കൊച്ചി: നഗരത്തിൽ കനത്ത വെള്ളക്കെട്ടുണ്ടാക്കാൻ കാരണക്കാരായ അഞ്ച് ഹോട്ടലുകൾ കൊച്ചി കോർപ്പറേഷൻ പൂട്ടിച്ചു. എംജി റോഡിലുള്ള ഹോട്ടൽ സോന, താൽ കിച്ചൺ, ഹോട്ടൽ സിലോൺ, സ്ട്രീറ്റ് മെനു, തമർ എന്നാ ഹോട്ടലുകളാണ് കോർപ്പറേഷൻ അധികൃതർ പൂട്ടിച്ചത്. ഈ ഹോട്ടലുകളുടെ മുൻ ഭാഗത്തെ കാനകൾ മാലിന്യം നിറഞ്ഞ് അടഞ്ഞതായി പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്.

കഴിഞ്ഞ മഴയിൽ എം.ജി റോഡിൽ ഒരു മണിക്കൂർ പെയ്ത മഴയിൽ കനത്ത വെള്ളക്കെട്ടുണ്ടാവുകയും സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്ക് വെള്ളം കയറുകയും ചെയ്തു. ഇതെ തുടർന്ന് കാനകൾ തുറന്ന് പരിശോധിച്ചപ്പോഴാണ് ഹോട്ടലിലെ ആഹാര സാധനങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കാനയിൽ നിറഞ്ഞ് തടസ്സമുണ്ടായതായി കണ്ടെത്തിയത്. ഇതു മൂലമാണ് വെള്ളം ഒഴുക്ക് ഉണ്ടാകാതെ എം.ജി റോഡിൽ വെള്ളക്കെട്ടുണ്ടായത്. വ്യാപാരകളടക്കം പരാതിപ്പെട്ടതോടെയാണ് കോർപ്പറേഷൻ അധികൃതർ കാന തുടറന്ന് പരിശോധന നടത്തിയത്. തുടർന്നാണ് ഹോട്ടലുകൾക്കെതിരെ നടപടി സ്വീകരിച്ചത്. വെള്ളക്കെട്ട് പരിഹരിക്കണമെന്ന് ഹൈക്കോടതി വീണ്ടും നൽകിയ കർശന നിർദ്ദേശത്തിനു പിന്നാലെയാണ് നഗരസഭ നടപടി തുടങ്ങിയത്.

കഴിഞ്ഞ ഞായറാഴ്ച പെയ്ത മഴയിൽ നഗരത്തിന്റെ പലയിടങ്ങളും വെള്ളക്കെട്ടിലായതോടെ നഗരസഭ പ്രതിരോധത്തിലായിരുന്നു. ഒന്നു മഴ പെയ്യുമ്പോഴേയ്ക്കും എംജി റോഡിലുണ്ടാകുന്ന വെള്ളക്കെട്ടിന്റെ മുഖ്യപങ്ക് നഗരത്തിലെ കാനകളിലേക്കു മാലിന്യം ഒഴുക്കുന്ന ചില ഹോട്ടലുകൾക്കാണെന്ന് കോർപ്പറേഷൻ നേരത്തേതന്നെ കണ്ടെത്തിയിരുന്നു.

കഴിഞ്ഞ ഓണക്കാലത്ത് രാത്രി കാന പൊളിച്ചു പരിശോധിച്ചപ്പോൾ നീരൊഴുക്ക് തടസപ്പെടുത്തി അടിഞ്ഞു കിടന്ന മാലിന്യം കോർപ്പറേഷൻ നീക്കം ചെയ്യുകയും ചെയ്തു. തുടർന്ന് ഹോട്ടലുകൾക്ക് താക്കീത് നൽകുകയും ചെയ്തിരുന്നു. എന്നാൽ ഒരു കൂസലുമില്ലാതെ മാംസാവശിഷ്ടം ഉൾപ്പടെ സ്ഥിരമായി കാനയിലേക്കു തള്ളുന്നത് തുടർന്നതോടെയാണ് അഞ്ച് ഹോട്ടലുകൾ പൂട്ടാൻ കോർു്ുറേഷൻ ഉത്തരവിട്ടത്.

മൈദ മാവ്, എല്ലുകൾ, എണ്ണ, ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയാണ് കോർപ്പറേഷന്റെ പരിശോധനയിൽ കാനയിൽ നിന്നും കണ്ടെത്തിയത്. ഹോട്ടലുകൾക്കുള്ളിൽ നിന്നും ഭൂമിക്കടിയിലൂടെ പ്രത്യേകം സ്ഥാപിച്ച പൈപ്പുകൾ വഴിയാണ് കാനയിലേക്ക് മാലിന്യം ഒഴുക്കിയിരുന്നത്. ഭക്ഷണാവശിഷ്ടങ്ങൾക്ക് പുറമേ കക്കൂസ് മാലിന്യവും കാനയിലേക്ക് ഒഴുക്കുന്നുണ്ട്. ഇത്തരത്തിൽ വൻതോതിൽ മാലിന്യം കാനയിലേക്ക് ഇറങ്ങി ഒഴുക്ക് തടസ്സപ്പെട്ടു. ഈ മാലിന്യങ്ങൾ എല്ലാം തന്നെ കോർപ്പറേഷൻ അധികൃതർ ജെ.സി.ബി ഉപയോഗിച്ച് വൃത്തിയാക്കി.

നഗരസഭ പറഞ്ഞിട്ടുള്ള മാനദണ്ഡപ്രകാരം മാലിന്യനിർമ്മാർജനത്തിന് അടക്കം നടപടി സ്വീകരിച്ചാൽ മാത്രമേ ഇനി ഈ ഹോട്ടലുകൾ പ്രവർത്തിക്കാൻ അനുവദിക്കൂ. ഇതിനകം പല ഹോട്ടലുകൾക്കും മുന്നറിയിപ്പ് നൽകിയിട്ടും കൂസാക്കാതെയുള്ള പ്രവർത്തനം തുടരുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇത്തരത്തിൽ ഇനിയും മാലിന്യം ഒഴുക്കിയാൽ ഹോട്ടലുകൾ പൂർണ്ണമായും അടപ്പിക്കുമെന്ന് കോർപ്പറേഷൻ അറിയിച്ചിട്ടുണ്ട്.