ന്യൂഡൽഹി: പണിമുടക്ക് തൊഴിലാളിയുടെയും ലോക് ഔട്ട് ഫാക്ടറി ഉടമയുടെയും ആയുധംപോലെ പൗരസമൂഹത്തിന്റെ ആയുധമാണ് പ്രതിഷേധിക്കാനുള്ള അവകാശമെന്ന് സുപ്രീംകോടതി. ജനങ്ങളുടെ ജനാധിപത്യ അഭിലാഷങ്ങൾ തകർക്കുന്ന കൊളോണിയൽ കാലത്തെ പൊലീസ് നിയമങ്ങളുടെ പിൻഗാമിയാണ് കേരള പൊലീസ് നിയമമെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം. ധർണ നടത്തിയതിന് കേരള പൊലീസ് നിയമപ്രകാരം ലഭിച്ച ശിക്ഷ നാമനിർദേശ പത്രികയിൽ വെളിപ്പടുത്താത്തത് തിരഞ്ഞെടുപ്പ് റദ്ദാക്കാൻ മതിയായ കാരണമല്ലെന്നും സുപ്രീം കോടതി വിധിച്ചു.

2015-ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ അന്നമട ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ മത്സരിച്ച രവി നമ്പൂതിരിയുടെ വിജയം അസാധുവാക്കി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ വിധി. സുപ്രധാന പരാമർശങ്ങളാണ് വിധിയിലുള്ളത്. കേരള പൊലീസ് നിയമം, മദ്രാസ് പൊലീസ് നിയമം തുടങ്ങിയ സംസ്ഥാന പൊലീസ് നിയമങ്ങൾ ക്രമസമാധാന പാലനത്തിന് വേണ്ടിയുള്ളതാണെന്നും ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്കെതിരേ ചുമത്തുന്നതല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. നാമനിർദേശ പത്രികയുടെ ഫോം 2 എ- യിൽ ക്രിമിനൽ കേസിൽ ശിക്ഷിച്ചത് രേഖപ്പെടുത്തിയില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ലാ കോടതി രവി നമ്പൂതിരിയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയത്. ഇത് പിന്നീട് ഹൈക്കോടതിയും ശരിവെച്ചു.

2006-ൽ അന്നമട ഗ്രാമ പഞ്ചായത്തിന് മുന്നിൽ കുടിൽകെട്ടി ധർണ നടത്തിയെന്ന കേസിലാണ് രവി നമ്പൂതിരിയെ ശിക്ഷിച്ചിരുന്നത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 143, 283, 44 എന്നീ വകുപ്പുകൾ പ്രകാരവും കേരള പൊലീസ് നിയമത്തിലെ 38, 52 വകുപ്പുകൾ പ്രകാരവുമാണ് തടവ് ശിക്ഷയും പിഴയും വിചാരണ കോടതി വിധിച്ചത്. എന്നാൽ, ജില്ലാ കോടതി പിന്നീട് ഇന്ത്യൻ ശിക്ഷാനിയമ പ്രകാരമുള്ള കുറ്റങ്ങൾ റദ്ദാക്കി. പണിമുടക്ക് തൊഴിലാളിയുടെയും ലോക് ഔട്ട് ഫാക്ടറി ഉടമയുടെയും ആയുധംപോലെ പൗരസമൂഹത്തിന്റെ ആയുധമാണ് പ്രതിഷേധിക്കാനുള്ള അവകാശമെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

അഴിമതി നിരോധന നിയമം, ആയുധ നിയമം എന്നിവ ചുമത്തപ്പെട്ട കേസുകളിൽ പ്രതികളായി ശിക്ഷ ലഭിക്കുന്നവരെ പോലെ കേരള പൊലീസ് നിയമത്തിന്റെ അടിസ്ഥാനത്തിൽ ശിക്ഷിക്കപ്പെടുന്നവരെ കാണാൻ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ അബ്ദുൽ നസീർ, വി. രാമസുബ്രമണ്യം എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. രവി നമ്പൂതിരിക്ക് വേണ്ടി സുപ്രീം കോടതിയിൽ അഭിഭാഷകൻ രാകേന്ദ് ബസന്ത് ഹാജരായി.