കൊച്ചി: മലയാളി വിദ്യാര്‍ഥി നെവിന്‍ ഡാല്‍വിന്റെ മരണവിവരം മാതാപിതാക്കള്‍ അറിയുന്നത് പള്ളിയില്‍ ഞായറാഴ്ച പ്രാര്‍ഥനയ്ക്കെത്തിയപ്പോള്‍. മലയാറ്റൂര്‍ മുടങ്ങാമറ്റം സ്വദേശികളായ നെവിന്റെ അച്ഛനും അമ്മയും ഞായറാഴ്ച്ച പ്രാര്‍ഥനകള്‍ക്കായി ആലുവയിലെ പള്ളിയിലെത്തിയപ്പോഴാണ് മകന് നേരിട്ട ദുരന്തം അറിയുന്നത്. ഡല്‍ഹിയില്‍ സിവില്‍ സര്‍വീസ് കോച്ചിങ് കേന്ദ്രത്തിന്റെ ബേസ്‌മെന്റില്‍ വെള്ളം കയറി മരിച്ച നെവിന്‍ എല്ലാവര്‍ക്കും നൊമ്പരമാണ് നല്‍കുന്നത്.

നെവിന്റെ വിയോഗവാര്‍ത്തയറിഞ്ഞതോടെ ആരോഗ്യപ്രശ്നം നേരിട്ട അച്ഛനേയും അമ്മയേയും അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം സ്വദേശികളായ നെവിന്റെ കുടുംബം പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാറ്റൂരില്‍ വസ്തു വാങ്ങി വീട് വച്ച് താമസിക്കുകയാണ്. കാലടി സര്‍വകലാശാലയിലെ ജിയോഗ്രഫി വിഭാഗം അധ്യാപികയാണ് നെവിന്റെ അമ്മ. അച്ഛന്‍ വിരമിച്ച പോലീസ് ഉദ്യോഗസ്ഥനാണ്. നെവിന് ഒരു സഹോദരിയുമുണ്ട്. ജെ.എന്‍.യുവില്‍ എം.ഫില്‍ വിദ്യാര്‍ഥിയായിരുന്നു നെവിന്‍. സിവില്‍ സര്‍വീസ് കോച്ചിങും ലക്ഷ്യമിട്ടു. ഇതിനിടെയാണ് ദുരന്തമെത്തിയത്.

നെവിന് പുറമേ തെലങ്കാന സ്വദേശി തനിയ സോണി, ഉത്തര്‍പ്രദേശ് സ്വദേശി ശ്രേയ യാദവ് എന്നിവരും മരിച്ചിരുന്നു. ഡല്‍ഹിയിലെ രാജേനന്ദ്രനഗറിലുള്ള റാവൂസ് എന്ന യു.പി.എസ്.സി. കോച്ചിങ് കേന്ദ്രത്തിലാണ് വെള്ളംകയറി വിദ്യാര്‍ഥികള്‍ മരിച്ചത്. ശനിയാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം. ഡ്രെയിനേജ് തകര്‍ന്നതാണ് ബേസ്‌മെന്റിലേക്ക് വെള്ളം കയറാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. നെവിന്‍ പാര്‍ട്ട് ടൈമായാണ് സെന്ററില്‍ സിവില്‍ സര്‍വീസ് പരീക്ഷ പഠനം നടത്തിയിരുന്നത്.

സംഭവത്തില്‍ കോച്ചിംഗ് സെന്റര്‍ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. കോച്ചിംഗ് സെന്റര്‍ ഉടമ അഭിഷേക് ഗുപ്ത, കോര്‍ഡിനേറ്റര്‍ ദേശ്പാല്‍ സിംഗ് എന്നിവരെയാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. റോഡില്‍ നിന്നും മതില്‍ തകര്‍ന്ന് ബേസ്‌മെന്റിലേക്ക് വെള്ളമിറങ്ങിയാണ് കഴിഞ്ഞദിവസം അക്കാദമിയില്‍ അപകടമുണ്ടായത്. സംഭവത്തില്‍ പ്രതിഷേധം ശക്തമായിയിരിക്കുകയാണ് വിദ്യാര്‍ത്ഥികള്‍. സ്റ്റഡി സെന്ററില്‍ വെള്ളക്കെട്ട് സ്ഥിരം പ്രശ്‌നമാണെന്നും ചെറിയൊരു മഴ പെയ്താല്‍ പോലും വെള്ളക്കെട്ടില്‍ അകപ്പെടുന്ന അവസ്ഥയാണെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

ഡല്‍ഹിയില്‍ ഇന്നലെ പെയ്ത ശക്തമായ മഴയിലാണ് ഓള്‍ഡ് രാജേന്ദ്രര്‍ നഗറിലെ റാവുസ് ഐഎഎസ് പഠന കേന്ദ്രത്തിന്റെ ബേസ്‌മെന്റില്‍ വെള്ളം കയറിയത്. സ്ഥാപനത്തിന്റെ ലൈബ്രറിയാണ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്. ലൈബ്രറിയില്‍ എത്തിയ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ പെട്ടത്. വെള്ളം കയറുമ്പോള്‍ 40 വിദ്യാര്‍ത്ഥികള്‍ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നു. വിദ്യാര്‍ത്ഥികളാണ് ഫയര്‍ ഫോഴ്‌സില്‍ വിവരം അറിയിച്ചത്. ദേശീയ ദുരന്ത നിവാരണ സേനയും സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിരുന്നു.

സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് സെക്രട്ടറിക്ക് മന്ത്രി അതിഷി മര്‍ലേന നിര്‍ദേശം നല്‍കി. സംഭവത്തില്‍ ആം ആദ്മി സര്‍ക്കാരിന് എതിരെ ബിജെപി രംഗത്ത് വന്നു. സര്‍ക്കാരിന്റെ അഴിമതി അന്വേഷിക്കണമെന്ന് ബിജെപി ഡല്‍ഹി അധ്യക്ഷന്‍ വീരേന്ദ്ര സച്ച് ദേവ പറഞ്ഞു. ഓടകള്‍ ശുചീകരിക്കാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും വീരേന്ദ്ര സച്ച് ദേവ കുറ്റപ്പെടുത്തി.