തിരുവനന്തപുരം: മുതലപ്പൊഴിയിലേത് സ്വാഭാവിക പ്രതിഷേധം. വള്ളം മറിഞ്ഞ് മത്സ്യെത്താഴിലാളി മരിക്കുകയും മൂന്നുപേരെ കാണാതാവുകയും ചെയ്ത ചിറയിൻകീഴ് മുതലപ്പൊഴിയിൽ രണ്ടുമാസത്തിനിടെ ഉണ്ടായത് 10 അപകടങ്ങളാണ്. ഇതിനകം നിരവധിപേർ മരിച്ചിട്ടും സർക്കാരിന് അനങ്ങാപ്പാറനയമാണെന്നു നാട്ടുകാർ ആരോപിക്കുന്നു. ഇതാണ് അവിടെ എത്തിയ മന്ത്രി ശിവൻകുട്ടിക്ക് പ്രതിഷേധം നേരിടേണ്ടി വന്നതിന് കാരണം. പ്രളയമടക്കമുണ്ടാകുമ്പോൾ കേരളത്തിന്റെ രക്ഷാ സൈന്യമാണ് മത്സ്യത്തൊഴിലാളികൾ. അങ്ങനെ കേരളത്തിന്റെ കാവൽ ദൈവങ്ങളെന്ന് വിളിക്കുന്ന അവർക്ക് നീതി കിട്ടുന്നില്ലെന്നതാണ് മുതലപ്പൊഴി അനാസ്ഥയുടെ നേർ ചിത്രം.

അശാസ്ത്രീയമായ പുലിമുട്ട് നിർമ്മാണമാണ് അപകടത്തിനു കാരണമെന്നു മത്സ്യത്തൊഴിലാളികൾ ചൂണ്ടിക്കാട്ടി. ഇത്രയേറെ അപകടങ്ങളുണ്ടായിട്ടും പ്രദേശത്ത് തീരദേശ പൊലീസിന് ഒരു രക്ഷാപ്രവർത്തന ബോട്ട് പോലുമില്ല. കഴിഞ്ഞ ദിവസം അപകടമുണ്ടായ ഉടൻ മത്സ്യത്തൊഴിലാളികളും പിന്നാലെ മറൈൻ എൻഫോഴ്സ്മെന്റുമാണു രക്ഷാപ്രവർത്തനത്തിനുണ്ടായിരുന്നത്. ആഴക്കടലിൽ അല്ല അപകടങ്ങൾ. മറിച്ച് തീരത്തോട് ചേർന്നാണ്. വിഴിഞ്ഞം തുറമുഖത്തിനെതിരെ നടന്ന പ്രതിഷേധത്തിലും ഇത് ചർച്ചയായിരുന്നു. എന്നാൽ സർക്കാർ ഒന്നും ചെയ്തില്ല. ഇതിന്റെ പ്രതിഷേധമാണ് മന്ത്രിമാർക്ക് നേരിടേണ്ടി വന്നത്.

ജില്ലാഭരണകൂടം തെരച്ചിലിനു ക്രമീകരണമേർപ്പെടുത്തിയശേഷം ഡോണിയർ വിമാനവും ഹെലികോപ്ടറും ഉപയോഗിച്ച് കോസ്റ്റ് ഗാർഡ്, പൊലീസ്, മറൈൻ എൻഫോഴ്സ്മെന്റ് തുടങ്ങിയ ഏജൻസികൾ രക്ഷാപ്രവർത്തനം ഊർജിതമാക്കി. മന്ത്രിമാരും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. എന്നാൽ, മൂന്നുപേരെ കാണാതായിട്ടും തങ്ങൾ പറയുന്നതു കേൾക്കാനുള്ള സന്മനസ് മന്ത്രിമാർ കാണിച്ചില്ലെന്നു മത്സ്യത്തൊഴിലാളികൾ പറഞ്ഞു.

ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ യൂജിൻ പെരേരക്കെതിരെ മന്ത്രിമാരെ തടഞ്ഞതിനും കലാപ ആഹ്വാനം ചെയ്തതിനും കേസെടുത്തു. ഐ.പി.സി 153 വകുപ്പ് പ്രകാരം അഞ്ചുതെങ്ങ് പൊലീസാണ് കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരം ചിറയിൻകീഴ് മുതലപ്പൊഴിയിൽ മന്ത്രിമാരെ തടഞ്ഞതാണ് കേസിനാധാരമായ സംഭവം. ഫാ. യൂജിൻ പെരേര മാത്രമാണ് ഈ കേസിലെ പ്രതി. റോഡ് ഉപരോധിച്ചതിന് മറ്റൊരു കേസും പൊലീസ് എടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന 50 ലധികം പേർക്കതിരെയാണ് കേസ്. ഇതിനൊപ്പമാണ് മുതലപ്പൊഴിക്കാരുടെ ദുരിതവും ചർച്ചയാക്കുന്നത്.

മുതലപ്പൊഴി സന്ദർശിച്ച മന്ത്രിമാരെ തടയാൻ യൂജിൻ പെരേര ആഹ്വാനം ചെയ്‌തെന്ന് മന്ത്രി വി.ശിവൻകുട്ടി ആരോപിച്ചിരുന്നു. അദ്ദേഹം വാഹനത്തിൽനിന്ന് ഇറങ്ങിയതുതന്നെ അലറിക്കൊണ്ടാണ്. എന്നാൽ വൈദികന്റെ ആഹ്വാനം ആരും അനുസരിച്ചില്ല. വിഴിഞ്ഞം സമരം പരാജയപ്പെട്ടതിന്റെ വൈരാഗ്യമാണ് അദ്ദേഹത്തിനെന്നും മന്ത്രി പറഞ്ഞു. എന്നാൽ, ഷോ കാണിക്കരുതെന്ന് പറഞ്ഞ് തന്നോടും മത്സ്യത്തൊഴിലാളികളോടും കയർത്തത് മന്ത്രിമാരാണെന്ന് യൂജിൻ പെരേര പറഞ്ഞു.

മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചതിന് പിന്നാലെ സ്ഥലം സന്ദർശിക്കാനെത്തിയ മന്ത്രിമാരെയാണ് നാട്ടുകാർ തടഞ്ഞത്. മന്ത്രിമാരായ വി ശിവൻകുട്ടി, ആന്റണി രാജു, ജി ആർ അനിൽ എന്നിവരെ ഫാദർ യൂജിൻ പെരേരയുടെ നേതൃത്വത്തിലാണ് മത്സ്യത്തൊഴിലാളികൾ തടഞ്ഞത്. പുലർച്ചെ നാലു മണിയോടെ മൽസ്യബന്ധനത്തിനായി പോയ വള്ളം മറിഞ്ഞ് നാല് പേരെ കാണാതായിരുന്നു. ഇതിൽ ഒരാൾ മരിക്കുകയും മൂന്ന് പേർക്കായി തിരച്ചിൽ തുടരുകയുമാണ്. പുതുക്കുറിച്ചി സ്വദേശിയായ കുഞ്ഞുമോന്റെ മൃതദേഹമാണ് കണ്ടെത്താനായത്.

മുതലപ്പൊഴിയിൽ തുടർച്ചയായി ഉണ്ടാകുന്ന അപകടത്തിൽ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളികൾ റോഡ് ഉപരോധിച്ചു. ഇതാണ് കേസിനാധാരമായത്.