ബംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി നേതൃത്വം. 189 സീറ്റുകളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. 35 പേരുടെ പട്ടിക പിന്നീട് പ്രഖ്യാപിക്കും. ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ധർമ്മേന്ദ്ര പ്രധാനാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. പട്ടിക വിശദചർച്ചകൾക്ക് ശേഷം ജനാധിപത്യരീതിയിലെന്ന് ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു. യുവതലമുറയ്ക്ക് നേതൃത്വം നൽകുന്ന പട്ടികയാണ് പ്രഖ്യാപിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു..

52 പേർ പുതുമുഖങ്ങളാണ് എട്ട് വനിതകളും, ഒബിസി 32, എസ്സി 30, എസ്ടി 16 എന്നിങ്ങനെയാണ് പട്ടികയിൽ ഇടംപിടിച്ചത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മ ശിഗാവിൽ മത്സരിക്കും. പാർട്ടിയിലെ തർക്കങ്ങൾ കാരണം സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിക്കാൻ കഴിഞ്ഞിരുന്നില്ല.

അനിശ്ചിതത്വങ്ങൾക്കും തർക്കങ്ങൾക്കും ഒടുവിലാണ് സ്ഥാനാർത്ഥിപ്പട്ടിക ബിജെപി പ്രഖ്യാപിച്ചത്. മെയ്‌ പത്തിന് നടക്കുന്ന 224 അംഗ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ബാക്കി സ്ഥാനാർത്ഥികളെ ഉടനെ തന്നെ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. പ്രഖ്യാപിച്ച 189 അംഗ പട്ടികയിൽ നിരവധി സിറ്റിങ് എംഎൽഎമാർക്ക് സീറ്റ് നഷ്ടമായപ്പോൾ 52 പുതുമുഖങ്ങളാണ് ഇടംപിടിച്ചത്.

മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ മകൻ ബി.വൈ. വിജയേന്ദ്ര ശിക്കാരിപുരയിൽ മത്സരിക്കും. യെദ്യൂരപ്പയുടെ സീറ്റാണിത്. മന്ത്രി ബി.ശ്രീരാമുലു ബെല്ലാരി റൂറലിൽ മത്സരിക്കും.

ബിജെപി ദേശീയ ജനറൽ സെക്രട്ടറി സി.ടി.രവി ചിക്കമംഗളൂരുവിൽ നിന്ന് തന്നെ ഇത്തവണയും ജനവധി തേടും. മന്ത്രി ആർ.അശോക് കർണാടക പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാറിനെതിരെ കനകപുരയിൽ മത്സരിക്കും. മറ്റൊരു മണ്ഡലത്തിൽ കൂടി ആർ.അശോക് മത്സരിക്കുന്നുണ്ട്. പത്മനാഭനഗർ ആണ് ആർ.അശോകിന്റെ രണ്ടാമത്തെ മണ്ഡലം. വരുണയിൽ സിദ്ധരാമയ്യയെ മന്ത്രി വി.സോണ്ണയാണ് നേരിടുക. ചാമരാജ് നഗറിൽ കൂടി സോമണ്ണ മത്സരിക്കും.

ഇതിനിടെ ഗുജറാത്ത് മോഡലിൽ മുതിർന്ന നേതാക്കളെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് മാറ്റിനിർത്താനുള്ള ബിജെപി നീക്കത്തിൽ പാർട്ടിയിൽ പൊട്ടിത്തെറിയുണ്ടായിട്ടുണ്ട്. മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടർ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം തെരഞ്ഞെടുപ്പിൽ തനിക്ക് സീറ്റ് നൽകിയില്ലെങ്കിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് മുതിർന്ന നേതാവും മുന്മുഖ്യമന്ത്രിയുമായി ജഗദീഷ് ഷെട്ടർ പറഞ്ഞു. തെരഞ്ഞടുപ്പിൽ സീറ്റ് ഉണ്ടാകില്ലെന്നും യുവാക്കൾക്ക് വഴി മാറി നൽകണമെന്ന് കേന്ദ്രം നേതൃത്വം അറിയിച്ചിട്ടുണ്ട്. ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തിൽ താൻ അസംതൃപ്തനാണെന്നും തന്നെ ഒഴിവാക്കാനുള്ള മാനദണ്ഡമെന്താണെന്നും ഷെട്ടർ ചോദിച്ചു.

ഹൂബ്ലിയിൽ നിന്നും ആറ് തവണ എംഎൽഎ ആയ നേതാവാണ് ജഗദീഷ് ഷെട്ടർ. കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പിൽ 21,000 വോട്ടുകൾക്കാണ് ജയിച്ചത്. മുൻ ഉപമുഖ്യമന്ത്രി കെ.എസ്.ഈശ്വരപ്പയോടും മത്സര രംഗത്തുനിന്നും മാറിനിൽക്കാൻ ബിജെപി ആവശ്യപ്പെട്ടിരുന്നു. പാർട്ടി തീരുമാനം സ്വീകരിച്ച് കെ.എസ്.ഈശ്വരപ്പ താൻ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് പിൻവാങ്ങുകയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

സ്ഥാനാർത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാത്രി ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയുടെ വീട്ടിലെത്തിയിരുന്നു. ഇന്നലെ 140 സ്ഥാനാർത്ഥികളുടെ പട്ടിക ദേശീയ നേതൃത്വം അംഗീകരിച്ചിരുന്നു. 2019ലെ കോൺഗ്രസ് - ജെഡിഎസ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപിയിലെത്തിയ എല്ലാ എംഎൽഎമാരും ആദ്യപട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്