തിരുവനന്തപുരം: വിവാഹ ബന്ധം വേർപിരിഞ്ഞ ദമ്പതികൾക്ക് വിവാഹ സർട്ടിഫിക്കറ്റ് ലഭിച്ചത് രണ്ട് പതിറ്റാണ്ടിന് ശേഷം. വിവാഹമോചനം നടന്ന് 15 വർഷങ്ങൾക്കു ശേഷമാണ് തദ്ദേശ വകുപ്പ് വിവാഹം രജിസ്റ്റർ ചെയ്തു കൊടുക്കുകയായിരുന്നു. സൈനികനായ പിതാവിന്റെ കുടുംബ പെൻഷൻ ലഭിക്കുന്നതിനു വേണ്ടിയാണ് മകളുടെ ആവശ്യപ്രകാരം ഇത്തരമൊരു സർട്ടിഫിക്കറ്റ് തയ്യാറാക്കി കൊടുത്തത്.

2003 ഫെബ്രുവരി രണ്ടിന് വണ്ടാനം എസ്എൻഡിപി കമ്മ്യൂണിറ്റി ഹാളിൽ നടന്ന വിവാഹം അന്ന് രജിസ്റ്റർ ചെയ്തിരുന്നില്ല. എന്നാൽ 2007 സെപ്റ്റംബർ 14ന് ഇവർ വിവാഹമോചിതരായി. ഏറ്റുമാനൂർ ഹൈക്കോടതിയാണ് വിവാഹമോചനം അനുവദിച്ചത്.പിന്നീട് സൈനികനായിരുന്ന പിതാവിന്റെ കുടുംബ പെൻഷൻ ലഭിക്കുന്നതിന് വേണ്ടി മകൾ വിവാഹമോചനം നേടിയതിന്റെ രേഖ ഹാജരാക്കി. പക്ഷേ വിവാഹം നടന്നുവെന്നതിന്റെ രേഖ കൂടി ഹാജരാക്കാൻ ആവശ്യപ്പെടുകയായിരുന്നു.

രേഖകൾ നൽകാനോ കോടതിയിൽ ഹാജരാകാനോ മുൻ ഭർത്താവ് തയ്യാറാകാത്തതിനാൽ പഞ്ചായത്ത് രജിസ്ട്രാർ വിവാഹ രജിസ്ട്രേഷനുള്ള അപേക്ഷ തള്ളുകയും ചെയ്തു. ഇതിനെ തുടർന്നാണ് വിവാഹ പൊതു മുഖ്യ രജിസ്ട്രാർ ജനറലായ തദ്ദേശ വകുപ്പ് ഡയറക്ടർക്ക് അപേക്ഷ നൽകുന്നത്. ഇതു സംബന്ധിച്ച് പ്രത്യേക നിയമങ്ങൾ ഇല്ലാത്തതിനാൽ സർക്കാരിന്റെ തീരുമാനത്തിന് വിടുകയായിരുന്നു.

കോടതി വിവാഹമോചനം അനുവദിച്ചത് വിവാഹം അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ്. അതുകൊണ്ട് തന്നെ വിവാഹം രജിസ്റ്റർ ചെയ്യുന്നതിൽ നിലവിൽ തടസ്സങ്ങളില്ല. തദ്ദേശവകുപ്പ് മന്ത്രി എംബി രാജേഷിന്റെ നിർദേശപ്രകാരമാണ് വിവാഹം രജിസ്റ്റർ ചെയ്യാൻ ഉത്തരവിറക്കിയത്. ജനപക്ഷത്തു നിന്നുള്ള സർക്കാർ ഇടെപടലിന്റെ ഭാഗമാണ് നടപടിയെന്ന് മന്ത്രി പറഞ്ഞു.