ന്യൂഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ അറസ്റ്റിലായ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഡൽഹിയിലെ പ്രത്യേക കോടതി ഏഴ് ദിവസം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കസ്റ്റഡിയിൽ വിട്ടു. 10 ദിവസത്തെ കസ്റ്റഡി വേണമെന്നാണ് ഇഡി ആവശ്യപ്പെട്ടിരുന്നത്. ഈ മാസം പതിനേഴിന് വീണ്ടും സിസോദിയയെ ഹാജരാക്കണം.

സി ബി ഐ കേസിൽ തീഹാർ ജയിൽ കഴിയുന്ന സിസോദിയയെ ഇന്നലെയാണ് ഇഡി അറസ്റ്റ് ചെയ്തത്. കേസിൽ സിസോദിയ തെളിവ് നശിപ്പിച്ചെന്ന് ഇഡി ആരോപിച്ചു. സിസോദിയ മദ്യനയവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയെന്നും എട്ട് ഫോണുകൾ തെളിവ് നശിപ്പിക്കാനായി മനീഷ് സിസോദിയ ഒഴിവാക്കിയെന്നും ഇഡി കോടതിയിൽ വാദിച്ചു.

ഒരു വർഷത്തിനിടയിൽ 14 ഫോണുകൾ മാറ്റി. ഡിജിറ്റൽ തെളിവുകൾ നശിപ്പിക്കാനാണ് ഫോണുകൾ മാറ്റിയത്. മറ്റു പ്രതികൾക്കൊപ്പം ഇരുത്തി ചോദ്യം ചെയ്യേണ്ടതിനാൽ കസ്റ്റഡി ആവശ്യമാണെന്നും ഇഡി കോടതിയിൽ വ്യക്തമാക്കി.

മദ്യനയവുമായി ബന്ധപ്പെട്ട് 292 കോടിയുടെ അഴിമതിയാണ് നടന്നത് ഇ.ഡി പ്രത്യേക കോടതിയിൽ അവകാശപ്പെട്ടു. സാമ്പത്തിക സ്രോതസ് അടക്കമുള്ളവ കണ്ടെത്തുന്നതിന് സിസോദിയയെ കസ്റ്റഡിയിൽ ചോദ്യംചെയ്യണമെന്നാണ് ഇ.ഡിയുടെ ആവശ്യം. ഉദ്യോഗസ്ഥർക്ക് സമൻസ് അയച്ചിട്ടുണ്ടെന്നും സിസോദിയയുടെ സാന്നിധ്യത്തിൽ അവരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഇ.ഡി അഭിഭാഷകൻ പറഞ്ഞു.

എന്നാൽ അറസ്റ്റ് എന്നത് അന്വേഷണ ഏജൻസികൾ അവകാശം പോലെ കാണുന്നുവെന്നും ഇതിൽ കോടതി ഇടപെടണമെന്നും മനീഷ് സിസോദിയക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ആവശ്യപ്പെട്ടു.

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട സിബിഐ കേസിൽ സിസോദിയ സമർപ്പിച്ച ജാമ്യാപേക്ഷ ഈ മാസം ഇരുപത്തി ഒന്നിന് പരിഗണിക്കാനും കോടതി മാറ്റി. സിബിഐ കേസിൽ മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡിയും മാർച്ച് ഇരുപത്തി ഒന്നിന് അവസാനിക്കും. സിബിഐ കേസിൽ സിസോദിയയുടെ ജാമ്യാപേക്ഷ ഇന്നു പരിഗണിക്കാനിരിക്കെയായിരുന്നു അദ്ദേഹത്തെ ഇന്നലെ ഇഡി അറസ്റ്റ് ചെയ്തത്.

കേന്ദ്ര അന്വേഷണ ഏജൻസികൾ നിയമനടപടികൾ പാലിക്കാതെ അറസ്റ്റ് അവകാശമായി കണക്കാക്കിയിരിക്കുകയാണെന്ന് സിസോദിയയുടെ അഭിഭാഷകൻ ദയൻ കൃഷ്ണ കോടതിയിൽ ആരോപിച്ചു. ''അന്വേഷണ ഏജൻസികൾ അറസ്റ്റിനെ അവകാശമായി കണക്കാക്കുന്നത് ഇക്കാലത്ത് ഒരു ഫാഷനായി മാറിയിരിക്കുന്നു. ഇക്കാര്യത്തിൽ കോടതികൾ ശക്തമായി പ്രതികരിക്കേണ്ട സമയമാണിത്'' ദയൻ കൃഷ്ണ ചൂണ്ടിക്കാട്ടി.

''ആരോപണമാണ് സിബിഐ അന്വേഷിക്കുന്നത്. ഇന്ന് ഇഡി കോടതിയിൽ ഉന്നയിച്ചത് സിബിഐയുടെ കേസാണ്. ആരോപിക്കപ്പെടുന്ന കുറ്റകൃത്യത്തിൽ തെളിവില്ലാതെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം ഇഡിക്ക് അന്വേഷണം ആരംഭിക്കാനാകില്ല'' ദയൻ കൃഷ്ണ പറഞ്ഞു. ഡൽഹി മദ്യനയം സംബന്ധിച്ച ഫയൽ ലഫ്റ്റനന്റ് ഗവർണറുടെ പക്കലും പോയെന്നും അദ്ദേഹം അത് ക്ലിയർ ചെയ്തിട്ടുണ്ടെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ലെഫ്റ്റനന്റ് ഗവർണറെ ഇഡി ചോദ്യം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാർച്ച് ആറിന് സിബിഐ കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതിന് ശേഷം സിസോദിയ ഇതിനകം തിഹാർ ജയിലിലാണ്. 2021-22ലെ എക്സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കിയതിലും അഴിമതി ആരോപിച്ചാണ് സിസോദിയക്കെതിരെ കേസെടുത്തത്. ഫെബ്രുവരി 26നാണ് ഇദ്ദേഹത്തെ സിബിഐ അറസ്റ്റ് ചെയ്തത്.