കൊല്ലം: നവകേരള സദസിൽ പരാതിയുമായി ഇനി ആരും പോകേണ്ട. അതിന് പരിഹാരമുണ്ടാക്കൽ അല്ല അതിന്റെ ലക്ഷ്യം. കോട്ടയത്തെ എംപി തോമസ് ചാഴിക്കാടൻ പോലും അങ്ങനെയാണ് വിചാരിച്ചത്. മുഖ്യമന്ത്രി അത് തിരുത്തി. ചാഴിക്കാടനെ ഒന്നും അറിയാത്തവനും ആക്കി. ഇതിന്റെ തുടർച്ചയായി നവകേരളസദസ്സിൽ 'പരാതി'ക്ക് വിലക്ക്.

സദസ്സിൽ ഔദ്യോഗികമായി പരാതി എന്ന വാക്ക് ഉപയോഗിക്കരുതെന്നാണ് അവലോകന, മുന്നൊരുക്ക യോഗങ്ങളിൽ ഉന്നത ഉദ്യോഗസ്ഥർ വാക്കാൽനൽകുന്ന നിർദ്ദേശം. ആവശ്യങ്ങളും പരാതികളുമായി ജനങ്ങൾ നൽകുന്ന കടലാസുകളെ അപേക്ഷ, നിവേദനം എന്നീ പേരുകളിലേ വിളിക്കാവൂ. രസീതിലും 'അപേക്ഷ സ്വീകരിച്ചിരിക്കുന്നു' എന്നാണ് രേഖപ്പെടുത്തേണ്ടത്, 'പരാതി സ്വീകരിച്ചു' എന്നെഴുതാൻ പാടില്ല. ഇനി നവകേരള സദസിൽ ആര് പരാതിയെന്ന് പറഞ്ഞാലും മുഖ്യമന്ത്രി വീണ്ടും തിരുത്തും.

''നവകേരളസദസ്സിന്റെ പ്രധാനലക്ഷ്യം പരാതി സ്വീകരിക്കലല്ലെ''ന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം പാലായിൽ പറഞ്ഞിരുന്നു. കേന്ദ്രസർക്കാർ അവഗണന, സംസ്ഥാനസർക്കാർ ചെയ്യുന്ന കാര്യങ്ങൾ, ഇനി ചെയ്യാനുള്ള കാര്യങ്ങൾ എന്നിവ ജനങ്ങളെ അറിയിക്കാനാണ് നവകേരളസദസ്സെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. ഏതാണ്ട് ഒരു രാഷ്ട്രീയ പ്രചാരണ യോഗം എന്നാണ് മുഖ്യമന്ത്രി പറഞ്ഞു വച്ചത്. ഇതോടെ നവകേരള സദസിൽ കിട്ടുന്ന പരാതികളിൽ എന്ത് തീരുമാനം ഉണ്ടാകുമെന്നതും അനിശ്ചിതത്വത്തിലായി.

സദസ്സ് പരാതിനൽകാനുള്ള വേദിയാണെന്ന് പറഞ്ഞ സ്വാഗതപ്രാസംഗകൻ തോമസ് ചാഴികാടൻ എംപി.യെ അദ്ദേഹം വിമർശിക്കുകയും ചെയ്തിരുന്നു. ഇതിൽ വരുന്നവർക്ക് പരാതിയുണ്ടെങ്കിൽ നൽകാമെന്നും പരാതികൾ നൽകാൻ വേറെയും വഴികളുണ്ടെന്നുകൂടിയാണ് മുഖ്യമന്ത്രി പറഞ്ഞത്. കൗണ്ടറുകളുടെ മുന്നിൽ 'പരാതി സ്വീകരിക്കുന്നയിടം' എന്നെഴുതിവെക്കെരുതെന്ന് ഉദ്യോഗസ്ഥർ പ്രത്യേകം പറഞ്ഞിട്ടുണ്ട്. നവകേരളം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോഴാണ് ഈ വ്യക്തത വരുത്തൽ.

അപേക്ഷകൾ, ആക്ഷേപങ്ങളുണ്ടാകാത്തവിധം ശ്രദ്ധാപൂർവം കൈകാര്യംചെയ്യണമെന്നും പറഞ്ഞിട്ടുണ്ട്. അപേക്ഷയ്‌ക്കൊപ്പം കൂടുതൽ പേജുകളുള്ള പകർപ്പുകൾ സ്വീകരിക്കരുതെന്നാണ് മറ്റൊരു നിർദ്ദേശം. നവകേരള സദസിന് ശേഷം പരാതികൾ പരിഹരിച്ചതിൽ വിവരാവകാശ ചോദ്യങ്ങൾ ഉയരാൻ സാധ്യതയുണ്ട്. അതുകൂടി മുന്നിൽ കണ്ടാണ് 'പരാതിയെ' നവകേരള സദസ്സിൽ നിന്നും മാറ്റുന്നത്. കേന്ദ്ര സർക്കാരിനെതിരായ കടന്നാക്രമണം മാത്രമായി ഇത് ഇനി മാറും.

ബിജെപിക്ക് ഇരിപ്പിടം കൊടുക്കാത്തതിനാൽ കേരളത്തിന്റെ മതനിരപക്ഷതയെ തകർക്കാൻ കഴിയുന്നില്ലെന്നും അത് കേരള വിരുദ്ധ നിലപാടായി രൂപപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചെങ്ങന്നൂരിൽ നടന്ന നവകേരള സദസ് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം .കേന്ദ്രസർക്കാരിന്റെ കേരളത്തോടുള്ള അവഗണനയ്‌ക്കെതിരെ പ്രതികരിക്കാനും ശബ്ദിക്കാനും പ്രതിപക്ഷ കക്ഷികൾ തയ്യാറാകുന്നില്ല. ബിജെപിയുടെ കേരളവിരുദ്ധ മനസിനോടൊപ്പം കോൺഗ്രസിന്റെ മനസും ചേർന്നോ എന്ന് അദ്ദേഹം ചോദിച്ചു.

കേരളത്തിന് ലഭിക്കേണ്ട അർഹമായ കേന്ദ്ര വിഹിതം നൽകാൻ കേന്ദ്രസർക്കാർ തയ്യാറായില്ലെങ്കിൽ ഉണ്ടാകുന്ന പ്രതിസന്ധി ഈ സാമ്പത്തിക വർഷത്തിലോ അടുത്ത സാമ്പത്തിക വർഷത്തിലോ പരിഹരിക്കാൻ കഴിയുന്നതല്ല. വർഷങ്ങളോളം നാടിനെ പുറകോട്ട് അടിപ്പിക്കും അത്. നാടിന്റെ പുരോഗതിക്കായുള്ള പരിപാടിയാണ് നവകേരള സദസ്. പ്രതിപക്ഷ കക്ഷികൾ ഇതു മനസിലാക്കുന്നില്ല. ഓരോ സദസിലും എത്തുന്ന പതിനായിരങ്ങൾ കേരളത്തിന്റെ ആകെ ഭാഗമാണ്. ഭേദചിന്തയില്ലാതെ നാട് ഒന്നിക്കുകയാണ്. നവകേരള സദസ് ബഹിഷ്‌കരിക്കാനുള്ള പ്രതിപക്ഷ കക്ഷികളുടെ തീരുമാനത്തെ ജനങ്ങൾ തള്ളിക്കളയുകയാണ് ചെയ്തത്. ജനവികാരം മനസിലാക്കി പ്രതിപക്ഷ കക്ഷികൾ നാടിന്റെ നന്മയ്ക്കായി ഒന്നായി പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.