ സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി പൊതുജനങ്ങൾക്കായി ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിത സ്ഥലത്തേക്ക് മാറി താമസിക്കണം.

അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ഉറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കണം. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, മലപ്പുറം ജില്ലകളിൽ ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. കുട്ടനാട്ടിലും പെരിയാറിലും ജലനിരപ്പ് ഒരടിയോളം ഉയർന്നു. ഇടുക്കിയിൽ രാത്രി 7 മുതൽ പുലർച്ചെ 6 വരെ യാത്രകൾ നിരോധിച്ചു.

മണിമലയാർ കരകവിഞ്ഞതോടെ തിരുവല്ല മുനിസിപ്പാലിറ്റിയിലെ നിരവധി വീടുകളും വഴികളും വെള്ളത്തിൽമുങ്ങി. മഴ കനക്കുന്ന സാഹചര്യങ്ങളിൽ സ്ഥിരമായി വെള്ളം കയറുന്ന പ്രദേശമാണ് ഇവയെന്നാണ് നാട്ടുകാർ പറയുന്നത്. മല്ലപ്പള്ളി തിരുമാലിട മഹാദേവക്ഷേത്രം, മല്ലപ്പള്ളി പബ്ലിക് ഇൻഡോർ സ്റ്റേഡിയം എന്നിവിടങ്ങളിലും വെള്ളംകയറി.

മണിമലയാറിൽ ജലനിരപ്പ് അപകടകരമായ നിരപ്പിലേക്ക് ഉയർന്നതോടെ തിരുവല്ല മുനിസിപ്പാലിറ്റിയിലെ 17, 18 വാർഡുകളിൽ നൂറിലധികം വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. തുടർന്ന് നാട്ടുകാർ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മറ്റും മാറുന്ന സാഹചര്യമാണ് നിലവിലുള്ളത്. മല്ലപ്പള്ളി സെയ്ന്റ് മേരീസ്, സി.എം.എസ്. വെണ്ണിക്കുളം എസ്.ബി. സ്‌കൂളുകളിൽ ക്യാമ്പുകൾ തുറന്നതായി റവന്യൂവകുപ്പ് അധികൃതർ അറിയിച്ചു.

മഴ ശക്തമായി തുടരുന്നതിനാൽ അച്ചൻകോവിലാറ്റിൽ മൂന്നടി ജലനിരപ്പ് ഉയർന്നതായാണ് വിവരം. അടിക്കടിയുള്ള വെള്ളപ്പൊക്കം കണക്കിലെടുത്ത് പന്തളം നഗരസഭ വള്ളങ്ങൾ വാങ്ങി സൂക്ഷിച്ചിട്ടുണ്ട്. മണിമലയാറ്റിലെ ജലനിരപ്പ് അപകടനിലയിൽനിന്ന് 1.6 മീറ്റർ ഉയർന്നതായി കേന്ദ്ര ജല കമ്മിഷൻ അറിയിച്ചിരുന്നു. കല്ലൂപ്പാറ നിരീക്ഷണ കേന്ദ്രത്തിൽ ചൊവ്വാഴ്ച രാത്രി ഒൻപതിന് രേഖപ്പെടുത്തിയ അളവ് 7.60 മീറ്ററാണ്. ആറ് മീറ്ററാണ് അപകടസൂചന നൽകാറുള്ള ഉയരം.