കാസർകോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പിനിടെ സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ കോഴ നൽകിയെന്ന കേസിൽ കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്. ബിജെപി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഒന്നാം പ്രതിയായ കേസിൽ കാസർകോട് ജില്ലാ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. സുരേന്ദ്രന് എതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. കേസിൽ സുരേന്ദ്രൻ ഉൾപ്പെടെ ആറ് പ്രതികളാണുള്ളത്.

സുരേന്ദ്രന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറും ബിജെപി. മുൻ ജില്ലാ പ്രസിഡന്റുമായിരുന്ന അഡ്വ. കെ. ബാലകൃഷ്ണ ഷെട്ടി, യുവമോർച്ച നേതാവ് സുനിൽ നായിക്, വൈ. സുരേഷ്, മണികണ്ഠ റൈ, ലോകേഷ് ലോണ്ട എന്നിവരാണ് മറ്റു പ്രതികൾ. കേസിൽ സുരേന്ദ്രനെതിരെ ജനാധിപത്യ നിയമത്തിലെ 171 ബി., ഇ., തുടങ്ങിയ വകുപ്പുകളും പട്ടികജാതി - പട്ടികവർഗ വിഭാഗക്കാർക്കെതിരായ അതിക്രമം തടയൽ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ ബി.എസ്‌പി. സ്ഥാനാർത്ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ രണ്ടര ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. സുന്ദര തന്നെ ഇക്കാര്യങ്ങൾ വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു. തുടർന്ന് അന്നത്തെ എൽ.ഡി.എഫ്. സ്ഥാനാർത്ഥിയായിരുന്ന വി.വി. രമേശന്റെ പരാതിയിൽ 2021 ജൂണിലാണ് കേസ് രജിസ്റ്റർ ചെയ്യുന്നത്.

തിരഞ്ഞെടുപ്പ് സമയത്ത് ബിഎസ്‌പി സ്ഥാനാർത്ഥിയായിരുന്ന കെ.സുന്ദരയെ വിളിച്ചു എന്ന് പറയപ്പെടുന്ന മൊബൈൽ ഫോൺ തന്റെ കൈവശമില്ലെന്നാണ് സുരേന്ദ്രൻ മൊഴി നൽകിയിരുന്നു. എന്നാൽ ഫോൺ ഉപയോഗത്തിലുണ്ടെ്ന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. താളിപ്പടപ്പിലെ ഹോട്ടലിൽ താമസിച്ചിട്ടില്ലെന്നത് ശരിയല്ലെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.

നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് കെ.സുരേന്ദ്രൻ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ ചോദ്യം ചെയ്യലിന് എത്തുമ്പോൾ ഹാജരാക്കണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടെങ്കിലും ഹാജരാക്കിയിരുന്നില്ല. പൊലീസ് അവകാശപ്പെടുന്നതുപോലെ ഒരു ഫോൺ ഇല്ല എന്നാണ് സുരേന്ദ്രൻ പറഞ്ഞത്. എന്നാൽ സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ മൊബൈൽ ഫോൺ സുരേന്ദ്രനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ ഉപയോഗിക്കുന്നു എന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തുകയായിരുന്നു.

കെ.സുന്ദര നാമനിർദ്ദേശ പത്രിക പിൻവലിക്കുന്നതിനുള്ള അപേക്ഷ തയാറാക്കിയ താളിപ്പടപ്പിലെ സ്വകാര്യ ഹോട്ടലിൽ താമസിച്ചിട്ടില്ല എന്ന സുരേന്ദ്രന്റെ മൊഴി തെറ്റാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.

കേസിൽ സാക്ഷിയായ സുന്ദരയുടെ ജീവന് ഭീഷണിയുള്ളതിനെ തുടർന്ന് രണ്ട് പൊലീസുകാരെ സുരക്ഷക്കായി നിയോഗിച്ചിരുന്നു. എന്നാൽ പിന്നീട് പിൻവലിച്ചിരുന്നു. കേസിന്റെ ഭാവി എന്താകുമെന്ന കാര്യത്തിൽ ആശങ്കയുണ്ടെന്ന് സുന്ദര നേരത്തെ പറഞ്ഞിരുന്നു

യുവമോർച്ചയുടെ മുൻ സംസ്ഥാന ട്രഷററും കെ സുരേന്ദ്രൻ അടുത്ത ആളുമായ സുനിൽ നായിക്കാണ് സുന്ദരയ്ക്ക് കോഴ നൽകിയതെന്നാണ് റിപ്പോർട്ടുകൾ. സുനിൽ നായിക് ആണ് തനിക്ക് വീട്ടിലെത്തി പണം കൈമാറിയതെന്ന് സുന്ദരയുടെ മാതാവായ ബേഡ്ജി അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. പണം കൈമാറുമ്പോൾ സുന്ദരയുടെ സഹോദരിയുടെ മകന്റെ ഭാര്യ അനുശ്രീയും വീട്ടിലുണ്ടായിരുന്നു