കണ്ണൂർ: തലശേരി താലൂക്കിലെ പാർട്ടി ഗ്രാമങ്ങളിൽ നിർമ്മിക്കുകയും രഹസ്യകേന്ദ്രങ്ങളിൽ ഒളിപ്പിച്ചുവയ്ക്കുകയും ചെയ്യുന്ന പാട്ടബോംബുകൾ അപായപ്പെടുന്നത് ആക്രി ശേഖരിച്ചു ജീവിക്കുന്ന പാവങ്ങളായ ഇതരസംസ്ഥാന തൊഴിലാളികളെ. ഇതോടെ ഉത്തരേന്ത്യയിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും കണ്ണൂരിലേക്ക് കുടിയേറിയ ഇതരസംസ്ഥാനക്കാരായ തൊഴിലാളികൾ കടുത്ത അരക്ഷിതാവസ്ഥയിലാണ്.

പാർട്ടിഗ്രാമങ്ങളിൽ ബോംബുനിർമ്മാണവും പരീക്ഷണ പ്രയോഗങ്ങളും സമാധാനം നിലനിൽക്കുന്ന വേളയിലും നടക്കുന്നുണ്ടെങ്കിലും പൊലിസിന് കണ്ടെത്താൻ കഴിയുന്നില്ല. നിർമ്മാണ വിദഗ്ദ്ധരുടെ കൈപ്പിഴയും ബോംബുകൾ വിതരണത്തിനായി കൊണ്ടുപോകുമ്പോൾ അബദ്ധത്തിൽ വീണു പൊട്ടുമ്പോഴുമുണ്ടാകുന്ന സ്ഫോടനങ്ങളുമാണ് ബോംബ് നിർമ്മാണ കേന്ദ്രങ്ങളെ കുറിച്ചുള്ള വിവരം പുറംലോകം അറിയുന്നത്. ഇരുപതോളം പേർ കൈപ്പത്തിയറ്റു നിസഹായരായി ജീവിക്കുന്ന യുവാക്കൾ ഇന്നും പാനൂരിൽ ജീവിക്കുന്നുണ്ട്.

പാർട്ടിക്കുവേണ്ടി വിവിധ കാലയളവിൽ ബോംബു നിർമ്മിച്ചവരാണ് ഈ ജീവിക്കുന്ന രക്തസാക്ഷികൾ. കതിരൂരിൽ വർഷങ്ങൾക്കു മുൻപ ബോംബ് നിർമ്മാണത്തിനിടെ രണ്ടു സി.പി. എം പ്രവർത്തകർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇവരെ എതിരാളികൾ വകവരുത്തിയ രക്തസാക്ഷികളായാണ് സി.പി. എം പിന്നീട് ചിത്രീകരിച്ചത്. പാനൂരിലും ചെറുവാഞ്ചേരിയിലും ബിജെപി പ്രവർത്തകരും നാദാപുരത്ത്് മുസ്ലിംലീഗുകാരും ബോംബു നിർമ്മാണത്തിൽ സജീവമാണ്. തങ്ങളുടെ സ്വാധീനകേന്ദ്രങ്ങളിൽകോൺഗ്രസുകാരും ബോംബുകളെടുത്ത് പ്രയോഗിച്ച സംഭവങ്ങളുമുണ്ടായിട്ടുണ്ട്.

പാർട്ടിഗ്രാമങ്ങളിൽ ഒളിപ്പിച്ചുവെച്ച ബോംബുകൾ പൊട്ടി അപായപ്പെടുന്നത് ഇതരസംസ്ഥാന തൊഴിലാളികളാണെന്നതാണ് ജീവിക്കാനായി ആക്രിപൊറുക്കുന്നവരെ ഭീതിയിലാഴ്‌ത്തുന്നത്. ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും ആക്രി പൊറുക്കി ജീവിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളാണ് ബോംബാണെന്ന് തിരിച്ചറിയാതെ കൊണ്ടുവരുന്ന ചെറുപാത്രങ്ങൾ തങ്ങളുടെ കേന്ദ്രത്തിൽ കൊണ്ടുവന്ന് വേർതിരിക്കുന്നതിനിടെ സ്ഫോടനത്തിന് ഇരയാകുന്നത്. കഴിഞ്ഞ വർഷം രണ്ടുപേരാണ് ഇങ്ങനെ കൊല്ലപ്പെട്ടത്.

ഇതിനിടെ ഞായറാഴ്‌ച്ച രാവിലെ ഒൻപതുമണിയോടെ കതിരൂർ പൊലിസ് സ്റ്റേഷൻ പരിധിയിലെ പാട്യത്ത് പൊട്ടിത്തെറിച്ചത് സ്റ്റീൽബോംബാണെന്നു പൊലിസ് സ്ഥിരീകരിച്ചു. സ്‌ഫോടനം നടന്ന പാട്യം മൂഴിവയലിൽ ഫോറൻസിക് വിഭാഗവും ബോംബ് സ്‌ക്വാഡും പരിശോധന നടത്തിയതിനെ തുടർന്നാണ് ഉഗ്രസ്‌ഫോടക ശേഷിയുള്ള സ്റ്റീൽ ബോംബു പൊട്ടിയാതാണെന്നു വ്യക്തമായത്. ആക്രി സാധനങ്ങൾ വേർതിരിക്കുന്നതിനിടെയുണ്ടായ സ്‌ഫോടനത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർക്കാണ് പരുക്കേറ്റത്. അസം സ്വദേശി ഷഹീദ് അലിക്കും മക്കൾക്കുമാണ് പരിക്കേറ്റത്. ഇരുകൈപ്പത്തികൾക്കും അതീവഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് ഷഹീദ് അലി കണ്ണൂർ ഗവ. മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലാണ്.

ഞായറാഴ്‌ച്ച രാവിലെ ഒൻപതുമണിയോടെയാണ് നാടിനെനടുക്കുന്നഅപകടമുണ്ടായത്. പാട്യം മൂഴിവയലിൽ പഴയ വീട് വാടകയ്‌ക്കെടുത്ത് ആക്രി കച്ചവടം നടത്തുകയാണ് അസമിൽ നിന്നുള്ള കുടുംബങ്ങൾ. ആസാമിൽ നിന്നുമെത്തിയ എട്ടുപേർ രണ്ട് മാസമായി ഇവിടെയാണ് താമസം. ശേഖരിച്ച ആക്രി സാധനങ്ങൾ വീടിനോട് ചേർന്ന് തരംതിരിക്കുമ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്. അസം സ്വദേശിയായ നാൽപ്പത്തഞ്ചുകാരൻ ഷഹീദ് അലിയുടെ കൈക്ക് ഗുരുതര പരിക്കേറ്റു. അടുത്തുണ്ടായിരുന്ന പത്തും എട്ടും വയസ്സുള്ള കുട്ടികൾക്കും പരിക്കേറ്റു. വലിയ ശബ്ദം കേട്ടാണ് അടുത്തുള്ളവർ ഓടിയെത്തിയത്.

പരിക്കേറ്റവരെ ഓടിയെത്തിയ നാട്ടുകാരും സഹപ്രവർത്തകരും ചേർന്ന് ആദ്യം കൂത്തുപറമ്പ് ജനറൽ ആശുപത്രിയിലെത്തിച്ചു. എന്നാൽ ഷഹീദ് അലിയുടെ പരിക്ക് ഗുരുതരമായതിനാൽ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. കുട്ടികളുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. പാത്രത്തിൽ ഒളിപ്പിച്ച സ്റ്റീൽ ബോംബാണ് പൊട്ടിയതെന്നാണ് നിഗമനം. തലശ്ശേരി എസിപി ഉൾപ്പെടെ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. കതിരൂർ പൊലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്.

സ്‌ഫോടനമുണ്ടായ പശ്ചാത്തലത്തിൽ പ്രദേശത്ത് പൊലിസ് റെയ്ഡു നടത്തിയെങ്കിലുംഒന്നും കണ്ടെടുക്കാനായില്ല. കഴിഞ്ഞ വർഷം പാനൂരിൽ ഇതിനു സമാനമായി ആക്രിസാധനങ്ങളുടെ കൂട്ടത്തിൽ നിന്നുംലഭിച്ച സ്റ്റീൽ പാത്രം തുറക്കുന്നതിനിടെ ബോംബു പൊട്ടി ഇതരസംസ്ഥാനക്കാരും ആക്രിതൊഴിലാളികളുമായ പിതാവും മകനും ദാരുണമായി കൊല്ലപ്പെട്ടിരുന്നു. കാൽനൂറ്റാണ്ടിനു മുൻപ് തലശേരി കൊളശേരിയിൽ ആക്രിപെറുക്കുന്നതിനിടെ ബോംബ് പൊട്ടിത്തെറിച്ചു തമിഴ്‌നാട് സ്വദേശിയായ അമാവാസിയെന്ന നാടോടി ബാലന്റെ കണ്ണ് നഷ്ടപ്പെട്ടിരുന്നു.

പാർട്ടി ഗ്രാമങ്ങളിൽ ഒളിപ്പിച്ചുവെച്ച ബോംബുകൾ രാഷ്ട്രീയ സംഘർഷമേഖലകളിൽ ആക്രി ജോലികൾ ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ ജീവനാണ് കവരുന്നത്. തലശേരി താലൂക്കിലെ മിക്ക സ്ഥലങ്ങളിലും ബോംബു നിർമ്മാണം തകൃതിയായിനടക്കുമ്പോഴും അതുകണ്ടെത്തുന്നതിനായി പൊലിസ് നടത്തുന്ന റെയ്ഡുകൾ കഴിയുന്നില്ലെന്ന പരാതി ജനങ്ങൾക്കുണ്ട്.