തിരുവനന്തപുരം: 'ഞാനൊരു സ്റ്റാർ ആകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. മാക്സിമം വില്ലന്റെ പിന്നിൽ യെസ് ബോസ് പറഞ്ഞു നിൽക്കുന്ന ഒരാൾ ആകുമെന്നാണ് പ്രതീക്ഷിച്ചത്. ബാക്കിയൊക്കെ ഭാഗ്യവും പരിശ്രമവുമാണ് ഒരഭിമുഖത്തിൽ മമ്മൂട്ടി തന്നെ യാത്രയെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്.സ്വയം അങ്ങിനെ കൽപ്പിച്ചിരുന്ന അഥവാ ചിന്തിച്ചിരുന്ന ഒരാളാണ് കഴിഞ്ഞ 51 വർഷമായി ലോക സിനിമയിൽ തന്നെ മലയാളത്തിനു അഭിമാനിക്കാവുന്ന് താരമായി വളർന്നത്.

മലയാളത്തിന്റെ നടന വിസ്മയത്തിന് ഇന്ന് 71 വയസ്സ് പൂർത്തിയാവുകയാണ്.ഒരാഴ്ച മുൻപ് തന്നെ താരത്തിന്റെ പിറന്നാൾ ആഘോഷങ്ങൾ ആരാധകർ തുടങ്ങിയിരുന്നു. ഇന്ന് പുലർച്ചെ 12 മണിയോടെ മമ്മൂട്ടിയുടെ വീടിന് മുന്നിൽ ആശംസകൾ അറിയിക്കാൻ ആരാധകർ തടിച്ചു കൂടിയിരുന്നു. ആരാധകരുടെ ഈ വീഡിയോ വൈറലാകുകയാണ്.

വിവിധ മേഖലകളിലെ മമ്മൂട്ടി ഫാൻസ് അംഗങ്ങളാണ് താരത്തിന്റെ വീടിന് മുന്നിൽ അർദ്ധരാത്രി അണിനിരന്നത്. കേക്ക് മുറിച്ചും ആശംസകൾ അറിയിച്ചും ആരാധകർ പ്രിയതാരത്തിന്റെ പിറന്നാൾ ആഘോഷമാക്കി. നീണ്ട കാത്തിരിപ്പിനൊടുവിൽ മമ്മൂട്ടി ആരാധകരെ അഭിവാദ്യം ചെയ്യുകയും ചെയ്തു.അമ്പത് വർഷങ്ങൾക്ക് മുൻപ് മലയാള സിനിമയ്ക്ക് ലഭിച്ച അഭിനയ സുകൃതത്തിന്റെ പിറന്നാൾ ആഘോഷമാക്കുകയാണ് സഹപ്രവർത്തകരും മലാളികളും ഇപ്പോൾ.

തന്റെ ഇച്ചാക്കയ്ക്ക് ആശംസകളുമായി മോഹൻലാലും രംഗത്തെത്തി.കൂടെ പിറന്നിട്ടില്ലെങ്കിലും കർമം കൊണ്ട് തന്റെ സഹോദരനാണ് മമ്മൂട്ടിയെന്ന് മോഹൻലാൽ പറയുന്നു. സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച വീഡിയോയിലായിരുന്നു മോഹൻലാൽ ആശംസകൾ നേർന്നത്.

 

മനുഷ്യർ തമ്മിൽ ജന്മബന്ധവും കർമബന്ധവുമുണ്ടെന്നാണ് പറയുന്നത്. ചില സമയങ്ങളിൽ രക്തബന്ധത്തേക്കാൾ വലുതാണ് കർമബന്ധം. കൂടെ പിറന്നിട്ടില്ല, എന്നേയുള്ളൂ, ഇച്ചാക്ക എനിക്ക് ജ്യേഷ്ഠനാകുന്നത് അങ്ങനെയാണ്. ഒരേ കാലത്ത് സിനിമയിൽ എത്തിയെങ്കിലും പ്രായം കൊണ്ടും അനുഭവം കൊണ്ടും ജ്യേഷ്ഠൻ. എന്നെ പ്രചോദിപ്പിച്ച ഒരാൾ. ശരീരം കൊണ്ടും അഭിനയം കൊണ്ടും ശബദ്ം കൊണ്ടും ഇച്ചാക്കയുടെ യുവത്വം നിത്യഹരിതമായി നിൽക്കുന്നത് നിസ്സാര കാര്യമല്ല. ഈ ജന്മനാളിൽ ഇച്ചാക്കയ്ക്ക് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു. ഇനിയും നല്ല കഥാപാത്രങ്ങൾ ചെയ്യാൻ ഈശ്വരൻ അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ- എന്നായിരുന്നു മോഹൻലാലിന്റെ ആശംസ