ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നിർമ്മാണത്തിലിരിക്കുന്ന തുരങ്കം തകർന്നതിനെ തുടർന്ന് 16ദിവസമായി കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ എന്ന് പുറത്ത് എത്തിക്കാൻ കഴിയും എന്നതിൽ അനിശ്ചിതത്വം തുടരുന്നു. 41 തൊഴിലാളികളെ പുറത്ത് എത്തിക്കാൻ ഇനിയും ദിവസങ്ങൾ വേണ്ടിവരുമെന്നാണ് രക്ഷാപ്രവർത്തകർ പറയുന്നത്.

തുടർച്ചയായി പ്രതിസന്ധികൾ ഉണ്ടായതിനെ തുടർന്ന് തുരങ്കം സ്ഥിതി ചെയ്യുന്ന കുന്നിന്റെ മുകളിൽ നിന്ന് ഇന്നലെ മുതൽ ലംബമായി തുരക്കാൻ തുടങ്ങിയിട്ടുണ്ട്. ഇന്നലെ രാത്രി വരെ 20 മീറ്റർ അകത്തേയ്ക്ക് തുരക്കാൻ കഴിഞ്ഞതായാണ് റിപ്പോർട്ടുകൾ. ഡ്രില്ല് ചെയ്ത് 700എംഎം വ്യാസമുള്ള പൈപ്പ് കടത്തിവിടാനാണ് അധികൃതരുടെ പരിപാടി. ഇതിലൂടെ തൊഴിലാളികൾക്ക് സുരക്ഷിതമായ പാത ഒരുക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.

അതിനിടെ തിരശ്ചീനമായ ഡ്രില്ലിങ്ങിനായി അമേരിക്കയിൽ നിന്ന് കൊണ്ടുവന്ന ഹെവി ഓഗർ ഡ്രിൽ വെള്ളിയാഴ്ച കേടായതിനാൽ പുറത്തെടുക്കുകയാണ്. അവസാന 10-15 മീറ്റർ ദൂരം യന്ത്ര സഹായമില്ലാതെ വിവിധ ഉപകരണങ്ങൾ ഉപയോഗിച്ച് കൈ കൊണ്ട് അവശിഷ്ടങ്ങൾ മാറ്റി തൊഴിലാളികൾക്ക് അരികിൽ എത്താനും പദ്ധതിയുണ്ട്. ഇത് കൂടുതൽ സമയമെടുക്കുന്ന പ്രക്രിയയാണ്. കുടുങ്ങിയ ഓഗർ ബ്ലേഡുകളും ഷാഫ്റ്റും പൊളിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.

ആറിഞ്ച് വീതിയുള്ള പൈപ്പിലൂടെ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾക്ക് ഭക്ഷണവും മെഡിക്കൽ സാമഗ്രികളും മറ്റ് സാധനങ്ങളും നൽകുന്നുണ്ട്. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾക്ക് അവരുടെ കുടുംബാംഗങ്ങളുമായി സംസാരിക്കാൻ ആശയവിനിമയ ശൃംഖലയും സജ്ജമാക്കിയിട്ടുണ്ട്.

രക്ഷാ ദൗത്യത്തിൽ പങ്കാളികളാകാൻ ഇന്ത്യൻ സൈന്യവും രംഗത്തുണ്ട്. അമേരിക്കൻ നിർമ്മിത ഓഗർ മെഷീൻ ഉപയോഗിച്ചുള്ള ഡ്രില്ലിങ് പരാജയപ്പെട്ട സാഹചര്യത്തിലാണ് സൈന്യത്തിന്റെ സഹായം തേടിയത്. സൈന്യം മാന്വൽ ഡ്രില്ലിങ് നടത്തി തൊഴിലാളികളെ പുറത്തെത്തിക്കാനാണ് ശ്രമിക്കുന്നത്. ഇന്ത്യൻ ആർമിയിലെ കോർപ്സ് ഓഫ് എഞ്ചിനീയർമാരുടെ എഞ്ചിനീയർ ഗ്രൂപ്പായ മദ്രാസ് സാപ്പേഴ്സിന്റെ ഒരു യൂണിറ്റ് രക്ഷാപ്രവർത്തനങ്ങളിൽ സഹായിക്കാൻ സ്ഥലത്തെത്തിയിട്ടുണ്ട്.

തുരങ്കത്തിന്റെ 60 മീറ്ററോളം ഭാഗമാണ് കല്ലും മണ്ണും ഇടിഞ്ഞ് അടഞ്ഞുപോയത്. ഇതിൽ 45 മീറ്ററോളം ഭാഗം ഓഗർ മെഷീനും മറ്റു സംവിധാനങ്ങളും ഉപയോഗിച്ച് തുരന്നുകഴിഞ്ഞിട്ടുണ്ട്. ഇതിനിടെ തുരങ്ക അവശിഷ്ടങ്ങൾക്കിടയിലെ ലോഹപാളികളിൽ തട്ടി ഓഗർ മെഷീന്റെ ബ്ലേഡ് തകരുകയും ഡ്രില്ലിങ് തടസ്സപ്പെടുകയും ചെയ്തു. മെഷീന്റെ ചില ഭാഗങ്ങൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങുക കൂടി ചെയ്തതോടെ ഡ്രില്ലിങ് പൂർണമായും വഴിമുട്ടി. ഇതോടെയാണ് സൈന്യത്തിന്റെ സഹായത്തോടെ മാന്വൽ ഡ്രില്ലിങ് നടത്താൻ തീരുമാനിച്ചത്.

നിലവിൽ ഡ്രില്ലിങ് നടത്തിയ ഭാഗത്തേക്ക് ഒരു തൊഴിലാളിയെ പ്രവേശിപ്പിക്കുകയും അദ്ദേഹം കുറച്ച് സമയം ഡ്രില്ലിങ് നടത്തി പുറത്തുവന്ന ശേഷം, മറ്റൊരാൾ ഡ്രില്ലിങ് ആരംഭിക്കുകയും ചെയ്യുന്ന രീതിയിലാണ് മാന്വൽ ഡ്രില്ലിങ് ക്രമീകരിച്ചിരിക്കുന്നത്.

തൊഴിലാളികളെ രക്ഷിക്കാൻ ഒന്നിലധികം പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് നാഷണൽ ഹൈവേസ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ മഹമൂദ് അഹമ്മദ് പറഞ്ഞു. വലിയ തടസ്സങ്ങളൊന്നുമില്ലെങ്കിൽ വെർട്ടിക്കൽ ഡ്രില്ലിങ് രീതിയിലൂടെ തുരങ്കത്തിലെത്താൻ നാല് ദിവസമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നവംബർ 12നാണ് തുരങ്കം തകർന്ന് 41 തൊഴിലാളികൾ അതിൽ അകപ്പെട്ടത്. വെളിച്ചം, ഓക്സിജൻ, ഭക്ഷണം, വെള്ളം, മരുന്നുകൾ എന്നിവ ലഭ്യമായതിനാൽ തൊഴിലാളികൾ സുരക്ഷിതരാണ്.