ലണ്ടൻ: ഹാരിയുടെയും മേഗന്റെയും മക്കളെ രാജകുമാരൻ, രാജകുമാരി പദവികൾ നൽകി ചാൾസ് രാജാവ് അംഗീകരിച്ചതോടെ ബ്രിട്ടനിലെ കിരീടാവകാശികളുടെ പട്ടികയിൽ കാര്യമായ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. എലിസബത്ത് രാജ്ഞിയുടെ മരണശേഷം ചാൾസ് മൂന്നാമൻ സെപ്റ്റംബർ 8 ന് രാജ പദവിയിലേക്ക് എത്തി. അദ്ദേഹത്തിന്റെ പത്നി കാമില രാജപത്നി പദവിയിൽ എത്തിയപ്പോൾ വില്യം രാജകുമാരൻ വെയ്ൽസ് രാജകുമാരൻ എന്ന പദവിയിലേക്ക് എത്തി. കൂടാതെ കിരീടാവകാശികളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു.

ഇക്കഴിഞ്ഞ വ്യാഴാഴ്‌ച്ച രാവിലെ 9.30 വരെ ഹാരിയുടെയും മേഗന്റെയും മക്കളെ മാസ്റ്റർ എന്നും മിസ്സ് എന്നുമായിരുന്നു ബക്കിങ്ഹാം കൊട്ടാരത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പരാമർശിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ അവർ ആർച്ചി രാജകുമാരനും ലിലിബെറ്റ് രാജകുമാരിയുമാണ്. ഇതോടെ കിരീടാവകാശികളുടെ പട്ടികയിൽ മാറ്റം വന്നിരിക്കുന്നു.

1982 ജൂൺ 21 ന് ജനിച്ച വില്യം രാജകുമാരൻ തന്നെയാണ് ഇപ്പോഴും പട്ടികയിൽ ഒന്നാമത്. തൊട്ടു പുറകെ 2013 ജൂലായിൽ ജനിച്ച ജോർജ്ജ് രാജകുമാരൻ രണ്ടാം സ്ഥാനത്തുണ്ട്. മൂന്നാം സ്ഥാനത്ത് ഷാർലറ്റ് രാജകുമാരിയും നാലാം സ്ഥാനത്ത് വില്യമിന്റെ ഇളയ മകൻ ലൂയിസ് രാജകുമാരനും തുടരും. അതുവരെ പട്ടികയിൽ മാറ്റമൊന്നുമില്ല.

വില്യമിന്റെ മക്കൾക്ക് ശേഷം പട്ടികയിൽ ഉള്ളത് ഹാരി രാജകുമാരൻ ആണ്, അഞ്ചാം സ്ഥാനത്ത്. തൊട്ടടുത്ത സ്ഥാനങ്ങൾ മുതലാണ് ഇപ്പോൾ മാറ്റങ്ങൾ ഉണ്ടായിരിക്കുന്നത്. ആറാം സ്ഥാനത്ത് ഹാരിയൂടെയും മേഗന്റെയും മകൻ ആർച്ചി രാജകുമാരനും ഏഴാം സ്ഥാനത്ത് മകൾ ലിലിബെറ്റ് രാജകുമാരിയും എത്തി. ലൈംഗികാപവാദത്തിൽ കുരുങ്ങി രാജപദവികൾ നഷ്ടപ്പെട്ടെങ്കിലും കിരീടാവകാശികളുടെ പട്ടികയിൽ എട്ടാം സ്ഥാനത്ത് ഇപ്പോൾ ആൻഡ്രൂ രാജകുമാരനുണ്ട്.

ആൻഡ്രു രാജകുമാരന്റെ മകൾ ബിയാട്രീസ് രാജകുമാരി ഒൻപതാം സ്ഥാനത്ത് ഉള്ളപ്പോൾ അവരുടെ മകൾ സിയന പത്താം സ്ഥാനത്ത് ഉണ്ട്. ആൻഡ്രുവിന്റെ രണ്ടാമത്തെ മകൾ യൂജിൻ രാജകുമാരി 11-ാം സ്ഥാനത്തും അവരുടെ മകൻ ഓഗസ്റ്റ് ബ്രൂക്ക്‌ബാങ്ക് പന്ത്രണ്ടാം സ്ഥാനത്തും ഉള്ളപ്പോൾ യൂജിൻ രാജകുമാരിയുടെ ഗർഭസ്ഥ ശിശു ജനനശേഷം പതിമൂന്നാം സ്ഥാനത്ത് എത്തിച്ചേരും.

എലിസബത്ത് രാജ്ഞിയുടെയും ഫിലിപ്പ് രാജകുമാരന്റെയും ഇളയമകൻ എഡ്വേർഡ് രാജകുമാരൻ, കിരീടാവകാശികളുടെ പട്ടികയിൽ പതിനാലാം സ്ഥാനത്താണ്. എഡ്വേർഡ് രാജകുമാരന്റെ മകൻ വിസ്‌കൗണ്ട് പതിനഞ്ചാം സ്ഥാനത്തും മകൾ പതിനാറാം സ്ഥാനത്തും എത്തി. എലിസബത്ത് രാജ്ഞിയുടെ ഏക മകൾ ആൻ രാജകുമാരി പതിനേഴാം സ്ഥാനത്തുള്ളപ്പോൾ പതിനെട്ടാം സ്ഥാനത്ത് അവരുടെ മകൻ പീറ്റർ ആണ്. തുടര്ന്നുള്ള രണ്ട് സ്ഥാനങ്ങളിൽ പീറ്ററിന്റെ മക്കളും.

തൊട്ടു താഴെയായി ആൻ രാജകുമാരിയുടെ മകൾ സാറയും അതിനു താഴെ അവരുടെ മകൾ മിയ ഗ്രേസും വരുന്നു. സാറയുടെ മറ്റ് മക്കളായ ലെന, ലൂക്കാ എന്നിവർ അവസാന സ്ഥാനങ്ങളിൽ ഇടം പിടിച്ചിരിക്കുന്നു.