സാൻഫ്രാൻസിസ്‌കോ: 'ട്വിറ്റർ പക്ഷി സ്വതന്ത്രമായി': ഉടമസ്ഥ കസേരയിൽ എത്തിയതിനെ തുടർന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ തനിക്ക് സാക്ഷാത്്കരിക്കാനുള്ള സ്വപ്‌നങ്ങളെ കുറിച്ച് സൂചിപ്പിച്ച് കൊണ്ട് ഇലോൺ മസ്്ക് ട്വീറ്റ് ചെയ്തു. ഇന്ത്യൻ വംശജനായ സിഇഒ പരാഗ് അഗ്രവാൾ അടക്കമുള്ളമുള്ളവരെ പുറത്താക്കിയതിന് പിന്നാലെയാണ് മസ്‌കിന്റെ പുതിയ പദ്ധതികൾ പ്രഖ്യാപിച്ചത്.

ടെസ്ല കാർ കമ്പനിയുടെ ഉടമയായ ശതകോടീശ്വരന് ട്വിറ്റർ വെറുപ്പിന്റെയും, വിദ്വേഷത്തിന്റെയും ഭിന്നിപ്പിന്റെയും പ്ലാറ്റഫോം ആകുന്നത് തടയണം. സ്പാം ബോട്ടുകളെ തുരത്തണം. ഉപയോക്താക്കൾക്ക് വേണ്ടി ഉള്ളടക്കം എങ്ങനെയാണ് അവതരിപ്പിക്കുന്നതെന്ന് നിർണയിക്കാനുള്ള അൽഗോരിതങ്ങൾ സൃഷ്ടിക്കണം. എന്നാൽ, എങ്ങനെയാണ് ഈ ലക്ഷ്യങ്ങൾ കൈവരിക്കുകയെന്നും, ആരായിരിക്കും തലപ്പത്തെന്നും മസ്‌ക് വെളിപ്പെടുത്തിയില്ല.

പരാഗ് അഗ്രവാൾ പോകുന്നത് വെറു കൈയോടയല്ല

44 ബില്യൻ ഡോളറിനാണ് മസ്‌ക് ട്വിറ്ററിനെ സ്വന്തമാക്കിയത്. വൈകാതെ തന്നെ സിഇഒ പരാഗ് അഗ്രവാളിനെ പുറത്താക്കി. ഇന്ത്യൻ വംശജനായ അഗ്രവാളിനെ 2021 നവംബറിലാണ് ട്വിറ്ററിൽ നിയമിച്ചത്. ഐഐടി ബോംബെ, സ്റ്റാൻഫോർഡ് എന്നിവിടങ്ങളിൽ നിന്ന് പഠിച്ചിറങ്ങിയ അഗ്രവാൾ 2011ലാണ് ട്വിറ്ററിൽ ചേർന്നത്. അന്ന് ആയിരത്തിൽ താഴെ ജീവനക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. 2017 ൽ ചീഫ് ടെക്‌നോളജി ഓഫീസറായി. ഒരു ടെക്‌നോളജി കമ്പനിയുടെ സിഇഒ ആകുന്ന ഏറ്റവും പ്രായം കുറഞ്ഞ ആൾ കൂടിയായിരുന്നു 38 കാരനായ അഗ്രവാൾ.

ട്വിറ്റർ വാങ്ങാനുള്ള താൽപര്യം ഈ വർഷം ഏപ്രിലിൽ പ്രകടിപ്പിച്ച മസ്‌ക് ഫേക്ക് അക്കൗണ്ടുകളെ ചൊല്ലിയുള്ള പ്രശ്‌നത്തിൽ പിന്നീട് പിന്നോക്കം പോവുകയായിരുന്നു. വ്യാജ അക്കൗണ്ടുകളുടെ കാര്യത്തിൽ അഗ്രവാൾ തന്നെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ആരോപിച്ചാണ് മസ്‌ക് അദ്ദേഹത്തെ പുറത്താക്കിയത്. പുറത്തായെങ്കിലും വൻ തുകയാണ് പരാഗ് അഗ്രവാളിന് ലഭിക്കുകയെന്നാണ് റിപ്പോർട്ടുകൾ. സ്ഥാപനത്തിൽ നിന്നും ഇറങ്ങി പോകുമ്പോൾ 318 കോടിയെങ്കിലും അദ്ദേഹത്തിന് ലഭിച്ചേക്കും.

ട്വിറ്ററിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായ നെഡ് സെഗലിന് 25.4 മില്യൺ ഡോളറും ലഭിക്കും. ചീഫ് ലീഗൽ ഓഫീസറായ വിജയ ഗാഡെക്ക് 12.5 മില്യൺ ഡോളറാണ് ലഭിക്കുക. ട്വിറ്ററിലെ ജീവനക്കാരുടെ കമ്പനിയിലെ ഓഹരി മൂല്യത്തിനനുസരിച്ചാണ് പണം ലഭിക്കുക.

ജോലി നഷ്ടമാകുമെന്ന് ഭയന്ന് ജീവനക്കാർ

ട്വിറ്ററിലെ ജീവനക്കാരെ വെട്ടിക്കുറയ്ക്കുമെന്ന് സൂചനകൾ മസ്‌കിന്റെ ട്വീറ്റുകളിലുണ്ട്. 7500 ഓളം ജീവനക്കാർ തൊഴിൽ പോകുമെന്ന പേടിച്ച് കഴിയുകയാണ്. 75 ശതമാനം ജീവനക്കാരെ പറഞ്ഞുവിടുമെന്നും റിപ്പോർട്ടുകൾ വരുന്നു. താൻ ട്വിറ്റർ വാങ്ങിയത് കാശുണ്ടാക്കാനല്ലെന്നും, മനുഷ്യരാശിയോടുള്ള സ്‌നേഹത്തിന്റെ പുറത്താണെന്നുമാണ് മസ്‌ക് പറയുന്നത്. അഗ്രവാളിനെയും, സെഗലിനെയും പുറത്താക്കിയപ്പോൾ അവർ ട്വിറ്ററിന്റെ സാൻഫ്രാൻസിസ്‌കോയിലെ ആസ്ഥാനത്തുണ്ടായിരുന്നു.

ചീഫ് ട്വിറ്റ്

ബുധനാഴ്ച അന്തിമ കരാർ ഒപ്പിടും മുമ്പ് നാടകീയമായി സാൻഫ്രാൻസിസ്‌കോയിലെ ആസ്ഥാനത്തേക്ക് മസ്‌ക് വലിയ ചിരിയോടെ കടന്നുചെന്നു. ട്വിറ്റർ പ്രൊഫൈലിലെ തന്റെ വിവരണം ചീഫ് ട്വിറ്റ് എന്നാക്കി മാറ്റിയിട്ടുണ്ട്.

വലിയ കൂട്ടപ്പിരിച്ചുവിടൽ ഉണ്ടാകുമെന്ന ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിന്റെ ഉള്ളടക്ക നിയന്ത്രണ സംവിധാനത്തെ കുറിച്ച് താൻ നേരത്തെ ഉന്നയിച്ച വിമർശനങ്ങൾ അതിന്റെ ഗുണഫലത്തെ ഇല്ലാതാക്കുന്നില്ലെന്ന് അദ്ദേഹം പരസ്യക്കാർക്കുള്ള കത്തിൽ കുറിച്ചു. പ്രത്യാഘാതങ്ങളെ കുറിച്ച് ചിന്തിക്കാതെ ആർക്കും എന്തും പറയാവുന്ന പ്ലാറ്റ്‌ഫോമായി ട്വിറ്ററിന് മാറാൻ ആവില്ലെന്നും അദ്ദേഹം പറഞ്ഞു.

അക്കൗണ്ടുകൾ തിരിച്ചുപിടിക്കാൻ കങ്കണയും ട്രംപും

കഴിഞ്ഞ വർഷം ട്വിറ്ററിൽ നിന്ന് നിരോധിച്ച ബോളിവുഡ് നടി കങ്കണ റണോട്ട് മസ്‌കിന്റെ ഏറ്റെടുക്കലിനെ സ്വാഗതം ചെയ്തു. തന്റെ അക്കൗണ്ട് പുനഃ സ്ഥാപിക്കമെന്ന് ആവശ്യപ്പെട്ടുള്ള ആരാധകരുടെ അഭ്യർത്ഥനകളും അവർ ഷെയർ ചെയ്തു.

മുൻ യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ നിരോധനം നീക്കുമെന്ന് മെയിൽ മസ്‌ക് പറഞ്ഞിരുന്നു. കാപിറ്റോൾ ഹിൽ ആക്രമണത്തിന് പിന്നാലെയാണ് ട്രംപിനെ ട്വിറ്റർ നീക്കം ചെയ്തത്. എന്നാൽ, താൻ ഇനി ട്വിറ്ററിലേക്ക് മടങ്ങില്ലെന്നാണ് ട്രംപിന്റെ നിലപാട്. അദ്ദേഹം സ്വന്തമായി ട്രൂത്ത് സോഷ്യൽ എന്ന സോഷ്യൽ മീഡിയ ആപ്പ് തുറന്നുകഴിഞ്ഞു. മണി ട്രാൻസ്ഫർ മുതൽ ഷോപ്പിങ് വരെ സാധ്യമാക്കുന്ന ഒരു സൂപ്പർ ആപ്പ് താൻ തുടങ്ങുന്നതിന് ട്വിറ്ററിനെ അടിത്തറയാക്കുമെന്നും മസ്‌ക് സൂചിപ്പിച്ചു.