തിരുവനന്തപുരം : കേരളാ പൊലീസിൽ കാക്കിയിട്ട് വിലസുന്നത് മോഷണം മുതൽ വധശ്രമം വരെ കുറ്റങ്ങൾ ചെയ്ത 828 ക്രിമിനൽ കേസ് പ്രതികൾ. രാജ്യത്തെ നമ്പർ വൺ എന്ന പെരുമ കളഞ്ഞുകുളിച്ച്, ക്രിമിനൽ പൊലീസ് എന്ന ചീത്തപ്പേരുണ്ടാക്കുകയാണ് കേരളാ പൊലീസ്. ഭർത്താവ് ജയിലിലായ തക്കംനോക്കി ഭാര്യയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ക്രമസമാധാനചുമതലയുള്ള സിഐയും പോക്‌സോ കേസിലെ ഇരയെ ഊട്ടിയിൽ തെളിവെടുപ്പ് കഴിഞ്ഞുള്ള യാത്രയിൽ ഉപദ്രവിച്ച എഎസ്ഐയും അവസാന കണ്ണികൾ മാത്രമാണ്.

ഇരുനൂറോളം പേർക്കെതിരെയുള്ളത് ദേഹോപദ്രവമേൽപിക്കൽ, കയ്യേറ്റം തുടങ്ങിയ കേസുകളാണ്. നൂറിലേറെപ്പേർ ഗാർഹിക പീഡനം, സ്ത്രീധന പീഡനം തുടങ്ങിയ കേസുകളിലെ പ്രതികളാണ്. 70 പേർക്കെതിരെ പീഡനം, പീഡനശ്രമം തുടങ്ങിയ കേസുകളും 4 പേർക്കെതിരെ പോക്‌സോ കേസുകളുമുണ്ട്. ഭീഷണിപ്പെടുത്തൽ, അസഭ്യം പറയൽ, അപമാനിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട പൊലീസുകാർ അറുപതോളം. 15 പേർക്കെതിരെ വധശ്രമത്തിനു കേസുണ്ട്. സൈബർ കുറ്റകൃത്യങ്ങൾ, മദ്യപിച്ചു ബഹളം, മോഷണം, വഞ്ചന തുടങ്ങിയ കേസുകളിലെ പ്രതികളാണ് ബാക്കിയുള്ളവർ. ഇതിൽ ഗുരുതര കേസുകളിൽ പ്രതികളായ 59പേരെ പിരിച്ചുവിടാൻ നടപടി തുടങ്ങിയിട്ടുണ്ട്.

പൊലീസുകാർ പ്രതികളായ കേസുകളുടെ വൈവിദ്ധ്യം ആരെയും ചിന്തിപ്പിക്കുന്നതാണ്. ഏതു തരം കുറ്രകൃത്യങ്ങളിലും പൊലീസുകാരുണ്ടാവും. ഇൻസ്‌പെക്ടറുടെ കള്ളയൊപ്പിട്ടു വ്യാജരേഖ ചമച്ച് കൈക്കൂലി, സ്‌ഫോടകവസ്തു ഉപയോഗിച്ച് അനധികൃത ക്വാറി നടത്തിപ്പ്, വയർലെസ് സെറ്റ് കൊണ്ട് പരാതിക്കാരന്റെ തലയ്ക്കടിച്ചു പരിക്കേൽപ്പിക്കൽ, എടിഎം കൗണ്ടറിന്റെ ഡിസ്പ്ലേ സ്‌ക്രീൻ തല്ലിത്തകർത്ത് 30,000 രൂപയുടെ നാശനഷ്ടമുണ്ടാക്കൽ, കെഎസ്ആർടിസി ബസിനു കേടുപാടുണ്ടാക്കൽ, സ്വകാര്യ വ്യക്തിയുടെ കുതിരയെ സാരമായി മുറിവേൽപിക്കൽ, പഴക്കടയിൽനിന്നു 10 കിലോ മാമ്പഴമോഷണം, ആംബുലൻസിന് കേടുവരുത്തൽ, പണംവച്ചു ചീട്ടുകളി എന്നിങ്ങനെയാണ് പൊലീസുകാർക്കെതിരായ കേസുകൾ.

കുട്ടികളെ പീഡിപ്പിക്കൽ, സ്ത്രീകളെ ഉപദ്രവിക്കൽ, ലൈംഗിക പീഡനം, കസ്റ്റഡി മരണം, അടിപിടിക്കേസ്, സ്ത്രീധന പീഡനം തുടങ്ങിയ കേസുകളിലെ പ്രതികളും ഇക്കൂട്ടത്തിലുണ്ട്. ആഭ്യന്തര വകുപ്പ് തയ്യാറാക്കിയ ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതികളായ 59പൊലീസുകാരുടെ മറ്റൊരു പട്ടികയുമുണ്ട്. 65പൊലീസുകാർ പീഡനക്കേസുകളിൽ പ്രതികളാണ്. പരാതിക്കാരായ സ്ത്രീകളെ പീഡിപ്പിക്കുകയോ അപമര്യാദയായി പെരുമാറുകയോ ചെയ്തതിനാണ് ഇത്തരത്തിലെ മിക്ക കേസുകളും. തിരുവനന്തപുരത്ത് ലൈംഗിക അതിക്രമത്തിന് പരാതി നൽകാൻ സ്റ്റേഷനിലെത്തിയ വീട്ടമ്മയെ വാടകവീട്ടിൽ കടന്നുകയറി പീഡിപ്പിക്കാൻ ശ്രമിച്ചതിന് പൊലീസുദ്യോഗസ്ഥൻ അറസ്റ്റിലായ സംഭവം പോലുമുണ്ടായിട്ടുണ്ട്. തിരുവനന്തപുരത്ത് 22ഉം പത്തനംതിട്ടയിൽ 11ഉം കോട്ടയത്തും വയനാട്ടിലും അഞ്ചും പൊലീസുകാർ പീഡനക്കേസുകളിൽ പ്രതിയാണ്.

ക്രിമിനൽ കേസുകളിൽ പ്രതികളായാലും സസ്‌പെൻഷൻ, നല്ലനടപ്പ്, സ്ഥലംമാറ്റം എന്നിങ്ങനെ നിസാര ശിക്ഷകളാണ് നൽകുന്നത്. പ്രതിയായാലും ആറുമാസത്തെ സസ്‌പെൻഷനുശേഷം കാക്കിയിട്ട് വിലസാം. മുൻപ് ക്രമസമാധാനചുമതല നൽകില്ലായിരുന്നു. ഇപ്പോൾ അങ്ങനെയുമില്ല. എസ്‌ഐക്കെതിരായ വകുപ്പുതലഅന്വേഷണം തീരാൻ 15വർഷം കഴിയും. അപ്പോഴേക്കും മൂത്തുമൂത്ത് ഡിവൈ.എസ്‌പിയാവും. വകുപ്പുതല അന്വേഷണവും നടപടിയുമെല്ലാം വഴിപാടാണ്. വിരമിക്കാറാവുമ്പോഴേക്കും ക്ലീന്റിപ്പോർട്ട് റെഡിയായിരിക്കും.

ബലാത്സംഗമടക്കം 9 കേസുകളിൽ പ്രതിയായ സുനു 15വട്ടം വകുപ്പുതല നടപടിക്കും വിധേയനായിട്ടുണ്ട്. സ്ത്രീപീഡനത്തിനു പുറമെ സാമ്പത്തിക തട്ടിപ്പ് കേസിലടക്കം സുനു പ്രതിയായിട്ടുണ്ട്. തൃക്കാക്കര പൊലീസ് രജിസ്റ്റർ ചെയ്ത കൂട്ടബലാത്സംഗക്കേസിൽ സുനു അറസ്റ്റിലായിരുന്നു. ക്രിമിനൽ കേസുകളിൽ നാലെണ്ണം സ്ത്രീപീഡനത്തിന്റെ പരിധിയിലുള്ളതാണ്. മിക്കയിടത്തും സ്റ്റേഷനിൽ പരാതി നൽകാനെത്തിയവരെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. ഒരു കേസിൽ റിമാൻഡിലാവുകയും ചെയ്തു. സമാനകുറ്റകൃത്യങ്ങൾ ആവർത്തിക്കുന്ന സുനു ശിക്ഷിക്കപ്പെട്ടിട്ടുപോലും പ്രവർത്തന രീതിയിൽ മാറ്റം വരുത്തുന്നില്ല. ഇത് പൊലീസിന് അപമാനകരമാണെന്നും പിരിച്ചുവിടൽ തന്നെ വേണമെന്നും ഡിജിപി അനിൽകാന്ത് വ്യക്തമാക്കി.

കേരള പൊലീസ് ആക്ടിലെ 86(സി) പ്രകാരമാണ് പിരിച്ചുവിടുന്നത്. ശാരീരികവും മാനസികവും പെരുമാറ്റപരവുമായി പൊലീസ് ജോലിക്ക് 'അൺഫിറ്റാണെങ്കിൽ' 86(സി) ചട്ടപ്രകാരം പുറത്താക്കാം. പിരിച്ചുവിടാനും കഴിയും.