കോഴിക്കോട്: വീണ വിജയനും കെ.എസ്‌ഐ.ഡി.സിക്കും എതിരായ കേന്ദ്ര അന്വേഷണത്തിൽ സിപിഎമ്മിനെതിരെ കോൺഗ്രസ് നേതാവും എംഎൽഎയുമായി മാത്യു കുഴൽനാടൻ. വീണാ വിജയനുവേണ്ടി പ്രതിരോധം തീർത്ത സിപിഎമ്മിന് എക്സാലോജിക്കിനെതിരായ കേന്ദ്ര അന്വേഷണത്തിൽ എന്താണ് പറയാനുള്ളതെന്ന് മാത്യു കുഴൽനാടൻ ചോദിച്ചു. കെഎസ്ഐഡിസിക്കെതിരായ അന്വേഷണം ഗുരുതരമാണെന്നും ഇതിൽ വ്യവസായ മന്ത്രി പി രാജിവിന് ഉത്തരമുണ്ടോയെന്നും ക്രമക്കേടുകൾക്ക് വ്യവസായ വകുപ്പ് കൂട്ടുനിന്നതായി അനുമാനിക്കണമെന്നും മാത്യു കുഴൽനാടൻ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.

വീണാ വിജയന്റെ എക്സാലോജിക് കമ്പനിയുടെ പ്രവർത്തനം ദുരൂഹമാണെന്നും വഴിവിട്ട പണം സ്വീകരിക്കുന്നതിനും ആ പണം വെളുപ്പിച്ചെടുക്കുന്നതിനും വേണ്ടിയുള്ള കടലാസ് കമ്പനിയുടെ പ്രവർത്തനം പോലെയാണ് കാണാൻ കഴിയുന്നതെന്നും, ഈ കമ്പനിയുടെ പ്രവർത്തനങ്ങൾ ഒട്ടും സുതാര്യമല്ലെന്നും നിയമവിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്നും നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് പറഞ്ഞപ്പോൾ വീണാ വിജയനെ പ്രതിരോധിച്ചത് സിപിഎം സെക്രട്ടേറിയറ്റ് ആണ്. ഇതിൽ തെറ്റായിട്ട് ഒന്നുമില്ലെന്നായിരുന്നു അന്ന് സിപിഎമ്മിന്റെ വിശദീകരണം. കേന്ദ്ര അന്വേഷണം പ്രഖ്യാപിച്ച ഘട്ടത്തിൽ സിപിഎം നിലപാട് അറിയാൻ താത്പര്യമുണ്ടെന്ന് മാത്യ കുഴൽനാടൻ പറഞ്ഞു.

യൂത്ത് കോൺഗ്രസ് അധ്യക്ഷന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് സ്വീകരിച്ച നിയമനടപടിയിൽ മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതികരണം ഇക്കാര്യത്തിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നായിരുന്നു. വീണാ വിജയന്റെ കമ്പനിക്കെതിരെ വന്ന അന്വേഷണത്തിൽ ഇതുതന്നെയാണോ മന്ത്രിയുടെ നിലപാട് എന്നറിയാൻ താത്പര്യമുണ്ടെന്നും മാത്യു പറഞ്ഞു.

സിഎംആർഎല്ലിനും എക്സാലോജിക്കിനും പുറമെ കെഎസ്ഐഡിസിയോട് കേന്ദ്രം നിലപാട് ചോദിച്ചിട്ടുണ്ട്. മൂന്നുപേർക്കും നോട്ടീസ് നൽകിയിട്ട് വ്യക്തമായ മറുപടി നൽകാത്ത സാഹചര്യത്തിലാവും കേന്ദ്ര സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്. കേന്ദ്രസർക്കാർ നോട്ടീസ് നൽകിയിട്ട് എന്ത് മറുപടിയാണ് നൽകിയതെന്ന് വീണാ വിജയനും എക്സാലോജിക്കും പൊതുസമൂഹത്തോട് മറുപടി പറയണമെന്നില്ല. എന്നാൽ കെഎസ്ഐഡിസി ഇക്കാര്യത്തിൽ എന്താണ് അറിയിച്ചതെന്ന് മന്ത്രി പി രാജീവ് തുറന്നുപറയണം. സിഎംആർഎല്ലുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപയുടെ വിവരം മറച്ചുവെച്ചിട്ടുണ്ട്.

സംസ്ഥാന സർക്കാരിന് ലഭിക്കേണ്ട പണം സിഎംആർഎൽ തട്ടിയെടുത്തിൽ പി രാജീവ് മറുപടി പറയണമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. അന്വേഷണത്തെ അമിത ആവേശത്തോടെ കാണുന്നില്ല. സ്വർണക്കടത്തിൽ കേന്ദ്ര ഏജൻസികൾ സത്യസന്ധമായ അന്വേഷണം നടത്തിയിട്ടില്ലെന്നും ഇപ്പോഴത്തെ അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആത്യന്തികമായി കോടതിയിലാണ് വിശ്വസിക്കുന്നതെന്നും മാത്യ കുഴൽനാടൻ പറഞ്ഞു.

കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയമാണ് വീണ വിജയന്റെ കമ്പനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. വിശദമായ അന്വേഷണത്തിന് മൂന്നംഗ ഉന്നത ഉദ്യോഗസ്ഥ സംഘത്തെ ചുമതലപ്പെടുത്തി. നാല് മാസത്തിനുള്ളിൽ അന്തിമ അന്തിമ റിപ്പോർട്ട് നൽകണമെന്നാണ് നിർദ്ദേശം. കർണാടക ഡെപ്യൂട്ടി രജിസ്റ്റ്രാർ ഓഫ് കമ്പനീസ് വരുൺ ബിഎസ്, ചെന്നൈ ഡപ്യൂട്ടി ഡയറക്ടർ കെ.എം. ശങ്കര നാരായണൻ, പോണ്ടിച്ചേരി ആർഒസി, എ ഗോകുൽനാഥ് എന്നിവർക്കാണ് അന്വേഷണ ചുമതല. എക്സാലോജിക് കമ്പനി നിയമ ലംഘനങ്ങൾ നടത്തിയെന്ന് രജിസ്ട്രാർ ഓഫ് കമ്പനീസ് ബംഗളുരു നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഇത് വ്യക്തമായതോടെയാണ് വിശദമായ അന്വേഷണത്തിന് ഉത്തരവായത്.