കോഴിക്കോട്: ബഫർസോൺ വിഷയത്തിൽ ഇടുക്കിയിലെ മുൻ ഇടതുസ്വതന്ത്ര എംപി ജോയ്‌സ് ജോർജിന്റെ പരാമർശം വിവാദമാകുമ്പോൾ തലവേദന സിപിഎമ്മിന്. ബഫർസോൺ യാഥാർഥ്യമാണെന്നും അതിനെ അംഗീകരിക്കണമെന്നുമായിരുന്നു കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ടിൽ കെ.എം.സച്ചിൻദേവ് എംഎൽഎ സംഘടിപ്പിച്ച വിശദീകരണ യോഗത്തിൽ ജോയ്‌സിന്റെ പ്രസംഗം.

''ബഫർസോൺ യാഥാർഥ്യമാണ്. അതിനെ അംഗീകരിക്കണം. തമിഴ്‌നാട്ടിൽ അടക്കം ബഫർസോൺ നടപ്പിലാക്കിക്കഴിഞ്ഞു. ഈ വിഷയത്തിൽ മലയോര കർഷകർക്കു ആശങ്ക സ്വാഭാവികമാണ്. ഇപ്പോൾ സംഭവിച്ചിരിക്കുന്നത് നിയമപരമായ പ്രതിസന്ധിയാണ്.അതിനെ അതിജീവിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി മുന്നേറണം.''-ഇതാണ് ജോയ്‌സ് ജോർജ്ജിന്റെ പ്രസംഗം. ഇതിനെതിരെയാണ് കർഷക സംഘടനകൾ അടക്കം രംഗത്തു വരുന്നത്.

കർഷക സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. ബഫർസോണിൽ നിന്നു ജനവാസമേഖലകളെ ഒഴിവാക്കാനാണ് ശ്രമിക്കുന്നതെന്നു സർക്കാർ ഒരു ഭാഗത്തു വിശദീകരിക്കുമ്പോൾ, ഇടതുപിന്തുണയോടെ ലോക്‌സഭാംഗമായ ജോയ്‌സ് ജോർജ് അതിനു കടകവിരുദ്ധമായ നിലപാടുമായി രംഗത്തെത്തിയത് സിപിഎമ്മിനെയും പ്രതിരോധത്തിലാക്കി.

ബഫർ സോൺ യഥാർഥ്യമാണെന്നും അത് അംഗീകരിക്കണമെന്നും ജോയ്സ് ജോർജ് കൂരാച്ചുണ്ടിൽ വെച്ച് സംഘടിപ്പിച്ച ബഫർ സോൺ വിശദീകരണ യോഗത്തിൽ എടുത്ത നിലപാടു കർഷക വഞ്ചനയും താൻ ഒരു ഒറ്റുകാരൻ ആണെന്നു വീണ്ടും തെളിയിക്കുന്ന നടപടിയുമാണെന്ന് കിഫ ചെയർമാൻ അലക്‌സ് ഒഴുകയിൽ ആരോപിച്ചു. കസ്തൂരി രംഗൻ വിഷയത്തിൽ മലയോരവികാരം ഉണർത്തി വിട്ടുകൊണ്ട് കർഷകരക്ഷകനായി സ്വയം ചമഞ്ഞ് ലഭിച്ച എംപി സ്ഥാനം കർഷകരെ ഒറ്റിക്കൊടുക്കാനാണ് ജോയ്‌സ് ഉപയോഗിച്ചത് എന്നും ഇതോടു കൂടി തെളിഞ്ഞിരിക്കുന്നു. സിപിഎം എന്ന പാർട്ടിയും ഈ കർഷക ദ്രോഹ നിലപാട് തന്നെയാണോ എടുക്കുന്നത് എന്ന് വ്യക്തമാക്കണമെന്ന് കിഫ ആവശ്യപ്പെട്ടു. ഇതാണ് നിലപാടെങ്കിൽ, പിന്നെ അടുത്ത ആഴ്ച മുതൽ നടത്തുന്ന ഫീൽഡ് സർവ്വേ, ഹെല്പ് ഡസ്‌ക് നാടകങ്ങൾ എന്തിനെന്നും വ്യക്തമാക്കണമെന്നും കിഫ വിശദീകരിച്ചു.

ബഫർസോൺ വിഷയത്തിൽ യുഡിഎഫും കർഷക സംഘടനകളും നടത്തുന്ന സമരങ്ങളെ പ്രതിരോധിക്കാനായിരുന്നു സച്ചിൻദേവ് എംഎൽഎയുടെ നേതൃത്വത്തിൽ വിശദീകരണ യോഗം സംഘടിപ്പിച്ചത്. എന്നാൽ യോഗത്തിലെ പരാമർശം തന്നെ കർഷക സംഘടനകൾ ആയുധമാക്കിയതും തിരിച്ചടിയായി.