വയനാട്: സൈനിക വേഷത്തില്‍ മേപ്പടിയില്‍ എത്തി മോഹന്‍ലാല്‍. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് ആശ്വാസമേകാനാണ് നടന്‍ മോഹന്‍ലാല്‍ വയനാട് മേപ്പടിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ എത്തിയത്. ആര്‍മി ക്യാമ്പില്‍ എത്തിയ ശേഷമാണ് ലെഫ്റ്റനന്റ് കേണല്‍ കൂടിയായ മോഹന്‍ലാല്‍ ദുരിത ബാധിതരെ കാണാന്‍ എത്തിയത്. അതിന് ശേഷം മോഹന്‍ലാല്‍ ദുരന്ത ഭൂമിയായ മുണ്ടക്കൈയിലും എത്തി. സൈനിക അകമ്പടിയിലായിരുന്നു യാത്ര.

രക്ഷാപ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജമേകുകയാണ് ലാലിന്റെ ലക്ഷ്യം. കേരളത്തില്‍ സൈന്യം നടത്തുന്ന ഏറ്റവും ദുഷ്‌കരമായ രക്ഷാ ദൗത്യമാണ് മുണ്ടക്കൈയിലേത്. ഈ സാഹചര്യത്തിലാണ് സേനയുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരില്‍ ഒരാള്‍ കൂടിയായ ലാല്‍ എത്തിയത്. സൈനിക നേതൃത്വത്തോട് ലാല്‍ കാര്യങ്ങള്‍ തിരക്കി. കൂടിയാലോചനകളും ഉണ്ടായി. അതിന് ശേഷമാണ് ദുരന്ത ബാധിത സ്ഥലത്തേക്ക് പോയത്. നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹന്‍ലാല്‍ സംഭാവന നല്‍കിയിരുന്നു. 25 ലക്ഷം രൂപയാണ് നടന്‍ നല്‍കിയത്. 2018ല്‍ ഉണ്ടായ മഹാപ്രളയ സമയത്തും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹന്‍ലാല്‍ സംഭാവന നല്‍കിയിരുന്നു. ദുരന്ത പുനരധിവാസത്തിന്റെ പ്രത്യേകതകള്‍ അടക്കം ലാല്‍ മനസ്സിലാക്കും. അച്ഛന്‍ പേരിലുള്ള സന്നദ്ധ സഹായ സംഘടനയിലൂടെ മുണ്ടക്കൈയും ചൂരല്‍മലയിലും കൂടുതല്‍ സഹായം ലാല്‍ എത്തിക്കുകയും ചെയ്യും.

ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണലാണ് മോഹന്‍ലാല്‍. കോഴിക്കോടു നിന്ന് റോഡു മാര്‍ഗമാണ് വയനാട്ടിലെത്തിയത്. സൈനിക ഉദ്യോഗസ്ഥരുമായി അദ്ദേഹം ചര്‍ച്ച നടത്തി. ടെറിട്ടോറിയല്‍ ആര്‍മിയും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമാണ്. ഈ സാഹചര്യത്തിലാണ് ലാലിന്റെ വയനാട്ടിലേക്കുള്ള വരവ്. നേരത്തെ ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നവരെ കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധനേടിയിരുന്നു. ലെഫ്റ്റനന്റ് കേണല്‍ കൂടിയായ മോഹന്‍ലാല്‍ മേപ്പാടി എത്തിയപ്പോള്‍ സൈന്യം സ്വീകരിച്ചു. സൈനിക യൂണിഫോമിലാണ് മോഹന്‍ലാല്‍ എത്തിയത്. ദുരിതാശ്വാസ ദൗത്യത്തില്‍ മുന്‍നിരയില്‍ നിന്ന എന്റെ 122 ഇന്‍ഫന്‍ട്രി ബറ്റാലിയന്‍ ടിഎ മദ്രാസിന്റെ പ്രയത്‌നങ്ങള്‍ക്ക് മോഹന്‍ലാല്‍ നന്ദി അറിയിച്ചിരുന്നു.

'വയനാട് ജില്ലയിലെ മേപ്പാടിയിലെ മുണ്ടക്കൈ ദുരന്ത ഭൂമിയായിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം ആറു സോണുകളായി നടത്തുകയാണ്. കാണാമറയ്ത്ത് ഇനിയും ഒരുപാട് പേരുണ്ട്. രക്ഷാപ്രവര്‍ത്തനം നടത്തുന്നവരെ സല്യൂട്ട് ചെയ്യുകയാണ്. ദുരന്ത മുഖത്ത് ധീരതയോടെ അക്ഷീണം തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന നിസ്വാര്‍ത്ഥരായ സന്നദ്ധപ്രവര്‍ത്തകര്‍, പോലീസുകാര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, എന്‍ഡിആര്‍എഫ്, സൈനിക സൈനികര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങി അക്ഷീണം പ്രയത്നിക്കുന്ന ഓരോ വ്യക്തിയെയും അഭിവാദ്യം ചെയ്യുന്നു. മുമ്പും നമ്മള്‍ വെല്ലുവിളികളെ നേരിട്ടുണ്ട്. കൂടുതല്‍ ശക്തരാകുകയും ചെയ്തിട്ടുണ്ട്. ദുഷ്‌കരമായ സമയത്ത് നമ്മള്‍ക്ക് എല്ലാവര്‍ക്കും ഒറ്റക്കെട്ടായി നില്‍ക്കാനും ഐക്യത്തിന്റെ ശക്തി കാണിക്കാനും താന്‍ പ്രാര്‍ഥിക്കുകയും ചെയ്യുന്നു', എന്നാണ് മോഹന്‍ലാല്‍ വിശദീകരിച്ചത്.

മുണ്ടക്കൈ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 300 കടന്നിട്ടുണ്ട്. 206 മൃതദേഹങ്ങളും 134 ശരീരഭാഗങ്ങളുമാണ് ഇതുവരെ കണ്ടെടുത്തത്. കണ്ടെടുത്ത ശരീര ഭാഗങ്ങളുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചു. 206 പേരെ ഇനിയും കണ്ടെത്താന്‍ ആയിട്ടില്ല. 86 പേര്‍ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നു. ജില്ലയില്‍ 91 ദുരിതാശ്വാസ ക്യാമ്പുകളിലായി 9328 പേരാണ് കഴിയുന്നത്. വയനാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ പുനരധിവാസത്തിനായി നാടിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും സഹായമെത്തുകയാണ്.

മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ, ആസിഫ് അലി, മഞ്ജു വാര്യര്‍, നയന്‍താര, നവ്യാ നായര്‍, ഫഹദ് ഫാസില്‍, നസ്രിയ, പേളി മാണിയും ശ്രീനിഷും തുടങ്ങിയ താരങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങള്‍ നല്‍കിയിരുന്നു. ദുരിതാശ്വാസ നിധിയിലേക്ക് മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും 35 ലക്ഷം രൂപ കൈമാറി. ആദ്യഘട്ടമായി മമ്മൂട്ടി 20 ലക്ഷം രൂപയും ദുല്‍ഖര്‍ 15 ലക്ഷം രൂപയുമാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. തുക മന്ത്രി പി രാജീവ് ഏറ്റുവാങ്ങി. മമ്മൂട്ടി കെയര്‍ ഫൗണ്ടേഷന്റെ ഭാഗമായാണ് തുക കൈമാറിയത്.

കാര്‍ത്തിയും സൂര്യയും ജ്യോതികയും ചേര്‍ന്ന് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയിരുന്നു. നടന്മാരായ കമല്‍ഹാസന്‍, വിക്രം എന്നിവര്‍ 20 ലക്ഷം രൂപയും നടി രശ്മിക മന്ദാന 10 ലക്ഷം രൂപയും നല്‍കി. ഫഹദ് ഫാസിലും നസ്രിയയും ചേര്‍ന്ന് 25 ലക്ഷമാണ് സംഭാവനചെയ്തത്.