ഇംഫാൽ: അമിത് ഷായുടെ മണിപ്പൂർ സന്ദർശനത്തിന് മുന്നോടിയായി, സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കിയതോടെ, ആയുധങ്ങളുമായി മൂന്നുഅക്രമികളെ പിടികൂടി. ഇവരുടെ പക്കൽ നിന്ന് ചൈനീസ് നിർമ്മിത ആയുധങ്ങളാണ് കണ്ടെത്തിയത്.

ഇന്നലെ വൈകിട്ട് 7.30യോടെ ഇംഫാലിൽ സിറ്റി കൺവെൻഷൻ സെന്റർ പ്രദേശത്തു സംശയകരമായ നിലയിൽ മാരുതി ആൾട്ടോ കാറിൽ നാലുപേർ യാത്ര ചെയ്യുന്നുണ്ടെന്ന വിവരം കിട്ടി. വാഹനം തടഞ്ഞതോടെ, നാലുപേരും ചാടിയിറങ്ങി കോളനിയുടെ ഇടവഴികളിലൂടെ ഓടി. കാറിലുണ്ടായിരുന്ന മൂന്നു പേരെ സേന പിന്നാലെ ഓടി പിടികൂടി. ഇവരിൽ നിന്നു ചൈനീസ് ഹാൻഡ് ഗ്രനേഡ്, ഡിറ്റണേറ്റർ, ഇൻസാസ് റൈഫിൾ, അറുപത് റൗണ്ട് വെടിക്കോപ്പുകൾ ഉൾപ്പെടെയുള്ളവയും കണ്ടെടുത്തു. ഇവരെ മണിപ്പൂർ പൊലീസിന് കൈമാറി.

മെയ് 27 ന് ഏതാനും അക്രമികൾ വെയ്‌നം പാലം തകർക്കാൻ ശ്രമിച്ചിരുന്നു. ഇവർ പാലത്തിന്റെ മൂന്നുപാനലുകൾ ഇളക്കി മാറ്റുകയും ചെയ്തിരുന്നു. വിവരമറിഞ്ഞ് ഏറ്റവും അടുത്തുള്ള സൈനിക യൂണിറ്റ് സ്ഥലത്തെത്തി. ഭാഗികമായി തകർന്ന പാലം വെയ്‌നം, ഇമോൽ, ഇറെങ്ബാം തുടങ്ങിയ ഗ്രാമങ്ങളിൽ ഉള്ളവരുടെ സഹായത്തോടെ ചുരുങ്ങിയ സമയത്തിനള്ളിൽ അറ്റകുറ്റപ്പണി നടത്തി ശരിയാക്കിയെടുത്തു.

അതേസമയം, നാലുദിവസത്തെ സന്ദർശനത്തിനായി മണിപ്പുരിൽ എത്തുന്ന അമിത് ഷാ മുഖ്യമന്ത്രി ബിരേൻ സിങ്ങുമായും സുരക്ഷ ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും. കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ ശനിയാഴ്ച മണിപ്പുരിലെത്തി ക്രമസമാധാനനില വിലയിരുത്തിയിരുന്നു. ഞായറാഴ്ചയുണ്ടായ അക്രമത്തിൽ പൊലീസുകാരൻ ഉൾപ്പെടെ 5 പേർ കൊല്ലപ്പെട്ടു. മണിപ്പുർ പൊലീസിന്റെ കമാൻഡോ വിഭാഗവും കുക്കി ഗോത്രവിഭാഗവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 40 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്കു പരുക്കുണ്ട്.