തിരുവനന്തപുരം: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് വിവാദത്തിൽ നിർണായക വെളിപ്പെടുത്തലുമായി കേരള സർവകലാശാല വൈസ് ചാൻസലർ മോഹൻ കുന്നമ്മൽ. സംസ്ഥാനത്തു പഠിച്ചുകൊണ്ടിരിക്കെ കലിംഗ സർവകലാശാലയുടെ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന ആരോപണം നേരിടുന്ന എസ്എഫ്‌ഐ നേതാവ് നിഖിൽ തോമസിന്റെ കാര്യത്തിൽ കായംകുളം എംഎസ്എം കോളജിന് ഗുരുതര വീഴ്ച പറ്റിയെന്ന് വിസി ഡോ. മോഹൻ കുന്നുമ്മൽ പറഞ്ഞു.

നിഖിലിന്റെ എംകോം പ്രവേശന വിഷയത്തിലാണ് കോളജിന് വീഴ്ച സംഭവിച്ചത്. കോളജിന് കാരണം കാണിക്കൽ നോട്ടിസ് നൽകും. കായംകുളം എംഎസ്എം കോളജ് പ്രിൻസിപ്പൽ സർവകലാശാലയിൽ എത്തി മറുപടി നൽകണം. നിഖിൽ തോറ്റത് അദ്ധ്യാപകർക്ക് അറിയാമായിരുന്നു. പിന്നെ എങ്ങനെ പ്രവേശനം നൽകി. നിഖിലിന്റെ ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണോയെന്ന് പരിശോധിക്കുമെന്നും വി സി അറിയിച്ചു.

നിഖിൽ മൂന്നു വർഷവും കേരള സർവകലാശാലയിൽ പഠിച്ചു. പക്ഷേ, പാസായില്ല. ഹാജർ ഉള്ളതിനാലാണ് പരീക്ഷകൾ എഴുതിയത്. കേരളയിൽ 75% ഹാജരുള്ളയാൾ എങ്ങനെ കലിംഗയിൽ പോയി. റായ്പുരിൽനിന്ന് കായംകുളത്തേക്ക് വിമാന സർവീസ് ഇല്ലല്ലോ. വ്യാജ സർട്ടിഫിക്കറ്റ് ആണെങ്കിൽ പൊലീസിൽ പരാതി നൽകും. കലിംഗ അറിയാതെ നൽകിയതാണെങ്കിൽ യുജിസിയെ അറിയിക്കുമെന്നും വൈസ് ചാൻസലർ പറഞ്ഞു.

നിഖിൽ തോമസ് 2017 മുതൽ 2020 വരെ മൂന്ന് വർഷവും കായംകുളം എംഎസ്എം കോളേജിൽ പഠിച്ചിരുന്നുവെന്നും പരീക്ഷയെഴുതിയിരുന്നുവെന്നും മോഹൻ കുന്നുമ്മൽ വ്യക്തമാക്കി. നിഖിലിന്റെ ഡിഗ്രി സർട്ടിഫിക്കറ്റ് പരിശോധിക്കാൻ രജിസ്ട്രാറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ കലിംഗ സർവകലാശാലയോടും പരിശോധിക്കാൻ ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

കായംകുളം എംഎസ്എം കോളേജിൽ നിന്ന് അവസാനത്തെ സെമസ്റ്റർ വരെ പരീക്ഷയെഴുതിയിട്ടുണ്ട്. അറ്റന്റൻസ് ഇല്ലാതെ പരീക്ഷയെഴുതാൻ കഴിയില്ല. 2018-19 വർഷത്തിലാണ് യൂണിവേഴ്‌സിറ്റി യൂണിയൻ ജോയിന്റ് സെക്രട്ടറിയായിരുന്നത്. 2017 മുതൽ 2020 വരെ മൂന്ന് വർഷം പ്രതിവർഷ കോഴ്‌സാണ് ചെയ്തത്. അവിടെ ഫസ്റ്റ് ക്ലാസിൽ പാസായെന്നാണ് സർവകലാശാലയിൽ സമർപ്പിച്ച രേഖ. എന്നാൽ ഇവിടെ പഠിച്ച കാലത്ത് പല പേപ്പറുകളും അദ്ദേഹത്തിന് കിട്ടിയിട്ടില്ല.

ഇപ്പോൾ കലിംഗ സർവകലാശാലയിൽ സെമസ്റ്റർ വൈസാണ് പഠനം. അന്നെങ്ങനെ എന്ന് അറിയില്ല. ബികോം, ബികോം ഹോണേർസ് എന്നിങ്ങനെ രണ്ട് വിഷയമാണ് അവിടെയുള്ള ഡിഗ്രിയെന്നാണ് വെബ്‌സൈറ്റിൽ പറയുന്നത്. അന്നെങ്ങനെയെന്ന് അറിയില്ല. ബാങ്കിങ് ഫിനാൻസ് ബികോം ഹോണേർസ് കോഴ്‌സാണ്. എന്നാൽ ബികോം ബാങ്കിങ് ഫിനാൻസ് എന്ന രേഖയാണ് ഹാജരാക്കിയത്. ഇക്കാര്യങ്ങളിൽ വ്യക്തത തേടേണ്ടതുണ്ട്.

കേരള സർവകലാശാലയുടെ കൈയിൽ പരീക്ഷയെഴുതിയെന്നും തോറ്റിട്ടുണ്ടെന്നും രേഖയുണ്ട്. കലിംഗ സർവകലാശാലയുടെ ബികോമിന് കേരള സർവകലാശാലയുമായി എലിജിബിളാണെന്ന അംഗീകാരമാണ് നൽകിയത്. കലിംഗ സിലബസും കേരളയുടെ സിലബസും നോക്കിയാണ് ഈ തീരുമാനം എടുക്കുന്നത്.

കായംകുളം കോളേജിന് വീഴ്ച സംഭവിച്ചിട്ടുണ്ട്. ആ കോളേജിൽ മൂന്ന് വർഷം പഠിച്ച് തോറ്റ കുട്ടി ബികോം പാസായെന്ന രേഖ കാണിച്ചപ്പോൾ പരിശോധിച്ചില്ല. അതിനാൽ കോളേജിന് കാരണം കാണിക്കൽ നോട്ടീസ് നൽകി. കലിംഗ സർവകലാശാല സർട്ടിഫിക്കറ്റ് നൽകിയില്ലെന്ന് പറഞ്ഞാൽ വിവരം പൊലീസിനെ അറിയിക്കും. അതല്ല കലിംഗ സർവകലാശാലയുടെ ഭാഗത്താണ് തെറ്റെങ്കിൽ വിവരം യുജിസിയെ അറിയിക്കുമെന്നും വിസി വ്യക്തമാക്കി. വ്യാജ സർട്ടിഫിക്കറ്റായിരിക്കാം എന്നാണ് നിഗമനമെന്നും അദ്ദേഹം വ്യക്തമാക്കി.

റായ്പൂരിലും കായംകുളത്തും എങ്ങനെ ഒരേ സമയം പഠിച്ചുവെന്നതിൽ സംശയങ്ങളുണ്ട്. അദ്ദേഹം കേരള സർവകലാശാലയിൽ പരീക്ഷയെഴുതണമെങ്കിൽ ഇവിടെ അറ്റന്റൻസ് വേണം. അദ്ദേഹത്തിന് ഇന്റേണൽ മാർക്ക് ലഭിക്കണം. അദ്ദേഹത്തിന് ഇന്റേണൽ മാർക്ക് ലഭിച്ചിട്ടുണ്ട്. അത് നൽകുന്നത് പഠിപ്പിക്കുന്ന അദ്ധ്യാപകരാണ്. അതിനാൽ നിഖിൽ തോമസ് കേരളാ സർവകലാശാലയിൽ പഠിച്ചിട്ടുണ്ടെന്നത് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. ഇത് വ്യാജ സർട്ടിഫിക്കറ്റാണെങ്കിൽ പ്രശ്‌നം വേഗത്തിൽ അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് സംശയം ഉയർത്തുന്ന കാരണങ്ങളും വി സി വിശദീകരിച്ചു.

നിഖിലിന്റെ ബിരുദ സർട്ടിഫിക്കറ്റിലെ പിഴവുകൾ

നിഖിൽ തോമസ് 2017 മുതൽ 2020 വരെ കേരള സർവകലാശാലയിൽ പഠിച്ചു
ആറ് സെമസ്റ്ററിലും കായംകുളം എംഎസ്എം കോളേജിൽ നിന്ന് പരീക്ഷയെഴുതി
2020 വരെ മൂന്ന് വർഷവും 75 ശതമാനത്തിന് മുകളിൽ അറ്റന്റൻസ് ഉണ്ടായിരുന്നു
നിഖിൽ തോമസ് ഹാജരാക്കിയത് കലിംഗ സർവകലാശാലയിലെ റെഗുലർ കോഴ്‌സ് സർട്ടിഫിക്കറ്റ്
കലിംഗ സർവകലാശാലയിൽ ബികോമിന് 2 കോഴ്‌സുകളാണ് ഉള്ളത്. ബികോം കോഴ്‌സും ബികോം ഹോണേഴ്‌സ് ബാങ്കിങ് ആൻഡ് ഫിനാൻസ് കോഴ്‌സും
നിഖിൽ തോമസ് ഹാജരാക്കിയ ഡിഗ്രി സർട്ടിഫിക്കറ്റിലേത് ബികോം ബാങ്കിങ് ആൻഡ് ഫിനാൻസ്
കലിംഗ സർവകലാശാലയിൽ ഉള്ളത് സെമസ്റ്റർ കോഴ്‌സുകൾ
നിഖിൽ ഹാജരാക്കിയത് സെമസ്റ്റർ കോഴ്‌സ് സർട്ടിഫിക്കറ്റല്ല, മൂന്ന് വർഷ കോഴ്‌സ് സർട്ടിഫിക്കറ്റ്
നിഖിൽ തോമസ് ആറ് സെമസ്റ്ററിലും കേരള സർവകലാശാലയിൽ പരീക്ഷയെഴുതി
ആറ് സെമസ്റ്ററിലും കേരള സർവകലാശാലയിൽ നിഖിൽ തോമസിന് ഇന്റേണൽ മാർക്കും ലഭിച്ചു
നിഖിൽ തോമസ് ഹാജരാക്കിയത് കലിംഗയിൽ ഫസ്റ്റ് ക്ലാസ് മാർക്കോടെ ബിരുദം പാസായെന്ന സർട്ടിഫിക്കറ്റ്

അതിനിടെ, ബികോം പഠനം അവസാനിപ്പിച്ചശേഷം കോളജ്, സർവകലാശാല യൂണിയനുകളിൽ പ്രവർത്തിച്ചോ, എം.കോം പ്രവേശനത്തിന് നൽകിയ സർട്ടിഫിക്കറ്റ് സാധുതയുള്ളതാണോ എന്നിവയുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കുമെന്ന് രജിസ്റ്റ്രാർ ഡോ.കെ.എസ്.അനിൽകുമാർ പറഞ്ഞു. വിവാദം സംബന്ധിച്ച് സർവകലാശാലക്ക് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സർവകലാശാല ചട്ടമനുസരിച്ച് ഒരേസമയം രണ്ടു സർവകലാശാലകളിൽ ഡിഗ്രി പഠനം സാധ്യമല്ല. പഠനം അവസാനിപ്പിച്ച വിദ്യാർത്ഥിക്ക് സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാനുമാവില്ല. രാഷ്ട്രീയ ഇടപെടലിനെ തുടർന്ന് സർവകലാശാല നിയമവിരുദ്ധപ്രവർത്തനങ്ങൾക്ക് അനുമതി നൽകിയോ എന്നതാണ് ഉത്തരം ലഭിക്കേണ്ട യഥാർഥ ചോദ്യം.