കൊച്ചി: പെൻഷൻ വിതരണം മുടങ്ങിയതിൽ സംസ്ഥാന സർക്കാറിനെതിരെ ഹൈക്കോടതിയെ സമീപിച്ചു മറിയക്കുട്ടി. അഞ്ച് മാസമായി വിധവ പെൻഷൻ ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മറിയക്കുട്ടി കോടതിയെ സമീപിച്ചിരിക്കുന്നത്. ജൂലൈ മാസത്തിലെ പെൻഷനാണ് ഇതുവരെ ലഭിച്ചത്. മാസാമാസം ലഭിക്കുന്ന 1600 രൂപയിൽ നിന്നാണ് മരുന്നുൾപ്പെടെയുള്ള അവശ്യസാധനങ്ങൾ വാങ്ങിയിരുന്നത്.

പെൻഷൻ മുടങ്ങിയതിനാൽ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണെന്നും മറിയക്കുട്ടി ഹരജിയിൽ പറയുന്നു. പുതുവത്സരത്തിന് മുൻപ് മുടക്കിടക്കുന്ന പെൻഷൻ മുഴുവൻ ലഭ്യമാക്കാൻ കോടതി ഇടപെടണമെന്നും ഹരജിയിലുണ്ട്. ഹരജിയിൽ ഹൈക്കോടതി സർക്കാരിന്റെയും അടിമാലി പഞ്ചായത്തിന്റെയും വിശദീകരണം തേടി. വ്യാഴാഴ്ച ഹരജി വീണ്ടും പരിഗണിക്കും.

കേന്ദ്ര വിഹിതം ലഭിച്ചില്ലെങ്കിൽ സംസ്ഥാനത്തിന് പണം നൽകാൻ കേന്ദ്രത്തോട് നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മാസങ്ങളായി പെൻഷൻ മുടങ്ങിയതിനെ തുടർന്ന് അടിമാലിയിൽ വയോധികരായ അന്നക്കുട്ടിയും മറിയക്കുട്ടിയും മൺചട്ടിയുമായി ഭിക്ഷ യാചിച്ച് തെരുവിലേക്ക് ഇറങ്ങി സമരം ചെയ്തത് നേരത്തെ വാർത്തയായിരുന്നു. മരുന്നിനും ഉപജീവനത്തിനും വേണ്ടിയാണ് ഇവർ ഭിക്ഷ യാചിച്ചത്.

തുടർന്ന് ഇവരിലൊരാളായ അന്നക്കുട്ടിക്ക് ഈറ്റ തൊഴിലാളി ക്ഷേമനിധി ബോർഡ് പെൻഷൻ നൽകാൻ തീരുമാനമെടുത്തിരുന്നു. എന്നാൽ മറിയക്കുട്ടിക്ക് വിധവാ പെൻഷൻ നൽകാൻ പണമില്ലെന്നായിരുന്നു അടിമാലി പഞ്ചായത്തിന്റെ വിശദീകരണം. മറിയക്കുട്ടിക്ക് ലഭിക്കാനുള്ളത് വിധവ പെൻഷനാണ്. അഞ്ച് മാസത്തെ പെൻഷനായിരുന്നു മറിയക്കുട്ടിക്ക് നൽകാൻ ഉണ്ടായിരുന്നത്. മറിയക്കുട്ടിക്ക് പെൻഷൻ ലഭിക്കാത്തത് സംബന്ധിച്ച വാർത്തയ്ക്ക് പിന്നാലെ അടിമാലി സർവീസ് സഹകരണ ബാങ്ക് അധികൃതർ നേരിട്ടെത്തി ഒരു മാസത്തെ ക്ഷേമ പെൻഷൻ നൽകുകയായിരുന്നു.

ഇതിനിടെ, സിപിഎം പ്രവർത്തകർ അപമാനിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി മറിയക്കുട്ടി രംഗത്തെത്തിയിരുന്നു. വ്യാജ വാർത്ത നൽകിയതിന് ദേശാഭിമാനിക്കെതിരെയും മറിയക്കുട്ടി പരാതി നൽകിയിട്ടുണ്ട്.