പത്തനംതിട്ട: റോബിൻ മോട്ടോഴ്സിനെ തളയ്ക്കാൻ വേണ്ടി കെഎസ്ആർടിസി ആരംഭിച്ച പത്തനംതിട്ട-കോയമ്പത്തൂർ സർവീസിന് മികച്ച പ്രതികരണം. പുലർച്ചെ നാലരയ്ക്ക് പത്തനംതിട്ടയിൽ നിന്ന് പുറപ്പെടുമ്പോൾ ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ഉണ്ടായിരുന്നത്. സീറ്റുകൾ മുഴുവൻ ഒഴിഞ്ഞു കിടന്നിരുന്നു. എന്നാൽ, അങ്കമാലി ആയപ്പോഴേക്കും ബസിന്റെ സീറ്റുകൾ ഏറെക്കുറെ പൂർണമായി.

മുൻകുട്ടി പ്രഖ്യാപിക്കാതെയും ബുക്കിങ് സ്വീകരിക്കാതെയും തിടുക്കത്തിലുള്ള സർവീസ് ആയതാണ് പത്തനംതിട്ടയിൽ നിന്ന് ആളു കുറയാൻ കാരണമായത്. പമ്പ സർവീസിന് വേണ്ടി കൊണ്ടു വന്ന കെയുആർടിസിയുടെ എസി ലോ ഫ്ളോർ വോൾവോ ബസാണ് കോയമ്പത്തൂരിന് സർവീസ് നടത്തുന്നത്.

വിവാദമായ റോബിൻ ബസ് പത്തനംതിട്ടയിൽ നിന്ന് പുലർച്ചെ അഞ്ചിനാണ് പുറപ്പെടുന്നത്. അതിനും അരമണിക്കൂർ മുമ്പാണ് കെഎസ്ആർടിസി പുറപ്പെടുക. ഈ ബസിന് പെർമിറ്റില്ല എന്നൊരു വാദം സോഷ്യൽ മീഡിയ സജീവമായി ചർച്ച ചെയ്യുന്നുണ്ട്. തൃശൂർ-കോയമ്പത്തൂർ, എറണാകുളം-കോയമ്പത്തൂർ എന്നിങ്ങനെയാണ് ബസിന്റെ പെർമിറ്റെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. പത്തനംതിട്ട മുതൽ തൃശൂർ വരെ പെർമിറ്റില്ലാതെയാണ് വോൾവോ സർവീസ് നടത്തിയതെന്നും ഇതിനെതിരേ എന്തു കൊണ്ട് ആർടിഓ നടപടി സ്വീകരിച്ചില്ലെന്നുമുള്ള ചോദ്യങ്ങളാണ് ഉയരുന്നത്.

എന്നാൽ തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുമ്പോൾ മാത്രം ഇന്റർസ്റ്റേറ്റ് പെർമിറ്റ് മതിയെന്നാണ് കെഎസ്ആർടിസി ഇതിന് നൽകുന്ന വിശദീകരണം. കേരളത്തിൽ എവിടെയും കെഎസ്ആർടിസിക്ക് സർവീസ് നടത്താം. ദേശസാൽകൃത റൂട്ടുകളിൽ സർവീസ് നടത്തുന്നതിന് പെർമിറ്റ് ആവശ്യമില്ല. അവശ്യ സർവീസ് എന്ന നിലയിൽ കെഎസ്ആർടിസിയെ കണക്കാക്കുന്നതും ഇതിന് കാരണമാണ്. അതിർത്തി വിട്ട് മറ്റൊരു സംസ്ഥാനത്തേക്ക് പ്രവേശിക്കുമ്പോൾ മാത്രം അന്തർ സംസ്ഥാന പെർമിറ്റ് ആവശ്യമാണ്. ഇത് ബസിനുണ്ട് താനും.

റോബിൻ ബസുമായി ടിക്കറ്റ് നിരക്കിൽ ഒമ്പതു രൂപയുടെ വ്യത്യാസം കെഎസ്ആർടിസിക്ക് ഉണ്ട്. പത്തനംതിട്ട-കോയമ്പത്തൂർ റൂട്ടിൽ റോബിൻ ബസിന് 650 രൂപയും കെഎസ്ആർടിസി വോൾവോയ്ക്ക് 659 രൂപയുമാണ് ഈടാക്കുന്നത്.