കൊച്ചി: ഇലക്ട്രിക് കാറായ വിന്‍സര്‍ പുറത്തിറക്കി ജെ.എസ്.ഡബ്ല്യൂ എം.ജി മോട്ടോര്‍ ഇന്ത്യ രാജ്യത്ത് കൊണ്ടു വരുന്നത് ഇലക്ട്രിക് കാര്‍ വിപ്ലവം. ബാറ്ററിക്ക് പണം വേണ്ടെന്നതാണ് പ്രത്യേകത. ഇത് മറ്റ് കാര്‍ കമ്പനികള്‍ക്ക് വെല്ലുവിളിയാണ്. എം.ജിയുടെ പുതിയ കാറിന് 10 ലക്ഷത്തിന് താഴെ വിലയേ ഉള്ളൂ. എസ്.യു.വിയുടെ സ്വഭാവവും സെഡാന്റെ സൗകര്യങ്ങളും ചേര്‍ന്ന ഇന്ത്യയിലെ ആദ്യ വാഹനം ആണിത്. ലൈഫ് ടൈം ബാറ്ററി വാറന്റി പോലുള്ള ഓഫറുകള്‍ അടക്കം 9.99 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ വില ആരംഭിക്കുന്നത്. ഒറ്റച്ചാര്‍ജില്‍ 331 കിലോമീറ്റര്‍ റേഞ്ച് ലഭിക്കും. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന കൊട്ടാരങ്ങളിലൊന്നായ, യു.കെയിലെ വിന്‍സര്‍ കാസിലില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് എം.ജി വിന്‍സര്‍ എന്ന പേര് സ്വീകരിച്ചത്.

വാഹനം ഓടുന്ന ഓരോ കിലോമീറ്ററിനും 3.5 രൂപ വീതം കമ്പനിക്ക് വാടക നല്‍കുന്ന സംവിധാനമാണ് ബാറ്ററി ആസ് എ സര്‍വീസ്. സാധാരണ ഇന്റേണല്‍ കമ്പസ്റ്റ്യന്‍ എഞ്ചിന്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നതിനേക്കാള്‍ ചെലവ് ഇലക്ട്രോണിക് വാഹനങ്ങള്‍ക്ക് വരുമെന്ന ആശങ്ക ശക്തമാണ്. ഒരുനിശ്ചിത കാലയളവ് കഴിഞ്ഞാല്‍ ബാറ്ററി മാറ്റിവയ്ക്കേണ്ടി വരുമെന്നതാണ് ഇതിന് കാരണം. എന്നാല്‍ ബാറ്ററി വാടകയ്ക്ക് നല്‍കുന്നതിലൂടെ ഇതൊഴിവാക്കാമെന്നാണ് എം.ജിയുടെ പദ്ധതി. പെട്രോള്‍, ഡീസല്‍ വാഹനങ്ങളേക്കാള്‍ ഇന്ധനച്ചെലവില്‍ 40 ശതമാനം ലാഭിക്കാം.

ആദ്യ ഉപയോക്താവിന് വിന്‍സര്‍ ഇവിയുടെ ബാറ്ററിയ്ക്ക് ആജീവനാന്ത വാറന്റി ലഭിക്കും. എല്ലാ പൊതു ചാര്‍ജറുകളിലും ഉപയോക്താക്കള്‍ക്ക് ഒരു വര്‍ഷംവരെ സൗജന്യ ചാര്‍ജിംഗും ലഭിക്കാം. ഇന്ത്യന്‍ വാഹന വിപണിയില്‍ ഏറ്റവും കൂടുതല്‍ മത്സരം നടക്കുന്ന വാഹന ശ്രേണികളില്‍ ഒന്നിലേക്കാണ് വിന്‍സറിന്റെ വരവ്. ടാറ്റ നെക്സോണ്‍ ഇവി, മഹീന്ദ്ര എക്സ്.യു.വി 400 ഇവി, ടാറ്റ പഞ്ച് ഇവി എന്നിവരായിരിക്കും എതിരാളികള്‍.

ഐപി 67 റേറ്റിംഗുള്ള പി.എം.എസ് മോട്ടറിനെ ചലിപ്പിക്കാന്‍ 38 കിലോവാട്ട് അവര്‍ ശേഷിയുള്ള ലിഥിയം-അയണ്‍ ബാറ്ററിയാണ് വാഹനത്തില്‍ എംജി നല്‍കിയിരിക്കുന്നത്. മിനിമലിസ്റ്റിക് ഡിസൈനില്‍ ആധുനിക സൗകര്യങ്ങളെല്ലാം ഉള്‍പ്പെടുത്തിയാണ് വാഹനം നിരത്തിലെത്തിച്ചിരിക്കുന്നത്. സ്റ്റാര്‍ബസ്റ്റ് ബ്ലാക്ക്, പേള്‍ വൈറ്റ്, ക്ലേ ബീജ്, ടര്‍കോയിസ് ഗ്രീന്‍ എന്നീ നിറങ്ങളിലാണ് വാഹനം ലഭ്യമാവുക.