കണ്ണൂർ: ചലച്ചിത്ര സംവിധായകനും നടനുമായ മേജർ രവി ബിജെപിയിൽ ചേർന്നു. കോൺഗ്രസ് നേതാവും കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറിയുമായിരുന്ന സി രഘുനാഥും അദ്ദേഹത്തിനൊപ്പം ബിജെപിയിലെത്തി. ഇരുവരും ഡൽഹിയിൽ പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡയെ സന്ദർശിച്ചു. രണ്ടു പേർക്കും നഡ്ഡ ആശംസകൾ നേർന്നു. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ഒപ്പമുണ്ടായിരുന്നു. നിരവധി പ്രമുഖ വ്യക്തികൾ വരും ദിവസങ്ങളിൽ പാർട്ടിയിൽ ചേരാൻ സന്നദ്ധരാവുമെന്ന് ഇവർ അറിയിച്ചു.

കുരുക്ഷേത്ര, കീർത്തിചക്ര, കർമയോദ്ധ, കാണ്ഡഹാർ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും നിരവധി സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട് മേജർ രവി.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ധർമടം മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിച്ച യുഡിഎഫ് സ്ഥാനാർത്ഥിയാണ് സി രഘുനാഥ്. കോൺഗ്രസ് വിടുന്നതായി വ്യക്തമാക്കി ഈ മാസമാദ്യം രഘുനാഥ് ഫേസ്‌ബുക്ക് പോസ്റ്റിട്ടിരുന്നു.

കോൺഗ്രസ് ബന്ധമുപേക്ഷിച്ചു ബിജെപിയിൽ അംഗത്വമെടുത്ത മുൻ ഡി.സി.സി ജനറൽ സെക്രട്ടറിക്ക് കണ്ണൂരിൽ ഉജ്ജ്വല സ്വീകരണമൊരുക്കാൻ പ്രവർത്തകരും നേതാക്കളും ഒരുങ്ങി. ഡിസംബർ 25-ന് വൈകുന്നേരം അഞ്ചുമണിക്ക് കണ്ണൂർ റെയിൽവെസ്റ്റേഷനിലെത്തുന്ന സി.രഘുനാഥിനെ ബിജെപി നേതാക്കളും പ്രവർത്തകരും സ്വീകരിക്കും. തുടർന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ കണ്ണൂർ മാരാർജി ഭവനിലേക്ക് ആനയിക്കും.

കെപിസിസി അധ്യക്ഷന്റെ തട്ടകമായ കണ്ണൂരിൽ കെ.സുധാകര ഗ്രൂപ്പിലെ നേതാവും ഡിസിസി ജനറൽ സെക്രട്ടറിയുമായിരുന്ന സി രഘുനാഥ് ബിജെപിയിൽ ചേർന്നത് കോൺഗ്രസിന് തിരിച്ചടിയായി മാറിയിട്ടുണ്ട്. ഞായറാഴ്ചവൈകുന്നേരംഏഴുമണിയോടെ ബിജെപി അധ്യക്ഷൻ ജെപി നദ്ദയിൽ നിന്നും അംഗത്വം സ്വീകരിച്ചു. ബിജെപി സംസ്ഥാനഅധ്യക്ഷൻ കെ.സുരേന്ദ്രൻ, ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് എന്നിവർ അദ്ദേഹത്തൊടൊപ്പമുണ്ടായിരുന്നു.

ധർമ്മടത്ത് പിണറായി വിജയനെതിരെ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നു സി രഘുനാഥ്. മൂന്നാഴ്‌ച്ച മുൻപാണ് നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതകളെ തുടർന്ന് കോൺഗ്രസ് വിട്ടത്. ഏറെ കാലമായി പാർട്ടി എന്നെ അവഗണിക്കുകയാണ്. പല കാര്യങ്ങളും പാർട്ടിക്കുള്ളിൽ പറയുന്നുണ്ട്, പക്ഷേ ഒറ്റപ്പെടുത്തുകയും തഴയപ്പെടുകയും ചെയ്തു. നേതൃത്വത്തിന്റെ അവഗണനയിൽ മനംമടുത്താണ് രാജി വെക്കുന്നതെന്നായിരുന്നു കോൺഗ്രസ് വിട്ട വേളയിൽ സി രഘുനാഥിന്റെ പ്രതികരണം. കെപിസിസി അധ്യക്ഷനായിട്ടും കെ. സുധാകരനെക്കൊണ്ട് ഗുണമുണ്ടായില്ലെന്നും രഘുനാഥ് തുറന്നടിച്ചിരുന്നു.

കോൺഗ്രസ് ജില്ലാ നേതൃത്വവുമായുള്ള അഭിപ്രായഭിന്നതയാണ് സി. രഘുനാഥിനെ പാർട്ടി വിടാൻ പ്രേരിപ്പിച്ചത്. മൂന്നാഴ്ച മുൻപ് അദ്ദേഹം കണ്ണൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ കണ്ണൂർ ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജിനെതിരെയും ജില്ലാ നേതൃത്വത്തിനെതിരെയും സി.രഘുനാഥ് ആഞ്ഞടിച്ചിരുന്നു. കഴിവുകെട്ട നേതൃത്വം പാർട്ടിയെ പ്രവർത്തകരിൽ നിന്നും അകറ്റുന്നുവെന്നായിരുന്നു ആരോപണം. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കെ.സുധാകരൻ വരുമ്പോൾ തനിക്ക് പ്രതീക്ഷ ഉണ്ടായിരുന്നു എങ്കിലും അഞ്ചാം ഗ്രൂപ്പുണ്ടാക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം വിമർശിച്ചിരുന്നു.

മുഖ്യമന്ത്രിക്കെതിരെ മത്സരിച്ചത് സുധാകരന്റെ ഇടപെടൽ കാരണമെന്നും അതിൽ തനിക്ക് ദുഃഖമുണ്ടെന്നും സി. രഘുനാഥ് വ്യക്തമാക്കിയിരുന്നു. ബ്രണ്ണൻ കോളേജിൽ കെ. എസ്. യു യൂണിറ്റ് പ്രവർത്തകനായി തുടങ്ങി സംസ്ഥാന തലം വരെ പ്രവർത്തിച്ചയാളാണ് സി.രഘുനാഥ്. യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാവായുംഅദ്ദേഹം പ്രവർത്തിച്ചു. കണ്ണൂരിൽ ഇന്നു ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും സീനിയർ നേതാവായ തനിക്ക് അർഹമായ പരിഗണന പാർട്ടി തന്നില്ലെന്ന ആരോപണം പലഘട്ടങ്ങളിലും അദ്ദേഹംഉന്നയിച്ചിരുന്നു. പാർട്ടി നേതൃത്വം സി. രഘുനാഥ് ഉന്നയിച്ച ആരോപണങ്ങളിൽ മൗനം പാലിച്ചതോടെയാണ് പുറത്തേക്കുള്ള വഴിതുറന്നത്.

കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിൽ ധർമടം മണ്ഡലത്തിൽ യു.ഡി. എഫ് സ്ഥാനാർത്ഥിയായി സി.രഘുനാഥിനെ വളരെ വൈകിയാണ് പാർട്ടി തീരുമാനിച്ചത്. വാളയാർ പെൺകുട്ടിയുടെ അമ്മയെ യു.ഡി. എഫ് സ്ഥാനാർത്ഥിയായി മുഖ്യമന്ത്രിക്കെതിരെ മത്സരിപ്പിക്കാനാണ് അന്നത്തെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിൽ അണിയറ നീക്കങ്ങൾ നടത്തിയിരുന്നത്. ഇലക്ഷനിൽ തോറ്റപ്പോൾ സി.രഘുനാഥ് ഈ വിഷയത്തിൽ മുല്ലപ്പള്ളിക്കെതിരെ നടത്തിയ വാർത്താസമ്മേളനത്തിൽ അതിരൂക്ഷമായ വിമർശനമാണ് അഴിച്ചുവിട്ടത്.