പത്തനംതിട്ട: ആരോഗ്യവകുപ്പിൽ 113 തസ്തികകൾ നിർത്തലാക്കി. നിലവിൽ ഈ തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് സൂപ്പർ ന്യുമററിയായി തുടരാം. ഇവർ വിരമിക്കുന്നതോടെ തസ്തിക ഇല്ലാതാകും. നിർത്തലാക്കിയ ഭൂരിപക്ഷം തസ്തികകളിലും നിലവിൽ ജോലി ചെയ്യുന്നവരുണ്ട്.

കാലക്രമത്തിൽ ജോലിക്ക് ആവശ്യമില്ലാത്ത തസ്തികകളാണ് നിർത്തലാക്കിയിരിക്കുന്നത്. ഡഫേദാർ, അസിസ്റ്റൻ ലെപ്രസി ഓഫീസർ, പ്ലംബർ, ഇലക്ട്രീഷ്യൻ, ഫോട്ടോഗ്രാഫർ എന്നിങ്ങനെയുള്ള തസ്തികകയാണ് ഇല്ലാതാകുന്നത്. 14 ജില്ലകളിലും അസിസ്റ്റന്റ് ലെപ്രസി ഓഫീസർ തസ്തിക ഇല്ലാതായി. നോൺ മെഡിക്കൽ സൂപ്പർ വൈസറുടെ 40 തസ്തികകൾ ആണ് 14 ജില്ലകളിലായി നിർത്തലാക്കിയിരിക്കുന്നത്.

തിരുവനന്തപുരം, എറണാകുളം-6, കൊല്ലം, ആലപ്പുഴ, തൃശൂർ-4, കോഴിക്കോട്, കാസർകോഡ്, പത്തനംതിട്ട-2, കോട്ടയം, ഇടുക്കി, വയനാട്, കണ്ണൂർ-ഒന്നു വീതം, മലപ്പുറം, പാലക്കാട്-3 എന്നിങ്ങനെയാണ് നിർത്തലാക്കിയ തസ്തികകൾ. ഒമ്പത് ഇലക്ട്രിഷ്യൻ തസ്തികകൾ ആണ് വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലായി ഇല്ലാതായിരിക്കുന്നത്. ഹെൽപ്പറുടെ 9 തസ്തികകളാണ് തിരുവനന്തപുരം (2), പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലായി അപ്രത്യക്ഷമാകുന്നത്. വിവിധ ജില്ലകളിലായി പ്ലംബറുടെ 17 തസ്തികകൾ ഇല്ലാതാകും.

ഇതിന് പുറമേ സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലാബിൽ സീനിയർ കെമിസ്റ്റ്, കെമിസ്റ്റ് ഗ്രേഡ് രണ്ട്, ഹെൽത്ത് സർവീസസ് ഡയറക്ടറേറ്റിൽ ഡഫേദാർ, സിൽക് സ്‌ക്രീൻ ഓപ്പറേറ്റർ, ഓപ്പറേറ്റർ കം പ്രൊജക്ഷനിസ്റ്റ്, ഫോട്ടോഗ്രാഫർ എന്നീ തസ്തികകൾ നിർത്തലാക്കി. കോഴിക്കോട് മെന്റൽ ഹെൽത്ത് സെന്ററിൽ ബാർബർ, തിരുവനന്തപുരം ഡിഎംഓഫീസിൽ പായ്ക്കർ, വിവിധ എച്ച്ഇആർ യൂണിറ്റുകളിൽ രണ്ട് പെയിന്റർ, രണ്ട് വെൽഡർ, ബ്ലാക് സ്മിത്ത്, മൂന്ന് ജില്ലകളിലായി നാല് വാൻ ക്ലീനർമാർ, സ്റ്റേറ്റ് ഹെൽത്ത് ട്രാൻസ്പോർട്ട വർക്ഷോപ്പിൽ ടിങ്കർ, വെൽഡർ, പർച്ചേസ് അസിസ്റ്റന്റ്, എറണാകുളം, കൊല്ലം ഡി.എം.ഓഫീസുകളിൽ ഡെന്റൽ എക്യൂപ്മെന്റ് മെയിന്റനൻസ് ടെക്നിഷ്യൻ എന്നിങ്ങനെയുള്ള തസ്തികകളും ഓർമയാകും.