കണ്ണൂർ: നഗരത്തിലും കണ്ണൂർ ജില്ലയിലെ പല ഭാഗത്തും തെരുവുനായയുടെ ആക്രമവും ഉപദ്രവം രൂക്ഷമായി തുടരുകയാണ്. ഇതിന് പുറമേയാണ് ഇപ്പോൾ കന്നുകാലികളും ജനങ്ങൾക്ക് ഭീഷണി സൃഷ്ടിക്കുന്നത്. അലഞ്ഞുനടക്കുന്ന കന്നുകാലികൾ നഗരത്തിലെത്തുന്നവർക്ക് ഭീഷണിയായി. നിരന്തരമായ പരാതികളെത്തുടർന്ന് അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടികൂടാനും ഉടമസ്ഥർക്ക് പിഴയിടാനും ഉടമസ്ഥരില്ലാത്തവയെ ലേലം ചെയ്യാനും കോർപ്പറേഷൻ നടപടി സ്വീകരിച്ചെങ്കിലും ഇപ്പോൾ എല്ലാം പഴയപടിയായി.

നഗരത്തിൽ കന്നുകാലികളെ വളർത്തുന്നവർ രാവിലെ തൊഴുത്ത് തുറന്നുവിടുന്നു. മാർക്കറ്റിൽ പഴങ്ങളുടെയും പച്ചക്കറികളുടെയും അവശിഷ്ടങ്ങൾ തിന്ന് വയറുനിറച്ച് വൈകുന്നേരമാവുമ്പോൾ തിരിച്ചെത്തും. കക്കാട് ലോകോത്തര നിലവാരത്തിൽ നിർമ്മിച്ച സ്വിമ്മിങ് പൂൾ ഇപ്പോൾ കന്നുകാലികളുടെ വിഹാരകേന്ദ്രമാണ്. പോരാത്തതിന് യഥേഷ്ടം പട്ടി ശല്യവും ഈ പ്രദേശത്ത് രൂക്ഷമാണ്. കണ്ണൂർ റെയിൽവേ സ്റ്റേഷനകത്ത് വരെ പട്ടികൾ യഥേഷ്ടം വിഹരിക്കുകയാണ് ഇപ്പോൾ.

കണ്ണൂർ പഴയ ബസ്സ്റ്റാൻഡ് പരിസരത്ത് കന്നുകാലികൾ അലഞ്ഞുതിരിഞ്ഞു നടക്കുന്നതിനാൽ വൈകുന്നേരം ആയാൽ ഈ പ്രദേശത്തുകൂടി ആർക്കും നടക്കാൻ പറ്റാത്ത അവസ്ഥയാണ്. നിരവധി വിദ്യാർത്ഥികൾ ബസ് കയറുന്ന പ്രദേശമാണ് ഇത്. ടൗൺസ്‌ക്വയറിലും മറ്റും പിടിപ്പിച്ച പുല്ലുകൾ ഇവ തിന്നുതീർക്കുന്നു. ചാണകമിട്ട് ഇരിപ്പിടങ്ങൾ വൃത്തികേടാക്കുന്നു.

കഴിഞ്ഞദിവസം മൂന്നുപേർക്ക് പേബാധിച്ച പശുവിന്റെ കുത്തേറ്റിരുന്നു. പേയിളകിയ പശുവിനെ നാട്ടുകാർ സാഹസികമായി പിടികൂടുകയും ജില്ലാ മൃഗസ്സ്പത്രിയിൽ ദയാവധത്തിന് വിധേയമാക്കുകയും ചെയ്തു. ജില്ലാ ആശുപത്രി പരിസരത്ത് അലഞ്ഞുതിരിയുന്ന പശുവിനാണ് പേവിഷബാധയേറ്റത്.