ലണ്ടൻ: വിൻഫ്രി ഓപ്രയുടെ അഭിമുഖത്തിൽ തുടങ്ങിയ ഹാരിയുടെ വിഴുപ്പലക്കൽ വീണ്ടും തുടരുകയാണ്, പോഡ്കാസ്റ്റും, നെറ്റ്ഫ്ളിക്സ് സീരീസുമൊക്കെ കഴിഞ്ഞ് ഇപ്പോൾ അത് എത്തിനിൽക്കുന്നത് തന്റെ പുതിയ പുസ്തകത്തിലാണ്. മേഗൻ മാർക്കലിനെതിരെ ആക്രോശിച്ചുകൊണ്ട് സഹോദരൻ തന്നെ ആക്രമിച്ചു എന്നാണ് ഇപ്പോൾ ഹാരി എഴുതിയിരിക്കുന്നത്. 2019-ൽ തനിക്കും സഹോദരനും ഇടയിലുണ്ടായ കൈയാങ്കളിയാണ് ഇപ്പോൾ ഹാരി വിഷയമാക്കുന്നത്.

സ്പെയർ (പകരക്കാരൻ) എന്ന തന്റെ ഓർമ്മക്കുറിപ്പുകളിൽ ഹാരി പറയുന്നത് വില്യം തന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ച് ഭിത്തിയോട് ചേർത്ത് ഇടിച്ചു എന്നാണ്. ലണ്ടനിൽ വച്ചായിരുന്നു ഈ അടി നടന്നതെന്നും ഹാരി പറയുന്നു. തന്റെ ഭാര്യ മേഗനെ, പരുക്കൻ പ്രകൃതമെന്നും, വൃത്തികെട്ടവളെന്നുമൊക്കെ വില്യം വിശേഷിപ്പിച്ചതോടെയായിരുന്നു കലഹം ആരംഭിച്ചതെന്നും ഹാരി എഴുതുന്നു.

അന്ന് ഹാരി താമസിച്ചിരുന്ന നോട്ടിങ്ഹാം കോട്ടേജിലേക്ക് വില്യം കരുതിക്കൂട്ടി തന്നെ കലഹമുണ്ടാക്കാൻ എത്തുകയായിരുന്നു എന്നാണ് ഹാരി പറയുന്നത്. വന്ന ഉടൻ തന്നെ മേഗനെ കുറിച്ച് പരാതികൾ പറയാൻ തുടങ്ങി. എന്നാൽ, മാധ്യമങ്ങളുടെ ഭാഷ്യം വില്യം ഏറ്റുപറയുകയാണെന്നും, വില്യമിൽ നിന്നും ഇതല്ല പ്രതീക്ഷിക്കുന്നതെന്നും താൻ പറഞ്ഞതായി ഹാരി എഴുതുന്നു. പിന്നീട് ഇരുവരും തമ്മിൽ വാക്പോര് ആരംഭിച്ചു. അത് കലാശിച്ചത് കൈയാങ്കളിയിലും.

ഒരു കിരീടാവകാശിയുടെ ധാർഷ്ഠ്യത്തോടെയായിരുന്നു വില്യം സംസാരിച്ചത് എന്ന് പറഞ്ഞ ഹാരി, പരസ്പരം ചീത്ത വിളിച്ചുകൊണ്ട് ഇരുവരും അടുക്കളയിൽ എത്തിയെന്നും അവിടെ വച്ചായിരുന്നു വില്യം തന്നെ ആക്രമിച്ചതെന്നും പറയുന്നു. കൈയാങ്കളിക്കിടയിൽ താൻ നിലത്ത് വീണെന്നും നായ്ക്കൾക്ക് ഭക്ഷണം നൽകാൻ വെച്ചിരുന്ന പാത്രത്തിൽ തലയിടിച്ച് പരിക്ക് പറ്റിയെന്നും ഹാരി എഴുതുന്നു.

വീണു കിടക്കുന്ന തന്നെ തിരിച്ചടിക്കാൻ വില്യം വെല്ലുവിളിച്ചെന്നും, കുട്ടിക്കാലത്തെ ഗുസ്തികളെ ഓർമ്മിപ്പിക്കുന്ന വിധത്തിൽ ഒരു കലഹം താൻ ഇഷ്ടപ്പെട്ടില്ലെന്നും ഹാരി പറയുന്നു. പിന്നീട് വില്യം തിരികെ എത്തിക്ഷമാപണം നടത്തുകയുണ്ടായി. ഹാരിയുടെ ദേഹത്തേറ്റ പരിക്കുകൾ കണ്ട് കാര്യം തിരക്കിയ മേഗനോട് ഹാരി സത്യം പറഞ്ഞെങ്കിലും അവർ അതിൽ അത്ഭുതപ്പെടുകയോ അരിശപ്പെടുകയോ ചെയ്തില്ല. ഏതു നിമിഷവും അവർ അത് പ്രതീക്ഷിച്ചിരുന്നതുപോലെയായിരുന്നു അവരുടെ പെരുമാറ്റം.

അടുത്തയാഴ്‌ച്ച പുറത്തിറങ്ങാൻ ഇരിക്കുകയാണ് ഹാരിയുടെ ഓർമ്മക്കുറിപ്പുകൾ. അതിലെ ചില ഉള്ളടക്കം മാത്രമാണിത്. അടുത്ത കാലത്തായിരുന്നു യു കെയിലെ ഐ ടി വിയോട് തനിക്ക് തന്റെ അച്ഛനെയും ജ്യേഷ്ഠനേയും തിരിച്ചു വേണമെന്ന് ഹാരി പറഞ്ഞത്. കുടുംബവുമായുള്ള പ്രശ്നങ്ങൾ ഒതുക്കിത്തീർത്ത് ഇണങ്ങി ജീവിക്കണമെന്ന് ഹാരി ആഗ്രഹിച്ചു തുടങ്ങുമ്പോഴാണ് ഇതുപോലുള്ള ആരോപണങ്ങൾ അടങ്ങിയ പുസ്തകം പുറത്തു വരുന്നത് എന്നത് ഒരു വിരോധാഭാസമായി തോന്നാം.

ഹാരിയുടെ മക്കളായ ആർച്ചിക്കും ലിലിബെറ്റിനും എച്ച് ആർ എച്ച് പദവികൾ നൽകുവാൻ ചാൾസ് മൂന്നാമൻ ഇതുവരെ തയ്യാറായിട്ടില്ല. ഇത് സ്വമേധയാ അവരിലേക്ക് എത്തിച്ചേരുന്ന പദവിയാണ്. മുത്തച്ഛൻ രാജാവായതോടെ അവർക്ക് അത് ലഭിക്കേണ്ടതുമാണ്. ഹരിക്കും, മേഗനും ഈ പദവിക്ക് അർഹതയുണ്ടെങ്കിലും അത് ഉപയോഗിക്കുന്നതിനുള്ള അനുമതി നിഷേധിച്ചിരിക്കുകയാണ്.

ചാൾസ് മൂന്നാമന് ഇപ്പോഴും തന്റെ മകനോട് സ്നേഹം തന്നെയാണെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറയുന്നു. മകനെ തിരികെ കൊണ്ടുവരാൻ അദ്ദേഹം ഓരോ തവണ ശ്രമിക്കുമ്പോഴും കുറേ ആരോപണങ്ങളുമായി വന്ന് ഹാരി പാലം വലിക്കുകയാണെന്നും അവർ പറയുന്നു. അടുത്തയാഴ്‌ച്ച ഹാരിയുടെ ഓർമ്മക്കുറിപ്പുകൾ കൂടി പുറത്തിറങ്ങുന്നതോടെ രാജകുടുംബത്തിലെ കലഹം പുതിയൊരു തലത്തിലേക്ക് നീങ്ങിയേക്കും എന്ന് കരുതുന്നവരുമുണ്ട്.